ആലപ്പുഴ: ഈമാസം 20, 21 തീയതികളില്‍ ബിഎംഎസ് ഉള്‍പ്പെടെയുള്ള 11 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുമെന്ന് ‘ബെഫി’ ജനറല്‍ സെക്രട്ടറി പ്രദീപ് ബിശ്വാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഏറ്റവും പ്രധാന ആവശ്യം വിലക്കയറ്റം തടയുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കരുത് എന്നതാണ് രണ്ടാമത്തെ ആവശ്യം. ബാക്കി എട്ട് മുദ്രാവാക്യങ്ങളും തൊഴിലാളികളുടെ സേവന-വ്യവസ്ഥകളുമായി ബന്ധപ്പെട്ടവയാണ്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ ഈ പണിമുടക്കില്‍ അണിചേരുമ്പോള്‍ ബാങ്കുകളുടെ ഉടമസ്ഥത, സുസ്ഥിരത, ഇടപാടുകാരുടെ നിക്ഷേപ ഭദ്രത, ഏറിവരുന്ന കിട്ടാക്കടങ്ങള്‍, ചെറുകിട വായ്പാ നിഷേധം, തൊഴില്‍ ശേഷിയില്‍ സംഭവിക്കുന്ന ഭയാനകമായ ഇടിവ് എന്നീ വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരും.
ബാങ്കുകളുടെ ഉടമസ്ഥത സര്‍ക്കാര്‍ കൈവെടിയുകയാണ്. വില്‍ക്കുന്ന ഓഹരികള്‍ ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും വാങ്ങാം. ഓഹരിയുടമകളുടെ വോട്ടവകാശ പരിധി ഉയര്‍ത്തി മേലില്‍ കൂടുതല്‍ ഓഹരി കൈവശമുള്ളവര്‍ക്ക് ബാങ്ക് ഭരിക്കാം. സ്വകാര്യ ബാങ്കുകളായാല്‍ ഇഷ്ടമുള്ളവരെ നിയമിക്കാം. സംവരണം പാലിക്കേണ്ടതില്ല. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടാനുസരണം വായ്പ അനുവദിക്കാം. ഇഷ്ട ജനങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളാം. ഇടപാടുകാരുടെ നിക്ഷേപമാണ് ഓഹരി ചൂതാട്ടത്തിന് തിരിച്ചുവിടുന്നതെന്നും പ്രദീപ് ബിശ്വാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: