കൊച്ചി: ജസ്റ്റിസ് മാധവ ഗാഡ്ഗില്‍ കമ്മറ്റി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പാക്കണമെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പച്ചപ്പ് നിറഞ്ഞ കേരളത്തെ വീണ്ടും യാഥാര്ത്ഥ്യമാക്കിത്തീര്ക്കുന്നതിന് അത് അനിവാര്യമാണെന്ന് എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പശ്ചിമഘട്ട പര്‍വതനിരകളിലെ അത്യപൂര്‍വമായ ജൈവവൈവിധ്യ സമ്പത്ത് സംരക്ഷിക്കാന്‍ കരുത്തുറ്റതും കര്‍ശനവുമായ നടപടികള്‍ വേണം. കേരളം കുടിവെള്ള മാഫിയകളുടെ പിടിയിലമരുകയാണ്. മാലിന്യക്കൂമ്പാരമായി മാറുന്ന മഹാനഗരങ്ങളും തരിശായിത്തീരുന്ന ഗ്രാമീണ കൃഷിയിടങ്ങളുമെല്ലാം അശാസ്ത്രീയവും ഭാവനാശൂന്യവുമായ കാര്‍ഷിക, വ്യാവസായിക നയങ്ങളുടെ ഉപോല്പന്നമാണെന്ന് തപസ്യ പ്രമേയം ചൂണ്ടിക്കാട്ടി.
നദീതടങ്ങളും പാടശേഖരങ്ങളും കാവും കുളങ്ങളും നശിപ്പിക്കുക വഴി കേരളത്തിന്റെ പുരാതനവും പാവനവുമായ പാരമ്പര്യത്തെയും സംസ്കൃതിയെയും ഇല്ലാതാക്കുകയാണ് നമ്മള് ചെയ്തതെന്ന തിരിച്ചറിവ് പൊതുസമൂഹം ആര്‍ജിക്കേണ്ടതുണ്ട്. എണ്ണമില്ലാത്ത നശീകരണ പ്രവണതകളുടെ ഒടുവിലത്തെ ഉദാഹരണമാണ് ആറന്മുള വിമാനത്താവള പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ കൂടി പങ്കാളിയായി നടത്തുന്ന വിനാശകരമായ ഈ പദ്ധതി കേരളത്തിന്റെ ചരമക്കുറിപ്പാണ്. ആറന്മുളയിലെ ജനങ്ങള്‍ക്കും പൈതൃകഗ്രാമ സംരക്ഷണത്തിനായി ഒത്തുചേരുന്ന പതിനായിരങ്ങള്‍ക്കും സാംസ്കാരിക കേരളം പിന്തുണ നല്‍കണമെന്ന് തപസ്യ ആഹ്വാനം ചെയ്യുന്നു.
കേരളീയ കലകളുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങള്‍ ആ ദിശയില്‍ കൂടുതല്‍ ഭാവാത്മകവും ഊര്‍ജ്ജസ്വലവുമായ പദ്ധതികള്‍ നടപ്പാക്കണമെന്ന് തപസ്യ ആവശ്യപ്പെടുന്നു. പുതുതായി രൂപീകരിച്ച മലയാള സര്‍വകലാശാലയ്ക്ക് ഭാഷയുടെ മാത്രമല്ല, കലയുടെയും സാഹിത്യത്തിന്റെയും മേഖലകളില്‍ കൂടുതല്‍ ഉണര്‍വ് പകരുന്ന പഠന ഗവേഷണങ്ങള്‍ നടത്തുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. സര്‍ക്കാരും സാംസ്കാരിക വകുപ്പും ഈ ദിശയില്‍ ഗൗരവമേറിയ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്ന് തപസ്യ അഭിപ്രായപ്പെടുന്നു.
സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന കലാസാഹിത്യ അക്കാഡമികള്‍ കേരളീയ കലയ്ക്കും സാഹിത്യത്തിനും നല്കുന്ന ഭാവാത്മകമായ സംഭാവനകളെക്കുറിച്ച് സ്വയം വിമര്‍ശനം നടത്തേണ്ടതുണ്ടെന്ന് തപസ്യ കരുതുന്നു.
ദൗര്‍ഭാഗ്യമെന്ന് പറയട്ടെ അധിനിവേശ ശക്തികളുടെ ബിനാലെ കെട്ടുകാഴ്ചകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. പരമ്പരാഗത കലാകാരന്മാരെയും പാരമ്പര്യ കലകളെയും അവഗണിച്ചാണ് കോടികള്‍ ചെലവഴിച്ച് ഭീകരസംഘടനകള്‍ക്കു പോലും പങ്കാളിത്തമുണ്ടെന്ന് സംശയിക്കപ്പെടുന്ന ബിനാലെയ്ക്ക് പിന്നാലെ സര്‍ക്കാര്‍ നീങ്ങുന്നത്. ബിനാലെയ്ക്ക് പിന്നിലെ പണമൊഴുക്കിനെക്കുറിച്ചും പ്രേരണാ സ്രോതസ്സുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് തപസ്യ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.
അനുഷ്ഠാന കലകളുടെയും നാടോടി പാരമ്പര്യത്തിലൂന്നിയ നാടന്‍ കലകളുടെയും പ്രോത്സാഹനത്തിന് പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്ന് തപസ്യ വിലയിരുത്തുന്നു. എല്ലാ മേഖലയിലും മത, രാഷ്ട്രീയവല്‍ക്കരണം കൊടികുത്തി വാഴുന്ന സാഹചര്യത്തില്‍ തനതുകലകള്‍ ആസ്വദിക്കുവാനുള്ള മനസ് കേരളം വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്.
പൂന്താനത്തിന്റെയും മേല്പത്തൂരിന്റെയും തുഞ്ചന്റെയും പാരമ്പര്യം ഇഴനെയ്തെടുത്ത ഒരു ഭൂപ്രദേശം അറിയേണ്ടതും വളരേണ്ടതും ആ പാരമ്പര്യത്തിന്റെ പ്രൗഢിക്ക് അനുസൃതമായാണെന്ന് തപസ്യ കരുതുന്നു. നിളയുടെ തീരം മലയാള സാഹിത്യത്തിന്റെ ഉറവിടമാണ്. അവിടം കലയുടെ മതാന്തരപ്രക്രിയകള്ക്ക് വേദിയാകുന്നുവെങ്കില് അതിനുത്തരവാദികള്‍ കേരളീയ പൊതുസമൂഹമാണെന്ന് കാണാതിരുന്നുകൂടാ എന്ന് പ്രമേയം വിലയിരുത്തി.
തപസ്യ സംസ്ഥാന സമിതിയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എസ്. രമേശന്‍നായര്‍ അധ്യക്ഷത വഹിച്ചു. പി. നാരായണക്കുറുപ്പ്, ആര്. സഞ്ജയന്, എം.എ. കൃഷ്ണന്, പ്രൊഫ.പി.ജി. ഹരിദാസ്, പി.കെ. രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: