കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍കേസ് അട്ടിമറി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കേസ് ഡയറിയും സാക്ഷിമൊഴികളും പുറത്തായതോടെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ സത്യസന്ധത ചോദ്യംചെയ്യപ്പെടുന്നു.
എ.ഡി.ജി.പി വിന്‍സന്റ് എം.പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി ജെയ്സണ്‍ കെ. എബ്രഹാം ആണ് 2012 ജനുവരി 28 ന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ കേസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാക്ഷികളുടെമൊഴി വിശ്വസനീയമല്ലെന്നും കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ ആവശ്യമായ തെളിവില്ലെന്നും അതിനാല്കേസ് എഴുതിത്തള്ളണമെന്നുമായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. എന്നാല്‍ പ്രത്യേകഅന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിന് മുന്‍പ് തന്റെ വാദം കൂടി കേള്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കോടതിയില്‍ ഹരജി നല്‍കിയതോടെയാണ് ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് വീണ്ടും സജീവമാവുന്നത്. കേസന്വേഷണത്തിന്റെ നിരവധിഘട്ടങ്ങളില് നിശ്ശബ്ദതകള്‍ ബാക്കിവെച്ചാണ് കേസ് എഴുതിത്തള്ളണമെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിയതെന്ന് ജന്മഭൂമി അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തായിരിക്കുന്ന കേസ് ഡയറിയിലെ വിശദാംശങ്ങള്‍. 142 സാക്ഷികളില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തുവെങ്കിലും അവയുടെ ഉള്ളടക്കത്തെ ഉള്‍ക്കൊള്ളാന്‍ അന്വേഷണ സംഘം തയ്യാറായില്ല. സാക്ഷികളേയും ജുഡീഷ്യറിയേയും സ്വാധീനിച്ചുകൊണ്ട് ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരനും വ്യവസായിയുമായ കെ.എ. റൗഫ് വെളിപ്പെടുത്തിയിരുന്നു. 2011 ജനവരി 28 ന് നടത്തിയ പത്രസമ്മേളനത്തില്‍ വച്ചായിരുന്നു കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വെളിപ്പെടുത്തിയത്.
പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എ റൗഫും പ്രതികളായി രജിസ്റ്റര്‍ ചെയ്ത കേസാണ് അന്വേഷണത്തിന്റെ ഒടുവില്‍ റഫര്‍ ചെയ്യണമെന്ന നിര്‍ദ്ദേശവുമായി കോടതിയില്‍ സമര്‍പ്പിച്ചത്. കേസിലെ സാക്ഷികളായ റജീന, റജുല, കുഞ്ഞുബേബി എന്നിവര്‍ വരവില്‍ കവിഞ്ഞ് പണം സമ്പാദിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും അതിന്റെ ഉറവിടത്തെക്കുറിച്ച് സംഘം അന്വേഷിച്ചില്ല. 1995ല്‍ റജീനയും റജുലയും പണം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റെജീനക്ക് 17.84 സെന്റ് സ്ഥലം, രണ്ട്സ്കൂട്ടര്, അടക്കം 22.6 ലക്ഷം രൂപയുടെ സ്വത്തും റജുലയ്ക്ക് 3.6സെന്റ്സ്ഥലവും 12 ലക്ഷം രൂപയുടെ സ്വത്തും കുഞ്ഞുബേബിക്ക് 5 സെന്റ് സ്ഥലവും വീടുമടക്കം 20ലക്ഷംരൂപയുടെ സ്വത്തും ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി. റജീനയുടേത് വരവില്‍ കവിഞ്ഞ സ്വത്താണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇത് കുഞ്ഞാലിക്കുട്ടി നല്‍കിയതാണെന്നതിന് തെളിവില്ലെന്നാണ് പറയുന്നത്. അതേസമയം പണത്തിന്റെ ഉറവിടത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നു. റൗഫും ചേളാരി ഷെരീഫും റജീന, റെജുല ബേബി, ബിന്ദു, റോസ്ലി എന്നിവര്‍ക്കായി പണം നല്‍കിയെന്ന് അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സാക്ഷികള്‍ മൊഴി മാറ്റിപ്പയുന്നതിനാല് വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിയില്ലെന്നായിരുന്നു അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കെ.എ. റൗഫിന്റെ വെളിപ്പെടുത്തല്‍ അല്ലാതെ മറ്റൊരുതെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇടത് ഭരണകാലത്തെ അഡ്വക്കറ്റ് ജനറലായിരുന്ന എം.കെ. ദാമോദരന്റെ കമ്പനിക്ക് പണം നല്‍കിയെന്നതിനെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തിയില്ല. ബാങ്ക് രേഖകള്‍ കണ്ടെത്താന്‍ ശ്രമിച്ചില്ലെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയും റൗഫും കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകന്. കെ.ഭാസ്കരന്‍നായരുടെ വീട്ടിലെത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ അജിതക്ക് പണം വാഗ്ദാനം ചെയ്തുവെന്നതിന് നല്കിയതെളിവും അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തില്ല. അഡ്വ. പി.രാജേഷും അജിതയും അന്വേഷണസംഘം മുമ്പാകെ ഇതു സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.അജിതയുടെ ഹരജി തള്ളുന്നതിന് ജസ്റ്റിസ് നാരായണകുറുപ്പിന്റെ മരുമകനും ജസ്റ്റിസ് തങ്കപ്പനും കൈക്കൂലി നല്‍കിയെന്നതിനു തെളിവില്ലെന്ന് പറഞ്ഞ് സംഘം തള്ളുകയായിരുന്നു. സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ വിചിത്രമാണെന്ന് അന്നേ നിയമജ്ഞര്‍ ചൂണ്ടിക്കാണിച്ചിരുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന റൗഫിന്റെ സന്നദ്ധതയും സംഘം അംഗീകരിച്ചില്ല. സുപ്രധാനസന്ദര്ഭങ്ങളി ല്‍ അന്വേഷണം എവിടെയുമെത്തിക്കാതെ പക്ഷപാതപരമായി കോന്വേഷിച്ചതിന്റെയും റിപ്പോര്‍ട്ട് നല്കിയതിന്റെയും തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
** എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: