നവോദയ അപ്പച്ചന് വലിയ ഷോമാനാണ്. മലയാള സിനിമയില്‍ ആദ്യം സിനിമാസ്കോപ്പ്, ത്രിഡി എന്നിവ കൊണ്ടുവന്നു കാശുവാരിയദ്ദേഹം. കോണ്‍ഗ്രസ് നേതാവ് സിനിമാ നടി ഷീല കോണ്‍ഗ്രസില്‍ എത്തി പ്രസിദ്ധയാകുംമുമ്പ് തുമ്പോലാര്‍ച്ചയും കടത്തനാട്ടുമാക്കവുമൊക്കെ അഭിനിയിപ്പിച്ച് അവരെ പ്രസിദ്ധയാക്കിയതും അപ്പച്ചന്. അദ്ദേഹത്തിന്റെ കിഷ്കിന്ധാ വാട്ടര്‍ തീംപാര്‍ക്കും സൂപ്പര്‍ഹിറ്റ്. പൊളിഞ്ഞത് മറ്റൊരിടത്താണ്. രാമായണം, മഹാഭാരതം സീരിയലുകളുടെ വിജയം കണ്ട് അദ്ദേഹം ദൂരദര്‍ശനുവേണ്ടി സീരിയല്‍ പിടിച്ചു. വിശുദ്ധ ബൈബിളായിരുന്നു വിഷയം. ഏതാനും എപ്പിസോഡു പിന്നിട്ടതോടെ ദൂരദര്ശന് പടം മടക്കി. നിലത്തിരുന്നുപോയ അപ്പന്മാര് അവിടെത്തന്നെ പിന്നെ കിടപ്പിലും ആയി. ബൈബിള്‍ സീരിയല്‍ പൊളിയാന്‍ മുഖ്യ കാരണമായി പറഞ്ഞത് സീരിയലിലെ ഹിന്ദി സംഭാഷണമാണ്. ആദവും ഹവ്വയുമൊക്കെ ഹിന്ദി പറയുന്നതു കേട്ടു ജനം നടുങ്ങി. എപ്പിസോഡുകള്‍ തുടര്‍ന്നാല്‍ യേശുക്രിസ്തുവും ഹിന്ദി പറയുമോയെന്ന പേടി. ജനം ബൈബിള്‍ സീരിയല്‍ കാണുന്നത് നിര്‍ത്തി.
ഹിന്ദി നമ്മുടെ ദേശീയഭാഷയാണെന്നത് ശരി. ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാന്‍ മാത്രമില്ലെങ്കിലും കൂടുതല്‍ ജനം സംസാരിക്കുന്ന ഭാഷയാണ്. പക്ഷെ ആ ഭാഷയിലെ ചില വാക്കുകള്‍ കെട്ടാല്‍ ചൊറിച്ചില്‍ തോന്നുക സ്വാഭാവികം. അത്തരമൊരു വാക്കാണ് ചിന്തന്‍ ശിബിര്‍. ഇംഗ്ലീഷില്‍ ‘ഷിവര്‍’ എന്നാണ് അച്ചടിച്ചു കാണുന്നത്. ഒരുപക്ഷെ ജയ്പ്പൂരിലെ കൊടിയ തണുപ്പ് പ്രമാണിച്ച് ഇട്ട വാക്കാവണം ഷിവര്‍, വിറയ്ക്കാതിരിക്കാനാണല്ലോ എ.കെ.ആന്റണിപ്പോലും ഖദറിന് പുറമേ രണ്ട് കമ്പളികള്‍ മടക്കിപ്പുതച്ചിരിക്കുന്നത്. രണ്ടാമനാകുമ്പോള്‍ രണ്ടു കമ്പിളി!
ഖദര്‍വാലകളെ സംബന്ധിച്ചിടത്തോളം കസേര, സോഫാ പോലുള്ള വസ്തുക്കള്‍ അനാവശ്യമാണ്. നിലത്തേ ഇരിക്കൂ, ചാരിക്കിടക്കാന്‍ പഞ്ഞിനിറച്ച ഖദര്‍ തലയിണ മാത്രം. പഞ്ഞിത്തലയിണയില്‍ ചാരിക്കിടന്നാല്‍ കാലുകള്‍ രണ്ടും യഥേഷ്ടം ചലിപ്പിക്കാം.
ചിന്തന്‍ ശിബിരത്തില്‍ രാഹുല്‍ഗാന്ധിയെ പാര്‍ട്ടി ഉപാധ്യക്ഷനാക്കിയതോടെ യുവാക്കള്‍ക്കാണ് കോളടിച്ചത്. മുപ്പതു ശതമാനം സംവരണമാണ് പാര്‍ട്ടി നേതൃത്വത്തില്‍ അവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. എന്നുവെച്ചാല്‍ പിഎസ്സി പരീക്ഷ എഴുതി നേരം കളയണ്ട, ജലപീരങ്കിയില്‍ കുളിക്കാന്‍ നിന്നുകൊടുക്കണം.പാര്‍ട്ടി നേതാവിന് കിട്ടുന്ന വരുമാനം ഏത് ഗുമസ്ത മണിക്കാണ് കിട്ടുക. 30 ശതമാനം സ്ത്രീ സംവരണം കൂടി ഏര്‍പ്പെടുത്തുന്നതോടെ യുവാക്കളുടെ സന്തോഷം പതിന്മടങ്ങാകും.
നേതാക്കളുടെ ആഡംബര ജീവിതം കുറയ്ക്കാന്‍ തീരുമാനിച്ചുവെന്നതാണ് ശിബിരത്തിന്റെ മറ്റൊരു നേട്ടം. ആഡംബരം എന്തൊക്കെയെന്ന് പുനര്‍നിര്‍ണയിക്കും. കാറ്റില്‍ക്ലാസും എക്സിക്യൂട്ടീവും ക്ലാസും ഇനി മുതല്‍ ആഡംബരമല്ല. മന്ത്രി ഭവനവും ഹോട്ടല്‍ സ്യൂട്ടും ആഡംബര പട്ടികയില്‍ ഉള്‍പ്പെടില്ല. ഭക്ഷണം അവശ്യ വസ്തുവായതുകൊണ്ട് താജ് ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ലഞ്ചും സപ്പറും ആഡംബരമേയല്ല. കോണ്ണ്ടസ് ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത രാഹുലിനെ കെട്ടിപ്പിടിച്ച് സോണിയാഗാന്ധി വിതുമ്പിയതോടെ ചിന്തന്‍ ശിബിരം, ചിന്തന്‍ വിതുമ്പലായി മാറി. ചുവന്നുള്ളി കൂടെക്കൊണ്ടുനടക്കാത്ത ഒട്ടും അഭിനയശേഷി ഇല്ലാത്ത കോണ്‍ഗ്രസ് നേതാക്കളാണ് കഷ്ടത്തിലായത്. കൂടെ വിതുമ്പാന്‍ നന്നേ പാടുപെടേണ്ടി വന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കരയാന്‍ പാടുപെടുന്നത് കണ്ട് മറ്റു ചിലര്‍ വിതുമ്പിച്ചിരിച്ചു.
മകനെ കെട്ടിപ്പിടിച്ച് അമ്മ പറഞ്ഞതെന്തെന്ന് മാത്രം ഒരു കോണ്‍ഗ്രസുകാരനും കേട്ടില്ല. “എനിക്ക് നിന്നെ കെട്ടിപ്പിടിച്ച് വിതുമ്പാന്‍ കഴിയുന്നു. എന്റെ പ്രായത്തില്‍ നീ എത്തുമ്പോള്‍ ആരെ കെട്ടിപ്പിടിച്ച് കരയുമെന്നോര്‍ക്കുമ്പോഴാണ് എനിക്ക് കരച്ചിലടക്കാന്‍ വയ്യാത്തത്! രണ്ടുപേരും കണ്ണീരൊഴുക്കുന്നതു കണ്ട് സകല കോണ്‍ഗ്രസുകാരും കരഞ്ഞു. ഇതുകണ്ട് കരഞ്ഞ വീരപ്പമൊയ്ലി ജനത്തെ കരയിപ്പിക്കുന്നതിന് ഡീസല്‍ വില രണ്ടു രൂപാ കൂട്ടാന്‍ ഉത്തരവാകുകയും ചെയ്തു.
**************
ഗാന്ധിജി കഴിഞ്ഞാല്‍ ഹരിജനത്തിന്റെയും ഗിരിജനത്തിന്റെയും വീടുകളില്‍ പോയി താമസിച്ച ഏക കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് മന്ത്രി ആര്യാടന്, ‘ഹരിജനം’ എന്ന വാക്കു മിണ്ടിക്കൂടരുതെന്ന് ഈ മന്ത്രിക്കു ആരാണ് പറഞ്ഞുകൊടുക്കുക? ആര്യാടനേയും കൂട്ടരെയും ആദിവാസികള്‍ അടിച്ച മുറ്റത്തു കേറ്റിയിട്ടുവേണ്ടേ, അവിടെ പോയി താമസിക്കാന്‍.
കെ.എ.സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: