ചോദ്യം: ആറന്മുള വിമാനത്താവളം വന്നാല്‍ കുമരകം, തേക്കടി, മൂന്നാര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് പെട്ടെന്ന് എത്താനാകുമെങ്കില്‍ അവര്‍ക്ക് അത് വലിയ സൗകര്യമല്ലേ? ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടം ഉണ്ടാവില്ലേ?
– ശോഭന ജോസഫ്, മല്ലപ്പള്ളി
ഉത്തരം: വിമാനസൗകര്യമില്ല എന്ന കാരണം പറഞ്ഞ് ടൂറിസ്റ്റുകള്‍ കുമരകത്തും മൂന്നാറിലും മറ്റും വരാതിരിക്കുന്നില്ല. അവര്‍ ഇഷ്ടപ്പെടുന്നത് റെയില്‍, റോഡ്, ജലം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്യാനാണ്. ഗ്രാമഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാനാണ് അവര്‍ക്ക് ഏറെ ആഗ്രഹം. കുമരകത്തിനും മൂന്നാറിനും മറ്റും നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ദൂരമേ ആറന്മുളയില്നിന്നുമുള്ളൂ. നേരിയ വ്യത്യാസം ഉണ്ടാകാം. ടൂറിസ്റ്റുകള്‍ വരുന്നിടത്തെല്ലാം വിമാനത്താവളം പണിയാറില്ല.
ചോദ്യം: ശബരിമലക്ക് പോകുന്ന അയ്യപ്പന്മാര്ക്ക് ആറന്മുള വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് വലിയൊരു സഹായമല്ലേ?
-കെ.കെ.കല്യാണിക്കുട്ടി, കടമ്മനിട്ട.
ഉത്തരം: ശബരിമലയില്‍ എത്തുന്ന മൊത്തം അയ്യപ്പന്മാര് ആറ് കോടി ആണെന്നും 200 അയ്യപ്പന്മാരില് ഒരാള്‍ ആറന്മുള വിമാനത്താവളം വഴി വരുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് വസ്തുതാപരമല്ല, വെറും സാങ്കല്പ്പികം മാത്രം. ഇക്കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വന്ന അയ്യപ്പന്മാരുടെ എണ്ണം മൂവായിരമാണ്. എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള വഴിപാട് കൗണ്ടറില്‍ അയ്യപ്പന്മാരുടെ ശരിയായ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ 75 ശതമാനം പേരും ഗുരുവായൂര്‍ ചോറ്റാനിക്കര, ഏറ്റുമാനൂര്‍, എരുമേലി വഴിയാണ് ശബരിമലയില്‍ എത്തുന്നത്. അന്യ സംസ്ഥാനത്തുനിന്നും എത്തുന്ന അയ്യപ്പന്മാര്ക്ക് എരുമേലി ദര്‍ശനം നിര്‍ബന്ധമാണ്. നെടുമ്പാശ്ശേരിയില്‍നിന്നും 130 കിലോ മീറ്റര്‍ യാത്ര ചെയ്താല്‍ പമ്പയിലെത്താം. പക്ഷേ ആറന്മുള വിമാനത്താവളത്തില്‍ നിന്നും എരുമേലി വഴി പമ്പക്ക് പോകുന്ന അയ്യപ്പന് വലിയ ദൂരലാഭമൊന്നും കിട്ടാനില്ല. ആറന്മുളയില്നിന്നും 70 കി.മീറ്ററേ പമ്പക്ക് ദൂരമുള്ളൂവെന്ന് കെജിഎസ് ഗ്രൂപ്പ് ഉടമ ജിജി ജോര്‍ജ് എപ്പോഴും പറയാറുണ്ട്. എരുമേലി വഴിയാണ് അയ്യപ്പന്മാര് പോകാറുള്ളതെന്ന യാഥാര്‍ത്ഥ്യം ഇതുവരെ ശബരിമലയില്‍ പോയിട്ടില്ലാത്ത ജിജി ജോര്‍ജ്ജിന് അറിവില്ലല്ലോ.
ശബരിമല തീര്‍ത്ഥാടകരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഏറെയും പാവങ്ങള്‍. അവരുടെ ആശ്രയം റെയിലും റോഡുമാണ്. ആറന്മുളയില് ഒരു കക്കൂസോ കുളിമുറിയോ കുളിക്കടവോ പണിത് കൊടുക്കാന്‍ കഴിയാത്ത എംഎല്‍എയും എംപിയുമാണ് അയ്യപ്പന്മാര്ക്ക് വ്യോമസഞ്ചാര സൗകര്യം ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്നത്. അതിശയകരം തന്നെ! അങ്കമാലിയില്നിന്നുള്ള ശബരി റെയില്‍പ്പാത അവതാളത്തിലാക്കിയതിന്റെ പ്രധാന ഉത്തരവാദി പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയാണ്. ചെങ്ങന്നൂരില്‍നിന്നും പമ്പയ്ക്ക് ശബരി റെയില്‍ പാത പണിയാന്‍ ബുദ്ധിമുട്ടാണെന്ന് ഡിവിഷണല്‍ മാനേജര്‍ സമീപകാലത്ത് പറഞ്ഞു. പാത ഇരട്ടിപ്പിച്ചിരുന്നെങ്കില് അന്യസംസ്ഥാനങ്ങളില്‍നിന്നും ധാരാളം ട്രെയിന്‍ സര്‍വീസുകള്‍ നടത്തി അയ്യപ്പന്മാരുടെ യാത്രക്ലേശം പരിഹരിക്കാമായിരുന്നു. ഇതിലൊന്നും യാതൊരു ശ്രദ്ധയും ഇല്ലാത്ത അധികാരികളാണ് ആറന്മുളയില് അയ്യപ്പന്മാര്ക്ക് വേണ്ടി വിമാനത്താവളമുണ്ടാക്കാന്‍ ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ശബരിമലയുടെ വിമാനത്താവളമെന്ന പ്രചാരം അന്യസംസ്ഥാനങ്ങളില്‍ അഴിച്ചുവിട്ട് അയ്യപ്പന്മാരെ തങ്ങള്‍ക്ക് അനുകൂലമായി ഇളക്കിവിടാമെന്നത് വെറും വ്യാമോഹം മാത്രം. എംഎല്എയ്ക്കുംഎംപിക്കും അയ്യപ്പന്മാര്ക്ക് വേണ്ടി ചെയ്തു കൊടുക്കാന്‍ കഴിയുന്ന വലിയൊരു സഹായമുണ്ട്. ആറന്മുള ഴിയുള്ള ചെങ്ങന്നൂര്‍-പമ്പ റോഡിന്റെ വീതി കൂട്ടുക. വിമാനം കാട്ടി മോഹിപ്പിക്കാതെ ബസിലെങ്കിലും യാത്ര ചെയ്യാന്‍ പാവങ്ങള്‍ക്ക് സൗകര്യമൊരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: