ലോകത്തില്‍ ജീവിക്കുമ്പോഴും അലൗകികനായിരിക്കുക. ഞാനും നീയും പ്രപഞ്ചവും ഇല്ലാത്ത അവസ്ഥ. ശാന്തിയും സമരസതയും സമ്മേളിക്കുന്ന സഹജഭാവം. അതായിരുന്നു പ്രൊഫ. ജി.ബാലകൃഷ്ണന്‍നായര്‍.
കൊല്ലത്തുള്ള ഡോ.സരളാദേവിയുടെ വീട്ടില്‍വച്ച് അവസാനമായി 2011 ജനുവരി 24ന് കാണുമ്പോള്‍ കാലത്തിന്റെ കട്ടിലിലായിരുന്നു ആ മഹാത്മാവ്. വേദാന്തത്തിന്റെ ദീപ്തഭാവം ആ മുഖകമലങ്ങളില്‍ കാണാം. അവിടം വേദാന്തം കേവലം വിവരങ്ങളുടെ വിസ്ഫോടനമല്ല, മറിച്ച് അനുഭൂതിയും ആനന്ദവുമാണ്.
ചോദ്യങ്ങള്‍ക്ക് ഉത്തരമുള്ള, ആ ഉത്തരങ്ങള്‍ക്ക് പൂര്‍ണതയുള്ള ഉടമയുടെ ഉടല്‍മാത്രം തളര്‍ന്നിരിക്കുന്നു. നിസംഗത്വത്തിന്റെ നിദര്‍ശനമായ മൗനം. ലൗകീക ജീവിതത്തിന്റെ അന്തഃസ്സാര ശൂന്യത ദൃശ്യമായ അര്‍ത്ഥഗര്‍ഭമായ മൗനം. സംസാരിച്ചിരുന്ന അവസാന നിമിഷങ്ങളിലും സാര്‍ പറഞ്ഞിരുന്നുവത്രേ, ‘ഞാന്‍ അതീവ സന്തുഷ്ടനാണ്.’
മരണത്തിന്റെ മുന്നിലും മന്ദസ്മിതത്തോടെ കഴിയുക. അഭയവും ആത്മവിശ്വാസവും അരുളുന്ന വേദാന്തത്തിന്റെ ശക്തിയാണത്. വേദാന്താചാര്യനുമായുണ്ടായ അവസാനത്തെ ആ സമാഗമം തീര്‍ച്ചയായും നിയതിയുടെ നിയോഗമായിരുന്നിരിക്കണം.
കൃത്യം പത്തുനാള്‍ കഴിഞ്ഞപ്പോഴാണ് തിരുവനന്തപുരത്ത്നിന്നും ഒരു ഫോണ്‍സന്ദേശം, ബാലകൃഷ്ണന്‍നായര്‍ സാര്‍ പോയി. വേദാന്തപ്രയോക്താവായിരുന്ന ആ മഹാത്മാവ് 2011 ഫെബ്രുവരി 4ന് വൈകിട്ട് 7.55ന് ദിവംഗതനായി.
വേദാന്തശാസ്ത്ര പ്രചാരണത്തിനായി സമാരംഭിച്ചതാണല്ലൊ ശ്രീരാമകൃഷ്ണപ്രസ്ഥാനം. ആ പ്രസ്ഥാനവുമായി സമ്പര്‍ക്കത്തിലായ കൗമാര കാലഘട്ടത്തില്‍ത്തന്നെ പ്രൊഫ.ജി.ബാലകൃഷ്ണന്‍നായരുടെ നാമം കേട്ടിരുന്നു. ശ്രീരാമകൃഷ്ണ ഗതഃപ്രാണനായിരുന്ന സിദ്ധിനാഥാനന്ദസ്വാമികളെ കാണാനായി ഒരിക്കല്‍ കോഴിക്കോട്ടുള്ള കല്ലായിയിലെ രാമകൃഷ്ണമിഷന്‍ സേവാശ്രമത്തില്‍ എത്തിയപ്പോള്‍, അദ്ദേഹം തിരുവനന്തപുരം യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ. സ്വാമിജി പറഞ്ഞു, കാലം ഇനി അധികമില്ല. അതുകൊണ്ട് തിരുവനന്തപുരംവരെ ഒന്നുപോയി. അവിടെ മൂന്ന് സുഹൃത്തുക്കളോട് യാത്ര പറയാനുണ്ടായിരുന്നു. ഒന്ന് പ്രൊഫ.എസ്.ഗുപ്തന്നായര്, രണ്ട് ഡോ.ആര്.കേശവന്നായര്, മൂന്ന് പ്രൊഫ.ജി.ബാലകൃഷ്ണന്‍നായര്‍.
കുട്ടികൃഷ്ണമാരാരുടെയും കുഞ്ഞുണ്ണിമാഷുടെയും ഒക്കെ ഭാഷയില്‍പ്പറഞ്ഞാല്‍ രാജപാത കടന്നുപോണം കല്ലായിയിലെ രാമകൃഷ്ണാശ്രമത്തിലേക്കെത്താന്. അവിടുത്തെ അന്തേവാസിയായിരുന്നു. ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ നാല് വര്‍ഷക്കാലം. ജീവിതത്തില്‍ ആകസ്മികമായൊന്നുമില്ല.
അനിവാര്യമായതുമാത്രമേ സംഭവിക്കുന്നുള്ളൂ. സിദ്ധിനാഥാനന്ദസ്വാമികളുടെ ജീവിതാന്ത്യകാലത്ത് സന്നിഹിതനാവുക. ആ മഹാത്മാവിന്റെ സമാധിക്കുശേഷമാണ് അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഒരു പുരസ്കാരം സനാതനധര്‍മ സാഹിത്യ പ്രചരണത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവര്‍ക്കായി വര്‍ഷംതോറും നല്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്.
പ്രഥമസ്വാമി സിദ്ധിനാഥാനന്ദ പുരസ്ക്കാരം പ്രൊഫ.ജി.ബാലകൃഷ്ണന്നായര്ക്കുതന്നെ നല്‍കണമെന്ന് പലരും നിര്‍ദ്ദേശിച്ചു. ചിലര്‍ അതിനുവേണ്ടി വാദിച്ചു. പുരസ്കാരം അദ്ദേഹം സ്വീകരിക്കുമോ എന്നതായിരുന്നു പ്രധാന പ്രശ്നം. പുരസ്കാരങ്ങള്‍ക്കും തിരസ്കാരങ്ങള്‍ക്കും അതീതനായി കഴിയുകയായിരുന്നുവല്ലോ ആ അത്യാശ്രമി.
അതിനിടയിലാണ് അദ്ദേഹത്തിന്റെ ശതാഭിഷേകം ആഘോഷിക്കുവാനുള്ള ശ്രമങ്ങള്‍ ആരാധികരില് ചിലര്‍ ആരംഭിച്ചത്. പ്രൊഫ.ജി.ബാലകൃഷ്ണന്‍നായര്‍ ശതാഭിഷേകാഘോഷത്തോട് ആദ്യം വിമുഖത കാണിച്ചുവെങ്കിലും ശ്രീരാമകൃഷ്ണമഠത്തിലെ സന്യാസിമാരോടൊത്ത് പ്രസാദം കഴിക്കുന്നതില്‍ വിരോധമില്ലെന്ന സമ്മതമാണ് ക്രമേണ ഒരു ആഘോഷത്തിലേക്ക് അദ്ദേഹത്തിന്റെ ശതാഭിഷേകത്തെ പരിണമിപ്പിച്ചത്. 2007 ഫെബ്രുവരി 5ന് ശാസ്തമംഗലം മഹാദേവക്ഷേത്രത്തില്‍ നടന്ന ശതാഭിഷേകഘോഷങ്ങളുടെ സംഘാടകരില്‍ ഒരാളായി സേവനനിരതനാകുവാനും ഭാഗ്യമുണ്ടായി.
ആത്മാവിന്റെ അത്യഗാധമായ ആഴത്തില്‍നിന്നും പ്രവഹിക്കുന്ന ആനന്ദം അനുഭവിക്കുന്നവര്‍ക്ക് എന്നും ആഘോഷംതന്നെ. പിന്നെന്തിന് ജന്മദിനാഘോഷം? എന്നാല്‍ ഏതൊരു ജനത പൂജാര്ഹരല്ലാത്തവരെ പൂജിക്കുകയും അര്‍ഹതയുള്ളവരെ ആദരിക്കാതിരിക്കുകയും ചെയ്യുന്നുവോ ആ ജനതയാണ് അനാദരവിന് അര്‍ഹരാവുക. ജീവിതത്തെ നിര്മുക്തിയുടെ നിത്യ നൂതന പ്രവാഹമാക്കിയ ഒരു മഹാത്മാവിനെ ആദരിക്കേണ്ടത് സാംസ്കാരികാഭ്യുന്നതിക്കുവേണ്ടി ആഗ്രഹിക്കുന്ന ഒരു ജനതയുടെ കര്‍ത്തവ്യമാണ്. അങ്ങനെ 2007 മാര്‍ച്ച് 11ന് തിരുവനന്തപുരം അനന്ത തിയോസൊഫിക്കല്‍ സൊസൈറ്റിയില്‍വച്ച് മൂന്നാമത് സ്വാമി സിദ്ധിനാഥാനന്ദ പുരസ്കാരം ഫ്രൊഫ.ജി. ബാലകൃഷ്ണന്‍നായര്‍ക്ക് ശക്രാനന്ദസ്വാമികള്‍ സമര്‍പ്പിച്ചു. ഒരു പുണ്യചരിതന്റെ നാമധേയത്തിലുള്ള പുരസ്കാരം നല്കി സമാദരണീയനായൊരു വേദാന്താചാര്യനെ പ്രണമിക്കുന്ന ചടങ്ങിനും പ്രധാന സംഘാടകനാകുവാന് സൗഭാഗ്യമുണ്ടായി. ഇങ്ങനെയൊക്കെയായിരുന്നു പ്രൊഫ. ജി.ബാലകൃഷ്ണന്‍നായരുമായുള്ള ബന്ധം ഒഴുകിത്തുടങ്ങിയത്.
തലസ്ഥാന നഗരത്തിലെ പാല്‍ക്കുളങ്ങരയിലുള്ള ശിവാരവിന്ദത്തില്‍ ഒരേസമയം ഉത്തമ ഗൃഹസ്ഥനായും ലക്ഷണമൊത്ത സന്ന്യാസിയായും അദ്ദേഹം ജീവിച്ചു. വേദാന്തശാസ്ത്രം സന്യാസിമാര്‍ക്ക് മാത്രമല്ല, ഗൃഹസ്ഥാശ്രമികള്‍ക്കും പ്രായോഗികമാക്കാമെന്നതിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു ആ ജീവിതം.
അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ ആരംഭിച്ചത് പാലക്കാട്ടുള്ള വിജ്ഞാനരമണീയാശ്രമത്തില്നിന്നുമാണ്. അതുവഴി അദ്ദേഹം രമണാനുയായിയായി.
കേവലമൊരു സാമൂഹിക പരിഷ്കര്‍ത്താവായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ശ്രീനാരായണഗുരുദേവന്റെ സമ്പൂര്ണസാഹിത്യം സമഗ്രവും സുലളിതവുമായി വ്യാഖ്യാനിച്ചതിലൂടെ, ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യാചാര്യനായി സേവനനിരതനായതിലൂടെയെല്ലാം അദ്ദേഹം മാതൃകാ ശ്രീ നാരായണീയനുമായിത്തീര്ന്നു. ശ്രീശങ്കരന് മുതല്‍ ശ്രീനാരായണഗുരു വരെ കാലോചിതമായി വ്യാഖ്യാനിച്ച വേദാന്തശാസ്ത്രത്തെ സമകാലീന കേരളത്തിലെ സാധാരണജനങ്ങളിലേക്ക് പകര്ന്നുനല്കുവാന് പരിശ്രമിച്ച ചുരുക്കംചില ഗുരുശ്രേഷ്ഠന്മാരില്‍ ഒരാളായിരുന്നു പ്രൊഫ.ജി. ബാലകൃഷ്ണന് നായര്‍.
കുടില്‍ മുതല്‍ കൊട്ടാരംവരെ വേദാന്തതത്ത്വങ്ങള്‍ വാരിവിതറുവാന്‍ ആഹ്വാനംചെയ്ത വിവേകാനന്ദസ്വാമികളുടെ 150-ാം ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്ന സന്ദര്‍ഭമാണിത്. വിശ്വമാനവനായ എന്റെ ഗുരുനാഥന്റെ ഏക ദൗര്‍ബല്യം ദേശീയബോധമായിരുന്നുവെന്ന് വിവേകാനന്ദശിഷ്യയായ നിവേദിത ‘ഠവല ാമെല്‍ മെ ക മെം വശാ” എന്ന തന്റെ പ്രഖ്യാതഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വരാജ്യസ്നേഹിയായ സന്യാസിയായാണ് സ്വാമി വിവേകാനന്ദന് വിശേഷിപ്പിക്കുന്നതെങ്കിലും ജന്മദേശത്തിന്റെ അതിര്‍ത്തി ലംഘിച്ച് വിശ്വപൗരനായി വളരുവാന്‍ അദ്ദേഹത്തിന് സഹായകമായത് വേദാന്തചിന്തയായിരുന്നു. എല്ലാ തരത്തിലുള്ള സങ്കുചിത ചിന്താഗതികളെയും ഇല്ലാതാക്കുവാനായി സഹായിക്കുന്ന ശാസ്ത്രമാണ് വേദാന്തം. ആ സത്യം വിശ്വമാകെ പ്രചരിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ഉത്തമ അനുയായിയാണ് പ്രൊഫ.ജി.ബാലകൃഷ്ണന്‍നായര്‍. സ്വാമിജി ഉദ്ഘോഷിച്ച ദൗത്യമാണ് അദ്ദേഹം മലയാളത്തില്‍ നിര്‍വഹിച്ചത്. ഒരേസമയം മാതൃകാ ഗൃഹസ്ഥനും ഉദാത്ത സന്യാസിയും ആയിരുന്നതിനാല്‍ അദ്ദേഹം വിവേകാനന്ദഗുരുവായ ഭഗവാന് ശ്രീരാമകൃഷ്ണപരമഹംസരുടെ അനുയായിവൃന്ദത്തില്പ്പെടുന്നു. ചുരുക്കത്തില്‍, ഗുരുശ്രേഷ്ഠന്മാരുടെ സാഹിത്യത്തിലൂടെയും സനാതനധര്മതതത്ത്വത്തിന്റെ അങ്ങേയറ്റമായ വേദാന്ത വിജ്ഞാനം സ്വാംശീകരിച്ച പ്രൊഫ.ജി.ബാലകൃഷ്ണന്‍നായര്‍ ഒരു ഗുരുസാഗരം തന്നെയായിരുന്നു.
** രാജീവ് ഇരിങ്ങാലക്കുട
പ്രതികരിക്കാൻ ഇവിടെ എഴുതുക: