ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കൃഷിക്ക് ജലസേചനത്തിനായി 2.44 ടിഎംസി കാവേരി ജലം വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി കര്‍ണാടകത്തോട് നിര്‍ദ്ദേശിച്ചു. 9 ടിഎംസി ജലം വേണമെന്ന തമിഴ്നാടിന്റെ ആവശ്യം നിരാകരിച്ച സുപ്രീം കോടതി ഇപ്പോള്‍ 2.44 ടിഎംസി ജലം മാത്രം മതിയെന്ന് പറഞ്ഞു. തമിഴ്നാട്ടിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് തമിഴ്നാട് വാദിച്ചെങ്കിലും കോടതി വാദങ്ങളെല്ലാം തള്ളുകയായിരുന്നു. നിങ്ങള്‍ പറയുന്നതെല്ലാം കേട്ട് അവയെല്ലാം വിശ്വസിച്ച് അനുകൂല വിധിയുണ്ടാകണമെന്നാണ് നിങ്ങളുടെ അവകാശം. എന്നാല്‍ അതിവിടെ നടക്കില്ല. വിദഗ്ദ്ധ റിപ്പോര്‍ട്ട് അവഗണിക്കാനാവില്ല, കോടതി പറഞ്ഞു. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തമിഴ്നാട് എതിര്‍ത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു.
ആറുലക്ഷം ഹെക്ടറിലു ള്ള കൃഷിക്ക് ജലസേചനത്തിനായി തമിഴ്നാടിന് 9 ടിഎംസി ജലം വേണമെന്നാണ് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സി.എസ് വൈദ്യനാഥന് ചൂണ്ടിക്കാട്ടിത്.
എന്നാല്‍ തമിഴ്നാട്ടിലെ 40 ശതമാനം വിളവെടുപ്പും പൂര്‍ത്തിയായതിനാല്‍ സംസ്ഥാനത്തിന് കൂടുതല്‍ ജലം ആവശ്യമില്ലെന്ന് കര്‍ണാടകത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ് നരിമാന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: