ചോദ്യം: എല്ലാ അനുമതിയും കിട്ടിയെന്ന് വിമാനത്താവള കമ്പനി പറയുന്നു. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന് സൗകര്യമൊരുക്കുകയല്ലേ വേണ്ടത്? -ഇബ്രാഹിംകുട്ടി, പന്തളം.
ഉത്തരം: എല്ലാ അനുമതിയും കിട്ടിയെന്നത് കെ.ജി.എസ്.ഗ്രൂപ്പും മുഖ്യമന്ത്രിയും നടത്തുന്ന കള്ളപ്രചരണമാണ്. പ്രതിരോധവകുപ്പ് മന്ത്രി എ.കെ.ആന്റണി നാടിന്റെ സുരക്ഷ കണക്കിലെടുത്ത് അനുമതി നല്‍കാനാവില്ലെന്ന് ആദ്യം പറഞ്ഞു. ഐഎന്‍എസ് ഗരുഡയുടെ വ്യോമാതിര്‍ത്തിയില്‍ പെട്ട ആറന്മുളയില് വിമാനത്താവളമുണ്ടായാല്‍ അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പറഞ്ഞ മന്ത്രി വെറും 20 ദിവസംകൊണ്ട് അഭിപ്രായം മാറ്റി അനുമതിയും നല്കി.
വ്യോമയാന വകുപ്പ് മന്ത്രിയായിരുന്ന വയലാര്‍ രവി ആദ്യം പറഞ്ഞത് അനുമതി നിഷേധിച്ചുവെന്നാണ്. ഇപ്പോള്‍ പറയുന്നു, താവളമാകാമെന്ന്. മലയാളികളായ ഈ രണ്ട് കേന്ദ്രമന്ത്രിമാരും യാതൊരു കാരണവും കൂടാതെ തങ്ങളുടെ നിലപാടുകള്‍ തിരുത്തിയത് ബാഹ്യസമ്മര്‍ദ്ദം മൂലം നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ചെയ്തുപോയ അപരാധമാണെന്ന് നാളെ അവര്‍ക്ക് സമ്മതിക്കേണ്ടിവരും. പക്ഷേ കേന്ദ്ര പരിസ്ഥിതി മന്ത്രി നാളിതുവരെ ഉറച്ചതും ധീരവുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അപ്രൈസല്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടും ക്ലിയറന്‍സ് (എന്‍ഒസി)കൊടുക്കാന്‍ പരിസ്ഥിതി മന്ത്രാലയം തയ്യാറായിട്ടില്ല. സുപ്രധാനമായ ഈ രേഖ ലഭിക്കാന്‍ കമ്പനിയും എംപി ആന്റോ ആന്റണിയും പി.ജെ.കുര്യനും ദല്‍ഹിയില്‍ സര്‍വശക്തിയും സ്വാധീനവും ഉപയോഗിച്ചുവരുന്നു. പണത്തിന്റേയും അധികാരത്തിന്റേയും സമ്മര്‍ദ്ദത്തിന് മുന്നില്‍ മുട്ടുമടക്കുമോ എന്ന് കാത്തിരുന്ന് കാണാം. അനുമതി വാങ്ങുക എന്നത് പണവും അധികാരവും സ്വാധീനവുമുള്ള കെജിഎസിന് ഒരു പ്രശ്നമല്ല. വേണ്ടി വന്നാല്‍ ഭരണഘടന ഭേദഗതിചെയ്ത് വിമാനത്താവളം നിര്‍മിക്കാനുള്ള അനുമതി അവര്‍ നേടിയേക്കാം. പക്ഷേ ജനങ്ങളുടെ ഹിതവും അനുമതിയും നേടാന്‍ കമ്പനിക്കാവില്ല. അവരുടെ ഇച്ഛാശക്തി വിലയ്ക്കു വാങ്ങാനാവില്ല.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതികളൊന്നും നാളിതുവരെ കിട്ടിയിട്ടില്ല. ഒരു പെട്ടിക്കട വെക്കാന്‍ പാവപ്പെട്ടവന് പഞ്ചായത്താഫീസും വില്ലേജാഫീസും കയറിയിറങ്ങി എത്രനാള്‍ നടന്നാലാണ് അനുമതി കിട്ടുക? പക്ഷേ 2500 കോടി രൂപയുടെ മെഗാ പ്രോജക്ടായ ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള ഒരു ഉത്തരവും സംസ്ഥാന-ജില്ലാ-താലൂക്ക്-പഞ്ചായത്ത് വില്ലേജ് ഭരണകൂടങ്ങള്‍ നല്‍കിയിട്ടില്ല. നെല്‍വയല്‍ നികത്തണമെങ്കില്‍ പഞ്ചായത്ത് റവന്യൂ അധികാരികളുടെ അനുമതി വേണം. അതുണ്ടായില്ല. ഏത് പ്രോജക്ടിനും അനുമതി തേടി അപേക്ഷ നല്കുമ്പോള് സ്കെച്ച്, പ്ലാന്‍, എസ്റ്റിമേറ്റ്, പ്രോജക്ട് റിപ്പോര്‍ട്ട്, ഫീസിബിലിറ്റി (സാധ്യതാപഠനം) റിപ്പോര്‍ട്ട്, ബാങ്ക് ലോണ്‍ അനുമതി തുടങ്ങിയവ നല്‍കണം. അതൊന്നുമില്ലാതെ വെറുംപത്രസമ്മേളനവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും മാത്രം നടന്നു. പദ്ധതി പ്രദേശത്തിന്റെ നാലതിരുകള്‍ എവിടെ എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.
തത്വത്തില്‍ അംഗീകരിക്കുകയും ഭൂമി സ്വന്തമായി കണ്ടെത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തുകൊണ്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടിരുന്നു. 350 ഏക്കര്‍ സ്വന്തമായുണ്ടെന്ന തെറ്റായ വിവരം നല്‍കിയാണ് കമ്പനി മന്ത്രിസഭയെക്കൊണ്ട് തീരുമാനമെടുപ്പിച്ചത്. തീരുമാനം ഒരു ക്ലിയറന്‍സോ എന്‍ഒസിയോ അല്ല. മറിച്ച് ഒരു പ്രാഥമിക നടപടി മാത്രം. എന്നാല്‍ മന്ത്രിസഭയെ അറിയിക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വ്യവസായ സെക്രട്ടറി മനഃപൂര്‍വം ആറന്മുള ഒരു വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. രണ്ടായിരം ഏക്കര്‍ ഭൂമിയുടെ സര്‍വെ നമ്പര്‍ ചൂണ്ടിക്കാട്ടി കെജിഎസ് ഗ്രൂപ്പ് നല്കിയ അപേക്ഷ അതേപടി അംഗീകരിക്കുകയായിരുന്നു. 500 ഏക്കര്‍ എന്ന് ഉത്തരവിലും രേഖപ്പെടുത്തി.
കൂടെയുണ്ടായിരുന്ന ലിസ്റ്റില്‍ 2000 ഏക്കര്‍ സ്ഥലത്തിന്റെ സര്‍വെ നമ്പരും. ബാലകൃഷ്ണ-കെജിഎസ് അച്ചുതണ്ട് സമര്‍ത്ഥമായി നടത്തിയ കരുനീക്കങ്ങളുടെ ഫലമാണ് ഈ നോട്ടിഫിക്കേഷന്‍. ഈ ഒരു രേഖ മാത്രമാണ് കമ്പനിക്ക് പൊക്കിപ്പിടിക്കാനുള്ളത്. ഒരിഞ്ചുഭൂമിപോലുമില്ലാത്ത വന്‍ കോര്‍പറേറ്റ് കമ്പനി എങ്ങനെയാണ് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനവും രണ്ട് കേന്ദ്രമന്ത്രാലയങ്ങളുടെ അനുമതിയും സമ്പാദിച്ചത് എന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ല.
ചോദ്യം: 500 ഏക്കര്‍ മാത്രമേ വിമാനത്താവളത്തിന് വേണ്ടൂ എന്നും ഒരു വീടുപോലും പൊളിച്ചുമാറ്റപ്പെടില്ലെന്നും കമ്പനി പറയുന്നത് വിശ്വസിച്ച് അവരുമായി സഹകരിക്കുകയല്ലേ വേണ്ടത്? -എസ്.എസ്.പോറ്റി, റാന്നി.
ഉത്തരം: പച്ചക്കള്ളം എത്ര ആവര്‍ത്തിച്ചും സത്യമാകില്ല. 500 ഏക്കര്‍ കൊണ്ട് ഒരു ദേശാന്തര വിമാനത്താവളം ഉണ്ടാക്കാനാവില്ല. നെടുമ്പാശ്ശേരിയും തിരുവന്തപുരവും 1300 ഏക്കറോളം ഉണ്ട്. റണ്‍വേക്ക് മാത്രം നാല് കി.മീറ്റര്‍ നീളവും ഒരു കി.മീറ്റര്‍ വീതിയും വേണം. വിമാനത്താവളത്തിന്റെ സമീപസ്ഥലങ്ങള്‍ ഒഴിവാക്കിയിടണം. കമ്പനി പത്രസമ്മേളനങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ളത് ആറന്മുളയില് ‘എയറോ ട്രോപോളിസ്’ പണിയുമെന്നാണ്. അമേരിക്കയില്‍ പരീക്ഷിച്ചതും ഇന്ത്യയില്‍ ആദ്യമായി പരീക്ഷിക്കാന്‍ പോകുന്നതുമായ മെഗാ പ്രോജക്ടാണിത്. ഒരു ഗ്രാമത്തില്‍ ആദ്യം ഒരു വിമാനത്താവളം. ഇതിനെ കേന്ദ്രീകരിച്ച് ചുറ്റും വലിയൊരു വ്യവസായ വാണിജ്യ വ്യാപാര സമുച്ചയം. മൊത്തം 3000 ഏക്കര്‍ വേണ്ടിവരും. അതായത് ആറന്മുള എന്നൊരു ഗ്രാമം പൂര്‍ണമായും തുടച്ചുമാറ്റപ്പെടും. ഇതെല്ലാം വിസ്മരിച്ചും തമസ്ക്കരിച്ചും ആണ് ഇപ്പോള്‍ 500 ഏക്കര്‍ മതിയെന്ന് ആവശ്യം ഉന്നയിക്കുന്നത്.
ഒരു വീടുപോലും കുടിയൊഴിപ്പിക്കില്ലെന്ന് കമ്പനി പറയുന്നു. അങ്ങനെയെങ്കില്‍ കമ്പനി വേണ്ട സ്ഥലത്തിന്റെ അതിര്‍ത്തി വ്യക്തമാക്കട്ടെ. എങ്കിലല്ലേ തങ്ങളുടെ വീട് അതിരിന് പുറത്താണോ എന്ന് തദ്ദേശവാസികള്‍ക്ക് പറയാനാകൂ. ഇപ്പോള്‍ ഏവരുടേയും കൈവശമുള്ള രേഖ വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം മാത്രമാണ്. ഇതുപ്രകാരം മേഖലയില്‍ 2000 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലങ്ങളുടെ സര്‍വേ നമ്പരുകള്‍ ഉണ്ട്. ഏറ്റവും ചുരുങ്ങിയത് 400 വീടെങ്കിലും പെടും. എല്ലാവരും വിറ്റുപോകുമെന്ന് കരുതിയാണ് കെജിഎസ് കമ്പനി ആരെയും കുടി ഒഴിപ്പിക്കില്ലെന്ന് വ്യക്തമാക്കിയത്. മരിക്കേണ്ടി വന്നാലും കോടികള്‍ തന്നാലും പൂര്‍വികര്‍ നല്കിയ പുരയും പുരയിടവും ഉപേക്ഷിച്ച് സ്ഥലം വിടില്ലെന്നും പൈതൃകം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്നും ഉള്ള ഉറച്ച തീരുമാനത്തിലാണ് ആറന്മുളയുടെ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: