വെള്ളിവെളിച്ചത്തിലെ മായകാഴ്ച്ചകളെ മനസ്സില്‍ കൊണ്ടുനടക്കുന്ന നാം മറന്നു പോകുന്ന ചിലമുഖങ്ങളുണ്ട്, അതില്‍ നിരവധിപ്പേര്‍ മണ്‍മറഞ്ഞുപോയെങ്കിലും ചിലര്‍ ആര്‍ക്കും വേണ്ടാതെ മരണം കാത്തുകിടക്കുന്നുണ്ട്. അത് ആരുംകാണുന്നില്ലെന്നുമാത്രം. കാണുന്നില്ല എന്നല്ല കണ്ടില്ലെന്നഭിനയിക്കുകയാണിവിടെ. എത്രയോ സിനിമകളിലൂടെ, എത്രയെത്ര കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ആസ്വാദകരെ വിസ്മയിപ്പിച്ചതാണ് സാന്റോ കൃഷ്ണന് എന്ന ഈ മനുഷ്യന്. എന്നിട്ടും എത്രപേരുടെ ഓര്‍മയിലുണ്ട് ഈ കലാകാരന്. സാന്റോ കൃഷ്ണന് എന്ന കൃഷ്ണനെ നാം മറന്നുപോയി. ഓര്‍ത്തിരുന്നെങ്കില്‍ ഒരുകാലത്തെ താരമായിരുന്ന ആ മനുഷ്യനിന്ന് അനാഥനാവില്ലായിരുന്നു.
കാലത്തിന്റെ ചടുലതയാര്‍ന്ന വേഗത്തില്‍ ഓര്‍മകള്‍ മാഞ്ഞുപോയെങ്കിലും സാന്റോ കൃഷ്ണനിന്നും സിനിമ എന്നു കേള്‍ക്കുമ്പോള്‍ വാര്‍ദ്ധക്യം തളര്‍ത്തിയ മുഖത്തില്‍ ഒരു തെളിച്ചം കാണാം. പഴയകാലത്തിന്റെ ആ പ്രൗഢി ഒരിക്കലും മറക്കാനാവില്ല എന്നുതന്നെയാണ് അതിനര്‍ത്ഥം. ഒരിക്കലും കഴിഞ്ഞുപോയ സിനിമജീവിതം തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും 94-ാം വയസ്സിലും അദ്ദേഹം ഒരിക്കല്‍കൂടെ സനിമയില്‍ അഭിനയിക്കാനുള്ള മോഹം മറച്ചു വയ്ക്കുന്നില്ല.
ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളില്‍ നടനായും വില്ലനായും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയ നടനായിരുന്നു സാന്റോ കൃഷ്ണന്. അതില്‍ ഏറ്റവും പ്രസിദ്ധമായത് ഭക്തഹനുമാനായിരുന്നു. അതില്‍ ഹനുമാനായി വേഷമിട്ട സാന്റോയുടെ അഭിനയം ഏറെ ജനശ്രദ്ധ പിടിച്ചുപട്ടിയിരുന്നു. 70 വര്‍ഷത്തെ സിനിമാജീവിതത്തില്‍ പലതും സാധിച്ചെങ്കിലും ഇന്ന് ഓര്‍മിക്കുവാനായി ഒന്നും തന്നെയില്ല.. നടന് എന്നതിലുപരി സ്റ്റണ്ടുമാസ്റ്റര്‍ എന്ന നിലക്കാണ് അദ്ദേഹം ഏറെ പ്രശസ്തനായത്. സ്റ്റണ്ടുമാസ്റ്റെറെന്ന നിലക്ക് അദ്ദേഹത്തിന്റെ വളര്‍ച്ച വളരെപ്പെട്ടന്നായിരുന്നു. ബോക്സിങ്, വെയ്റ്റ് ലിഫ്റ്റിങ്, കളരിപ്പയറ്റ്, ചിലമ്പാട്ടംതുടങ്ങി നിരവധി ആയോധനകലകളില്‍ അദ്ദേഹം നൈപുണ്യം നേടിയിരുന്നു. വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഒരുതവണ ചാമ്പ്യനുമായിരുന്നു അദ്ദേഹം. ഏഴാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന സാന്റോ ഡയലോഗുകള്‍ മനഃപാഠം ചെയ്താണ് പറഞ്ഞിരുന്നത്. വാര്‍ദ്ധക്യം ഓര്മ മായിച്ചെങ്കിലും ഗുരുക്കന്മാരുടെ പേരുകള്‍ അദ്ദേഹം മറന്നിട്ടില്ല. സ്റ്റണ്ടു മാസ്റ്റര്‍ സോമു, വി. കെ. ആചാര്യ തുടങ്ങിയവരെക്കുറിച്ച് എന്നും പറഞ്ഞുകൊണ്ടിരിക്കും. തനിക്കറിയാവുന്ന എല്ലാ വിദ്യകളും അവര്‍ക്കും പകര്ന്നുനല്കിയെങ്കിലും അവസാനം എല്ലാവരും തന്നെ വഞ്ചിക്കുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു.
15-ാം വയസ്സില്‍ അഭിനയജീവിതം ആരംഭിച്ച സാന്റോയെ ത്തേടി പേരും പ്രശസ്തിയും എത്തിയെങ്കിലും ഇന്നലെകള്‍ മറയുമ്പോള്‍ സാന്റോ കൃഷ്ണനെന്ന വലിയ കലാകാരന് ഇന്ന് വേദനകള്‍ക്ക് നടുവിലാണ്. ഒരു പക്ഷേ കലാകാരന്മാര്ക്ക് സിനിമാലോകം നല്‍കുന്നത് ഇതുതന്നെയായിരിക്കുമോ.
ചെറുപ്രായത്തില്‍ നാടും വീടും വിട്ട് തുടങ്ങിയ യാത്ര അവസാനിച്ചത് സിനിമയുടെ മായാനഗരിയായ മദ്രാസിലായിരുന്നു. പിന്നീട് പലഭാഷകള്‍ കടന്ന് നടനെന്ന നിലയിലെ വളര്‍ച്ചയായിരുന്നു. അവിടെ പരിചയപ്പെട്ട തിക്കുറിശ്ശി സുകുമാരനുമായുള്ള ബന്ധം പിന്നീട് സൗഹൃദമായി. ഇത് അദ്ദേഹത്തിന്റെ മലയാള സിനിമയിലേക്കുള്ള വഴിതെളിച്ചു. നിരവധിപ്പേരുടെകൂടെ അഭിനയിച്ചെങ്കിലും ഒരാളുമിന്ന് അദ്ദേഹത്തെ തിരിഞ്ഞുനോക്കുന്നില്ല. വിവിധഭാഷകളിലായി രണ്ടായിരത്തിലധികം സിനിമകള്‍ ചെയ്തെങ്കിലും വാര്‍ദ്ധക്യം ഓര്‍മകള്‍ മായ്ക്കുമ്പോള്‍ എത്ര സിനിമയില്‍ അഭിനയിച്ചെന്ന് പറയാനാകുന്നില്ല. ഒരുകാലത്ത് കൈനിറയെ സിനിമകളും പണവും ഉണ്ടായിരുന്നെങ്കിലും ഇന്നുപക്ഷേ രോഗവും വേദനയുമല്ലാതെ വേറൊന്നും കൂട്ടായില്ല.
ആരോഗ്യം ഉള്ളിടത്തോളംകാലം അഭിനയിക്കണമെന്നതായിരുന്നു ആഗ്രഹം. .പ്രായം പരിക്കേല്‍പ്പിച്ചപ്പോഴും ഇന്നലെവരെയും കൊച്ചുകൊച്ചു വേഷങ്ങളുമായി സിനിമയോടൊപ്പം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മീശമാധവനായിരുന്നു അവസാനമായി അഭിനയിച്ച സിനിമ. ദിവസങ്ങള്‍ക്ക് മുമ്പ് വീണ് പരിക്കുപറ്റിയ ശരീരം ഉയര്‍ന്നുനില്‍ക്കാന്‍ പരസഹായം വേണം.
എത്രയോ പണമുണ്ടാക്കി, അത് പലര്‍ക്കും നല്കി എന്നിട്ടവസാനം തിരിഞ്ഞുനോക്കാന്‍ ഒരാളുമില്ല. പുത്രഭാഗ്യം ഉണ്ടായെങ്കിലും അത് അനുഭവിക്കാന്‍ അവസരമുണ്ടായില്ല. രണ്ടുനാട്ടിലാണ് ഇരുവരും. ഏതൊരു പ്രായമായ മാതാപിതാക്കള്‍ക്കും ഈയൊരു പ്രായത്തില്‍ ഇത്തരമൊരു ഒറ്റപ്പെടല്‍ താങ്ങാനാവില്ല. രണ്ടാമത്തെ ഭാര്യയിലുണ്ടായ ഏക മകനെ പഠിപ്പിച്ച് നല്ലനിലയിലാക്കി, ഇന്‍സ്പെക്ടറായി ജോലിയില്‍നിന്നും വിരമിച്ച് മദ്രാസില്‍ സ്ഥിരതാമസമാക്കിയ മകന്റെ കൂടെ പോയി താമസിച്ചെങ്കിലും പിന്നീട് തിരിച്ചു വരികയായിരുന്നു. തന്നെക്കുറിച്ച് അവര്‍ക്ക് ഒരു ചിന്തയുമില്ല, അവരോട് വരാന്‍ പറഞ്ഞെങ്കിലും വരാം വരാം എന്ന് പറയുകയല്ലാതെ ഇതുവരെ കാണാന്‍ വന്നിട്ടില്ലെന്ന് നിറകണ്ണുകളോടെ സാന്റോ ഓര്‍ക്കുന്നു.ഈടും ഉറപ്പുമില്ലാതെ തകര്‍ന്നുവീഴാറായ വീട്ടില്‍ തനിച്ചാണീ കലാകാരന്. മാസങ്ങള്‍ക്കുമുമ്പ് ഭാര്യയും മരിച്ചു. അയല്‍വക്കത്തെ ഹനീഫയും കുടുംബവുമാണ് ഇപ്പോഴാകെയുള്ളൊരു കൈത്താങ്ങ്. സാന്റോയെ നോക്കുന്നതും ഭക്ഷണം നല്‍കുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ഹനീഫയുടെ കുടംബമാണ്. സാന്റോക്ക് ഹനീഫ തന്റെ മകനാണ്. രക്തബന്ധത്തെക്കാളും എത്രയോ ദൃഢമാണ് ഇവരുടെ ബന്ധം. കൈനിറയെ ചിത്രങ്ങളുമായി താരപരിവേഷത്തോടെ ജീവിക്കുകയും രോഗപീഡകളാല്‍ വലഞ്ഞ് വാര്‍ദ്ധക്യത്തിന്റെ തീരാ അവശതകളുമായി ഒരുമനുഷ്യന്. അദ്ദേഹത്തിന്റെ സമ്പാദ്യപ്പെട്ടിയിലിന്നുള്ളത് ഒറ്റപ്പെടലിന്റെയും അവഗണനയുടെയും കണ്ണുനീര്‍ത്തുള്ളികള്‍. സാന്റോ കൃഷ്ണനിന്ന് അല്‍പ്പം ആശ്വാസമായുള്ളത് അമ്മ സംഘടനയുടെ ചെറിയൊരു പെന്ഷന് മാത്രമാണ്.
അഭിനയം മടുത്തിട്ടല്ല സാന്റോ സിനിമ വിട്ടത്,ശരീരം അതു വഴങ്ങാത്തതുകൊണ്ടുമാത്രമാണ് സിനിമാ ലോകത്തോട് അദ്ദേഹം വിടപറഞ്ഞത്. എല്ലാ ദുഖങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും ശാശ്വതമായൊരു പിരഹാരം, പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു അവശകലാകാരന്റെ പ്രാര്‍ത്ഥന അത് മരണത്തിന് വേണ്ടിയാണ്. മരണം എല്ലാത്തിനുമൊരു ശാശ്വത പരിഹാരമാണെന്ന് അദ്ദേഹം കരുതിക്കാണും. സിനിമാലോകത്തിന്റെ ശ്രദ്ധയുണ്ടായാല്‍ കാരുണ്യസ്പര്‍ശത്തിന്റെ വാതില്‍ തുറക്കപ്പെട്ടാല്‍ അനാഥനായ ഈ കലാകാരന്റെ ജീവിതം സനാഥമാകും. കലാകേരളം നടനെന്ന ഈ മനുഷ്യനെ ഇനിയെങ്കിലും കണ്ടില്ലെന്നു നടിക്കരുത്.
** സിജ പി.എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: