കൊച്ചി: സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങള്‍ വിദ്യാര്‍ഥിസമൂഹം ജീവിതത്തില്‍ പകര്‍ത്തണമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന് ഇ. ശ്രീധരന് പറഞ്ഞു. വൈറ്റില ശ്രീരാമകൃഷ്ണമഠത്തിന്റെയും സംസ്ഥാന സ്പോര്‍ട്സ് യുവജനകാര്യവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജനസമ്മേളനം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1949ല്‍ എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ വിവേകാനന്ദസ്വാമികളുടെ ജീവചരിത്രം വായിക്കാനിടയായത് തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നുവെന്ന് ശ്രീധരന് പറഞ്ഞു. തുടര്‍ന്ന് വിവേകാനന്ദസാഹിത്യസര്വസവും വായിച്ചു. കോംഗ്കണ്‍ റെയില്‍വേയുടെയും ദല്‍ഹി മെട്രോയുടെയും നിര്‍മ്മാണസമയത്ത് ഈ ദര്‍ശനങ്ങള്‍ ഏറെ ശക്തി പകര്‍ന്നു. അതുപോലെ ഭഗവത്ഗീത ഒരു മതഗ്രന്ഥമല്ല. അത് ഒരു അഡ്മിനിസ്ട്രേറ്റീവ് ഗ്രന്ഥമാണ്. എല്ലാ ദിവസവും വായിക്കാറുണ്ട്. കര്‍മരംഗത്ത് എല്ലാപ്രതിസന്ധികളെയും തരണംചെയ്യുവാന്‍ ഭഗവത്ഗീത പ്രചോദനമേകാറുണ്ട്.
നാല് തൂണുകളായിരിക്കണം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ നയിക്കേണ്ടത്. കൃത്യനിഷ്ഠ, സത്യസന്ധത, തൊഴില്‍പരമായ മത്സരം, സാമൂഹ്യപ്രതിബദ്ധത എന്നിവ ആവശ്യമാണ്. ഈയൊരു സന്ദേശമാണ് സ്വാമി വിവേകാനന്ദനും നല്‍കുന്നത്. കോംഗ്കണ്‍ റെയില്‍വെയും ദല്‍ഹി മെട്രോയും സാധ്യമാക്കുവാന്‍ പ്രാപ്തനാക്കിയത് ഈ സന്ദേശങ്ങളാണ്. ഇത്രയും വലിയ ചുമതലകള്‍ നിര്‍വഹിച്ചത് യാതൊരു അഴിമതി ആരോപണവും നേരിടാതെ തികച്ചും സത്യസന്ധമായിട്ടാണ്.
കോംഗ്കണ്പദ്ധതിയും ദല്‍ഹി മെട്രോയും ലോകറെക്കോഡായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍നിന്നാണ് ഇക്കാര്യങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് രാമകൃഷ്ണ മഠം പ്രസിഡന്റ് സ്വാമി വീരഭദ്രാനന്ദ, വൈറ്റില രാമകൃഷ്ണമഠം പ്രസിഡന്റ് സ്വാമി ഭദ്രേശാനന്ദ, ഡോ. മിനി എം.ജി, സെനറ്റ് അംഗം ശരത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: