ടുണീസ്: അറബ് വസന്തത്തിന് തുടക്കം കുറിച്ച ടുണീഷ്യയില്‍ വീണ്ടും പ്രതിഷേധക്കൊടുങ്കാറ്റ്. ഡമോക്രാറ്റിക് പാട്രിയറ്റ്സ് നേതാവ് ചോക്രി ബെലയ്ദയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷധം തുടരുന്നു. ബെലയ്ദയുടെ സംസ്ക്കാരം നടന്ന ഇന്നലെ ആയിരങ്ങള്‍ ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തലസ്ഥാനമായ ടൂണിസിലെ കടകള്‍ അടഞ്ഞുകിടന്നു. ടൂണിസ് വിമാനത്താവളത്തില്‍ നിന്നുള്ള ഒട്ടേറെ വിമാനസര്‍വീസുകളും റദ്ദാക്കി. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികള്‍ ശനിയും ഞായറും ക്ലാസുകള്‍ ഒഴിവാക്കി. ചൊക്രിയുടെ സംസ്ക്കാരത്തിന് മുന്നോടിയായി രാജ്യത്ത് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭരണകക്ഷിയായ ഇസ്ലാമിക സര്‍ക്കാരാണ് കൊലപാതകത്തിന് പിന്നിലെന്നന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
സര്‍ക്കാര്‍ പിരിച്ചുവിട്ട് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ ഭരണമേല്പ്പിക്കുമെന്ന് പ്രധാനമന്ത്രി ഹമദ് ജബലി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്നഹ്ദ ഇത് നിഷേധിച്ചു. മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ജബാലിയുടെ ആഹ്വാനത്തില്‍ ഉറച്ച തീരുമാനമെടുത്തിട്ടില്ലെന്ന് എന്നഹ്ദ നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു കൊല്ലപ്പെട്ട ചോക്രി ബെലയ്ദ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങവേ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ 2011ലാണ് ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ അലിയെ പുറത്താക്കി ടുണീഷ്യയില്‍ ജനാധിപത്യസര്ക്കാര് അധികാരത്തിലെത്തിയത്. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ പ്രമുഖനായ നേതാവ് കൊല്ലപ്പെടുന്നത്. ബെലയ്ദയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനം തടയാന്‍ ശ്രമിക്കവേ പോലീസും ജനങ്ങളും തമ്മിലേറ്റുമുട്ടുകയും സംഘര്‍ഷത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും ചെയ്തിരുന്നു. പുതിയൊരു വിപ്ലവത്തെ നേരിടാന്‍ തയ്യാറെടുക്കണമെന്ന ആഹ്വാനവുമായാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരെ നിരത്തിലിറങ്ങുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം രാജ്യം വീണ്ടും അശാന്തിയുടെ പാതയിലേക്ക് കടക്കുകയാണോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: