കരിപുരണ്ട ജീവിതം എന്ന് നമ്മള് പൊതുവെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അതിങ്ങനെ കാണാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ മേലില്‍ എന്താണ് കരിപുരണ്ട ജീവിതം എന്ന് അറിഞ്ഞുവെക്കുന്നത് നന്നായിരിക്കും. എന്തൊക്കെ പഠിച്ചാലും പകര്‍ത്തിയെഴുതിയാലും പറഞ്ഞുകൊടുത്താലും ശ്രുതം എന്ന സംഗതി (പ്രസന്‍സ് ഓഫ് മൈന്‍ഡ് എന്നോ മറ്റോ ആംഗലേയം) ഇല്ലെങ്കില്‍ ഏത് ഐഎഎസ് പാസ്സായിട്ടും കാര്യമില്ല. ശരീരത്തില്‍ കരിപുരണ്ടതുതന്നെ. പാവം ഐഎഎസ്സുകാരന് അറിയുന്നില്ലല്ലോ എന്തൊക്കെ കളികള്‍ക്കാണ് താന്‍ വശംവദനാവുന്നതെന്ന്. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്തന്മാരുടെ തൊട്ടുപിന്നിലുള്ള വിദ്വാന്മാര് ഹയര്‍സെക്കന്ററി ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേരെ കരി ഓയില്‍ പ്രയോഗം നടത്തിയത്. മനസാവാചാ ഫീസ് കൂട്ടണമെന്ന് മേപ്പടി ഐഎഎസ്സുകാരന് കരുതിയിട്ടുണ്ടാവില്ല.
പച്ചവെള്ളംപോലും നല്ലപോലെ ചവച്ചരച്ച് കഴിക്കുന്ന പാവം കെഎസ്യുക്കാര്‍ക്ക് ഇതെന്തു പറ്റിയെന്നാണ് നാട്ടുകാരുടെ ചോദ്യം. വാസ്തവത്തില്‍ കരിപുരണ്ടത് കേശവേന്ദ്രകുമാറിന്റെ ശരീരത്തല്ല. മറിച്ച് നമ്മുടെ ഉമ്മന്‍ചാണ്ടിയുടെ ഭരണദേഹത്താണ്. സ്വന്തം പാര്‍ട്ടിക്കാരുടെ വികാരംപോലും ശമിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ കരിപുരണ്ടുപോയ ഭരണമായിരിക്കുന്നു എന്നതിന് ഇതില്‍ക്കൂടുതല്‍ എന്തു തെളിവുവേണം? പ്രാകൃതസമരമെന്നും പ്രതിഷേധിക്കേണ്ടതാണെന്നും മറ്റും ചൂണ്ടിക്കാട്ടി വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തുണ്ട്. ഇക്കാര്യത്തില്‍ ഒരു ചെറിയ സംശയം ജനങ്ങള്‍ക്കുണ്ട്. ലീഗ് മന്ത്രിയോടുള്ള കോണ്‍ഗ്രസ് അരിശം കെഎസ്യുക്കാരെക്കൊണ്ട് തീര്‍ത്തതാണോ എന്ന്. നേരെ ചൊവ്വേ എന്തെങ്കിലും ചെയ്താല്‍ പിന്നെ ചെയ്യാന്‍ അവസരമേ ഉണ്ടാവില്ലെന്ന് അറിയാവുന്നതുകൊണ്ടുമാവാം. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുട്ചോറ് മാന്തിക്കുക എന്നു കേട്ടിട്ടില്ലേ, അതുതന്നെ. എന്തായാലും ഐഎഎസ് പരീക്ഷാ നടത്തിപ്പുകാര്‍ കരിഓയില്‍ പ്രയോഗത്തിന്റെ പശ്ചാത്തലം മനസ്സിലാക്കി സിലബസ്സില്‍ ആവശ്യമായ മാറ്റം വരുത്തണമെന്ന എളിയ അഭ്യര്‍ത്ഥനയുണ്ട്.
കേശവേന്ദ്രകുമാറിന്റെ സര്‍വീസ് സ്റ്റോറിയില്‍ തിളക്കമാര്ന്നുകിടക്കാന് യോഗ്യതയുള്ള കരി ഓയില്‍ പ്രയോഗത്തിന്റെ പ്രയോക്താക്കള്‍ക്ക് ഒരു നല്ല നമസ്കാരം.
യശോദയുടെ മുമ്പാകെ വിശ്വരൂപം കാണിച്ച പാര്ഥസാരഥിയെക്കുറിച്ച് നമുക്ക് ഏറെ കേട്ടറിവുണ്ട്. ദശാവതാര കഥകളുമായി വന്ന് ഇപ്പോള്‍ വിശ്വരൂപത്തില്‍ എത്തിനില്‍ക്കുന്ന വിശ്വനടന്‍ കമലഹാസനെക്കുറിച്ചും നമ്മള് ഒരുപാട് കേട്ടിരിക്കുന്നു. കലാകാരന്റെ കാഴ്ചക്കൊപ്പം സാധാരണക്കാര്‍ക്ക് നില്ക്കാന് അല്‍പ്പം പ്രയാസമാണ്. രണ്ടും രണ്ടു സംസ്കാരമായതുകൊണ്ടല്ല. രണ്ടും രണ്ടു വഴികളാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിരുകള്‍ പാടില്ലെന്ന് പറയുന്നവരും ഏതെങ്കിലും ഒരതിരില്നിന്നേ മതിയാവൂ. അതൊന്നും അറിയാത്ത ആളല്ല കമലഹാസന്. എന്തുതന്നെ ആയാലും ടിയാന്റെ വിശ്വരൂപം എന്ന സിനിമ വിവാദം വിളിച്ചു വരുത്തുകയുണ്ടായി. അതിന്റെ അലയൊലികള്‍ നമ്മുടെ കൊച്ചു കേരളത്തിലും കേട്ടു. ഒരുപദ്രവവും ചെയ്യാത്ത ബാമിയാന്‍ പ്രതിമകളെ നിലംപരിശാക്കിയ തീവ്രവിശ്വാസക്കാരുടെ ചിന്നരൂപങ്ങള്ക്ക് ഇവിടെയും വേണ്ടത്ര പിടിപാടുകളുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഈ പശ്ചാത്തലത്തില്‍ വിശ്വരൂപത്തെ നോക്കിക്കാണുന്നു മാധ്യമം ആഴ്ചപ്പതിപ്പും (ഫെബ്രു.11) കേരളശബ്ദം വാരിക (ഫെബ്രു.17)യും കലാകൗമുദിയും. വിശ്വരൂപത്തിന്റെയു ള്ളില്‍ കലയാണോ കലാപമാണോ എന്നറിയാന്‍ അത് കാണുകതന്നെ വേണം. വാലും മൂടും കണ്ട് അഭിപ്രായം പറയുന്നത് പണ്ടത്തെ കുരുടന്മാരുടെ അവസ്ഥയാണുണ്ടാക്കുക. വിശ്വനടനായി മാറിയ കമലഹാസനെ സംബന്ധിച്ച് ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. ആത്മാര്‍ത്ഥതയുള്ള കലാകാരന് കലാപം വിതയ്ക്കാന്‍ കൈ പൊങ്ങില്ല. കലാപത്തിന് കണ്ണില്ല, കത്തുന്ന ക്രൗര്യമേയുള്ളൂ എന്ന് തിരിച്ചറിയുന്നതില്‍ മുമ്പില്‍ നില്ക്കുന്നവര് കലാകാരന്മാര് തന്നെ. പക്ഷേ, ഏതു കലയിലും നിങ്ങള്‍ക്ക് കലാപത്തിന്റെ വൈറസ്സുകളെ അടവെച്ച് വിരിയിക്കാന്‍ കഴിയും. അത് കല കാണുന്നവരുടെ, അനുഭവിക്കുന്നവരുടെ സംസ്കാരമാണ്.
കലാകൗമുദിയില്‍ ഈ വിഷയം മുന്‍നിര്‍ത്തി ദിപിന് മാനന്തവാടി ഹമീദ് ചേണ്ടമംഗലൂരുമായി സംസാരിക്കുന്നു. തലക്കെട്ട് ഇങ്ങനെ: മൗലികവാദികളുടെ വിശ്വരൂപം. കൈവെട്ടും ഊരുവിലക്കും കൊല്ലാക്കൊലയും ചേര്‍ന്ന ക്രൂരതയുടെ വിളയാട്ടങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ളത് നമ്മുടെ പ്രബുദ്ധകേരളത്തിലാണെന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്മവെക്കുക. ഇനി ഹമീദ് ചേണ്ടമംഗലൂരിലേക്ക്: ഇസ്ലാമിനെ ബന്ധപ്പെടുത്തി എന്ത് വിമര്‍ശനമുണ്ടായാലും ഉടന്‍ അതെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്ന് വ്യാഖ്യാനിക്കുന്ന നിലപാട് അടുത്തിടെ ശക്തിപ്പെട്ടുവരുന്നുണ്ട്. ഇതൊരു സ്ഥിരം പല്ലവിയാക്കി ചില ആളുകള്‍ മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ സേനയുടെ ക്രൂരതകളും ഭീകരരുടെ ക്രൗര്യവും അതേ തീവ്രതയോടെ സിനിമയില്‍ കാണിക്കുന്നുണ്ട്. അല്ലാതെ ഈ ചിത്രത്തിലൊരിടത്തും അമേരിക്കയെ പവിത്രമായി ചിത്രീകരിച്ചിട്ടില്ല. താലിബാന്റെ നിലപാടുകള്‍ തിന്മയാണ്.
അതുപോലെതന്നെ ഭീകരരെ സൃഷ്ടിക്കുന്ന അമേരിക്കന്‍ ക്രൂരതയും തിന്മയാണെന്നാണ് വിശ്വരൂപം പറഞ്ഞുവെക്കുന്നത്. ഇപ്പറഞ്ഞുവെക്കുന്നതൊന്നും തങ്ങള്‍ക്ക് വേണ്ടെന്ന് ശഠിച്ച് കത്തിയും ബോംബും തോക്കുമായി തെരുവിലിറങ്ങിയാല്‍ ആരാണ് ജയിക്കുക? മതമോ, മാനവികതയോ? ക്ഷമിക്കണം മതഭ്രാന്തന്മാര്ക്കെന്ത് മാനവികത!
അതേസമയം മാധ്യമം ആഴ്ചപ്പതിപ്പില്‍ ലേഖനം കോറിയിട്ട അന്‍വര്‍ അബ്ദുള്ളയുടെ അഭിപ്രായം ഇങ്ങനെയല്ല. വിശ്വാസരൂപങ്ങളുടെ വിരുദ്ധബിംബങ്ങള്‍ എന്ന കുറിപ്പില്‍ കണ്ണാടിബിംബ പ്രതീതിയല്ല, കാചബിംബ പ്രതീതിയാണ് കലയോ ഇതരവിനിമയ സംവിധാനങ്ങളോ അനുവാചകനില്‍ സൃഷ്ടിക്കുക എന്ന് ചൂണ്ടിക്കാട്ടുന്നു അദ്ദേഹം. മൊത്തം വിശാല കാഴ്ചപ്പാടിനൊപ്പം നില്ക്കുന്നു എന്ന പ്രതീതി ഉയര്‍ത്തി അസഹിഷ്ണുതയുടെ ആറാംരാവില് പുളച്ചുതിമിര്ക്കുന്ന മാധ്യമത്തിന് പറ്റിയ വിഭവമാണിത്. പുതിയ ബ്ലേഡ്കൊണ്ട് മുറിയുന്നത് ചോരപൊടിയുമ്പോഴേ അറിയൂ എന്നതുപോലെയാണ് അവരുടെ രീതി. അന്‍വര്‍ അബ്ദുള്ളയിലേക്ക്: ചിത്രം പലകാരണങ്ങളിലും അമേരിക്കയുടെ യുദ്ധക്കൊതിയെയും മതതീവ്രവാദത്തിന്റെ പേരില്‍ ഇസ്ലാമിനെതിരെ അവര്‍ ഉയര്‍ത്തുന്ന അക്രമവാഞ്ഛയെയും ആഗോളവ്യാപകമായി അവര്‍ ഉയര്‍ത്തുന്ന ഇസ്ലാമോഫോബിയയെയും അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നുണ്ട്. ആ പിന്തുണയെയാണ് വിശ്വാസികള്‍ ചോദ്യംചെയ്യുന്നത് എന്ന് സമാധാനപ്പെടുകയാണ് അന്‍വര്‍ അബ്ദുള്ളയും അതുവഴി മാധ്യമവും അവര്‍ പ്രതിനിധീകരിക്കുന്നവരും. ഹമീദ് ചേണ്ടമംഗലൂരിലേക്കെത്താന് അന്‍വറും സംഘവും ഇനിയും ഒരുപാട് യാത്രചെയ്യേണ്ടതുണ്ട്. കാലുഷ്യമില്ലാത്ത കരളില്‍ ഒരുപാട് സ്നേഹമന്ത്രങ്ങള് ഉരുവിടേണ്ടതുമുണ്ട്. അതിനൊക്കെ നേരമുണ്ടാവുമോ, ഉണ്ടായാല്‍ത്തന്നെ അതൊക്കെ ഫലവത്താവുമോ എന്ന് ആര്‍ക്കറിയാം. കാഞ്ചിവലിച്ച ക്രൗര്യത്തിന് ലക്ഷ്യം പ്രശ്നമേയല്ലല്ലോ.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ‘വിശ്വരൂപം’ എന്ന കേരളശബ്ദത്തിലെ രമേശ്കുമാര്‍ കോട്ടപ്പടിയുടെ റിപ്പോര്‍ട്ടില്‍ ഒടുവിലൊരു നിരീക്ഷണമുണ്ട്. തന്റെ കലാസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് തന്നെ വേദനിപ്പിക്കുന്ന നാട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും പോകും എന്ന കമലഹാസന്റെ ദൈന്യം പൊടിയുന്ന വാക്കുകള്‍ മുന്‍നിര്‍ത്തിയാണ് നിരീക്ഷണം. അതിങ്ങനെ: ജീവിതം മുഴുവനായി കലാലോകത്തിനുവേണ്ടി അര്‍പ്പിച്ച ഉലകനായകന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കലാകാരന്റെ വേദനാജനകമായ വാക്കുകള്‍ക്ക് അതിന് കാരണമായ മതവും രാഷ്ട്രീയവും ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടിവരുമെന്നതില്‍ യാതൊരു സംശയവുമില്ല. അപ്പോഴേക്കും മനുഷ്യനിലെ മനുഷ്യനെ കണ്ടെത്താനുള്ള കലാകാരന്മാരുടെ പരിശ്രമത്തിന്റെ ശക്തി തീര്‍ത്തും ചോര്‍ന്നുപോയിട്ടുണ്ടാവും.
പവിത്രമോതിരത്തിന്റെ നാട്ടില്‍നിന്ന് പുറപ്പെടുന്ന പവിത്രഭൂമി മാസികയെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് അനവധി വായനക്കാര്‍ ആ പ്രസിദ്ധീകരണത്തില്‍ പ്രതികരിക്കുന്നു. അക്ഷരംപ്രതി ശരിവെക്കുന്ന ഒന്നാണത്. മനസ്സിനും ശരീരത്തിനും ഊര്‍ജദായകമായ മാസികയുടെ കരുത്ത് ആയുര്‍വേദ പ്രവീണനായ ശിവപ്രസാദ് ഷേണായിതന്നെ. ഒരാളെ ക്കണ്ട് രോഗാവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്ന അതേനിരീക്ഷണത്തോടെ ഒരു സമൂഹത്തിന്റെ രോഗാവസ്ഥയും അദ്ദേഹം മനസ്സിലാക്കുന്നു എന്നത് ലേഖനങ്ങളിലൂടെയുംമറ്റും സുവ്യക്തം. ഫെബ്രുവരി ലക്കത്തില്‍ ജലരഹിതപുരോഗതി! എന്ന മുഖപ്രസാദത്തില്‍ ജലത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന അദ്ദേഹത്തിന്റെ കുറിപ്പില്‍നിന്ന് നാലുവരി കണ്ടാലും: ജീവന്റെ നിലനില്‍പ്പിനും ആരോഗ്യസന്തുലിതാവസ്ഥയ്ക്കും പ്രകൃതിക്കും വെള്ളം കൂടിയേതീരൂ. വൈകിയ വേളയിലെങ്കിലും വെള്ളത്തിന്റെ മഹത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് അനുഭവിക്കാനേ നിര്‍വാഹമുണ്ടാകൂ. എല്ലാം കൈവിട്ടശേഷം വിലപിക്കുന്നതിനെക്കാള്‍ നല്ലത് ആ അവസ്ഥയിലെത്താതിരിക്കാനുള്ള കരുതലെടുക്കുന്നതാണ്. നന്മനിറഞ്ഞ അത്തരം കരുതിവെപ്പുകളുടെ അക്ഷയ ഖാനിയാവുന്നു പവിത്രഭൂമി. ഇത്തവണ സി. രാധാകൃഷ്ണന്റെ കവര്‍ ചിത്രവും അദ്ദേഹത്തെ ഉള്ളറിഞ്ഞ് വായനക്കാരെ പരിചയപ്പെടുത്തുന്ന സുകുമാരന്‍ പെരിയച്ചൂരിന്റെ ലേഖനവും പ്രധാന വിഭവങ്ങളാണ്. തീക്കടല്‍ കടഞ്ഞ എഴുത്തുകാരന് എന്നാണ് രാധാകൃഷ്ണനെ സുകുമാരന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അഗ്നിശോഭയുള്ള വിശേഷണത്തിന് നിലാവിന്റെ സൗന്ദര്യം! പവിത്രഭൂമിയുടെ പവിത്ര സംസ്കാരം അനര്‍ഗളം ഒഴുകട്ടെ.
തൊട്ടുകൂട്ടാന്‍
അനന്തമാം ദുഃഖം പേറിയൊരു
നനവിന് മിഴിയുമായ് കരഞ്ഞു-
തീരാത്ത കരിമുകിലായണയേണ്ടവള്.
ഒന്നാര്ത്ത പേമാരിയായ് മറയാന്‍-
കരിമുകില്പ്പെണ്കൊടിനിന്നഭിലാഷം.
റൂഫിന. ആര് (പത്താം ക്ലാസ്)
കവിത: ഒരു പേമാരിയാകാന്‍…..
മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഫിബ്ര. 10-15)
** കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: