റെയില്‍വേ യാത്രാ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ തന്നെ നിത്യോപയോഗ സാധന വില വര്‍ധനയില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്കുള്ള മറ്റൊരു ഇരുട്ടടിയാണ്. ജനുവരിയിലാണ് യാത്രാക്കൂലിയില്‍ ഗണ്യമായ വര്‍ധന വരുത്തിയിരുന്നത്. ഇപ്പോള്‍ റെയില്‍വേയ്ക്കുള്ള ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ധന പരിഗണനയില്‍ വരുന്നത്. റെയില്‍വേ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത് ഈ മാസം 26 നാണ്. അതിന് മുന്‍പാണോ അതിന് ശേഷമാണോ പ്രഖ്യാപനം എന്ന തീരുമാനം റെയില്‍വേ ജനറല്‍ മാനേജര്‍മാരുടെ യോഗത്തിന് ശേഷം റെയില്‍വേ മന്ത്രി പവന് കുമാര്‍ നിശ്ചയിക്കും. റെയില്‍വേയ്ക്കും കെഎസ്ആര്ടിസിയ്ക്കുമുള്ള ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞത് രണ്ടുമേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പക്ഷെ കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആര്യാടന് മുഹമ്മദ് ബസ് യാത്രാക്കൂലി വര്‍ധന പരിഗണനയിലില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ജനുവരി 18 മുതല്‍ ഡീസല്‍ ലിറ്ററിന് 60.25 രൂപ വിലയായി. ഒരു ലിറ്റര്‍ ഡീസലിന് 11.53 രൂപയുടെ വര്‍ധന വരുമ്പോള്‍ ദിവസേന 47 ലക്ഷം രൂപയുടേയും മാസം 14 കോടിയുടെയും അധിക ചെലവാണ് ചുമത്തുന്നത്. ഈ പശ്ചാത്തലത്തില്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് പമ്പുകളില്‍നിന്നും സ്വകാര്യ പമ്പുകളില്‍നിന്നും ഡീസല്‍ വാങ്ങുന്ന കാര്യം കെഎസ്ആര്‍ടിസി പരിഗണിക്കുകയാണ്. ബെന്‍സ് കാര്‍ ഉടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡീസല്‍ ലഭിയ്ക്കുമ്പോള്‍ സാധാരണക്കാരന്റെ വാഹനമായ കെഎസ്ആര്‍ടിസിയ്ക്ക് കൂടുതല്‍ നിരക്ക് എന്നത് സാധാരണക്കാരോട് ചെയ്യുന്ന കടുത്ത അനീതിയും വിരോധാഭാസവുമാണ്. ആം ആദ്മിയ്ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നേരിടാന്‍ മുതിരുന്ന യുപിഎ സര്‍ക്കാര്‍ നയം സാധാരണക്കാരനെ ദ്രോഹിക്കുന്നതാണ് എന്ന് ഈ പ്രഖ്യാപനം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
ഡീസല്‍ വര്‍ധന പിന്‍വലിക്കാന്‍ സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്ന കാര്യം പരിശോധിക്കുകയാണെന്നും മന്ത്രി ആര്യാടന് പറയുന്നുണ്ടെങ്കിലും അതിലൊന്നും ആത്മാര്‍ത്ഥതയില്ലെന്ന് ജനങ്ങള്‍ക്ക് അനുഭവത്തിലൂടെ മനസിലായിക്കഴിഞ്ഞു. 4.1 ലക്ഷം ലിറ്റര്‍ ഡീസല്‍ പ്രതിദിന ഉപഭോഗമുള്ള കെഎസ്ആര്‍ടിസിയ്ക്ക് ദിനംപ്രതി 15.40 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തണം. വരവും ചെലവും തമ്മിലുള്ള അന്തരം 2.5 കോടി രൂപയാണെന്നും വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ 2.97 കോടി രൂപയുടെ നഷ്ടമുണ്ടെന്നും മന്ത്രി പറയുന്നു. ഈ മുഖവുര കേള്‍ക്കുമ്പോള്‍ സാധാരണക്കാരന് ഭയപ്പെടുന്നത് ഇത് മറ്റൊരു ബസ് ചാര്‍ജ് വര്‍ധനയുടെ സൂചനയാണോ എന്നാണ്. ഈ ആശങ്ക വച്ചുപുലര്‍ത്തുന്ന ജനസമൂഹത്തിനു മേലാണ് അശനിപാതം പോലെ റെയില്‍വേ ചാര്‍ജ് വര്‍ധന പതിക്കാന്‍ പോകുന്നത്. ദീര്‍ഘദൂര യാത്രകളില്‍ ബസ്സിനെക്കാള്‍ യാത്രാക്കൂലി കുറവായ തീവണ്ടിയെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. സ്ലീപ്പര്‍, എസി ത്രി ടയര്‍, ടു ടയര്‍, ചെയര്‍ കാര്‍ എന്നിവയുടെ തിരക്കുകളിലെ വര്‍ധനയാണ് റെയില്‍വേ പരിഗണിക്കുന്നത്. ഇതും ഉപയോഗിക്കുന്നത് മധ്യവര്‍ഗ-സാധാരണക്കാരായ യാത്രക്കാരാണ്. യുപിഎ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് പ്രീണനം നടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെ, ഈ വിധം സാധാരണ ജനസമൂഹത്തെ പീഡിപ്പിക്കുന്ന നിരക്ക് വര്‍ധന നടത്തുന്നത് പാവങ്ങള്‍ക്ക് പ്രതികരണശേഷി ഇല്ലെന്ന തിരിച്ചറിവിലാണോ എന്ന സംശയവും ഉദിയ്ക്കുന്നു. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം ആണ് റെയില്‍വേ യാത്രാനിരക്കുകള്‍ കൂട്ടിയത്. ഇതുവഴി 6600 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില ലിറ്ററിന് 10.80 ആക്കി ഉയര്‍ത്തിയതോടെ റെയില്‍വേയുടെ അധിക ചെലവ് 3300 കോടിയായി ഉയര്‍ന്നിരുന്നു. ഈ നഷ്ടം നികത്താനാണ് ഇപ്പോള്‍ ബജറ്റിന് മുന്‍പ് തന്നെ മറ്റൊരു ചാര്‍ജ് വര്‍ധന പ്രഖ്യാപിക്കുന്നത്. റെയില്‍വേ, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് ഡീസല്‍ സബ്സിഡി തുടര്‍ന്നും നല്‍കണമെന്ന് കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു.
ലാലുപ്രസാദ് യാദവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും കാണിച്ച പരിഗണനയ്ക്കും പവന് കുമാര്‍ ബന്‍സല്‍ സന്നദ്ധനല്ലെന്ന് വ്യക്തം. സ്ലീപ്പര്‍ ക്ലാസിന് കിലോമീറ്ററിന് ആറു പൈസ, 3 എസി ഫസ്റ്റ് ക്ലാസ് എസി എന്നിവയ്ക്ക് പത്ത് പൈസ, സെക്കന്റ് എസിയ്ക്ക് ആറുപൈസ, എന്നീ നിരക്കിലായിരുന്നു കഴിഞ്ഞ മാസം ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അതിന് മുന്‍പായി ചരക്ക് കൂലിയും വര്‍ധിപ്പിച്ചിരുന്നു. ഈ ഇനത്തില്‍ ഏറ്റവും അധികം വരുമാനവും ത്രി ടയര്‍, എസി, എസി ചെയര്‍കാര്‍, റെയില്‍വേ യാത്രാക്കൂലി, സ്ലീപ്പര്‍ എന്നിവയില്‍നിന്നാണ്. ജനുവരിയില്‍ ഒരു നിരക്ക് വര്‍ധന നിലവില്‍ വന്ന പശ്ചാത്തലത്തില്‍ മറ്റൊരു നിരക്ക് വര്‍ധന ജനം പ്രതീക്ഷിച്ചതല്ല. ശതാബ്ദി, തുരന്തോ, രാജധാനി എക്സ്പ്രസുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്കും കുട്ടികള്‍ക്കും നല്കി വന്നിരുന്ന ഇളവുകളും വെട്ടിച്ചുരുക്കി. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ പൗരന്മാര്ക്ക് പീഡനകാലമായിരിക്കും എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: