ന്യൂദല്‍ഹി: സ്ത്രീകള്‍ ദല്‍ഹിയില്‍ സുരക്ഷിതരല്ലെന്ന് വീണ്ടും മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ബലാത്സംഗ ശ്രമം ചെറുത്ത പത്തൊമ്പതുകാരിയുടെ വായില്‍ യുവാവ് ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. ലജ്പത് നഗറിലെ സംഭവം തെളിയിക്കുന്നത് ദല്‍ഹിയില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നു തന്നെയാണ്, ദീക്ഷിത് വ്യക്തമാക്കി.
പ്രാദേശിക ഊര്‍ജ വിതരണ കമ്പനിയില്‍ ജോലിചെയ്യുന്ന 25കാരനായ അനില്‍ എന്ന യുവാവാണ് ചൊവ്വാഴ്ച ബലാത്സംഗശ്രമം തടഞ്ഞതിന് യുവതിയുടെ വായില്‍ ക്രൂരമായി ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയത്. കൊലപാതക-ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തി ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി നില ഗുരുതരമാണ്. മാസം തോറുമുള്ള വൈദ്യുതി കുടിശ്ശിക ശേഖരിക്കാന്‍ എത്തിയ യുവാവ് പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് കണ്ട് ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. എല്ലാ മാസവും വൈദ്യുതി ബില്ല് നല്കി പണം വാങ്ങാന്‍ വരാറുള്ള യുവാവിനെ മുന്‍പരിചയമുള്ളതിനാലാണ് യുവതി സംശയിക്കാതെ വീട്ടിനുള്ളില്‍ കയറാന്‍ അനുവദിച്ചത്.
ബലാത്സംഗശ്രമം എതിര്‍ത്തതിനാല്‍ കുപിതനായ യുവാവ് ഇരുമ്പ് ദണ്ഡ് യുവതിയുടെ വായ്ക്കുള്ളില്‍ കുത്തിത്തിരുകി മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നെന്ന് തെക്ക് കിഴക്കന്‍ ജില്ലയിലെ പോലീസ് അഡീഷണല്‍ കമ്മീഷണര്‍ അജയ് ചൗധരി പറഞ്ഞു. വായ്ക്കു ചുറ്റും ഉള്ളിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അനിലിനെ ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (ബലാത്സംഗം), 307 (കൊലപാതകശ്രമം), 452 (അതിക്രമിച്ചു കടക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അനില്‍ ലജ്പത് നഗറിലെ ജാല് വിഹാര്‍ ക്യാമ്പിലാണ് താമസിക്കുന്നത്. ഫോണ്‍ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും യുവതിയെ അപ്പോഴേക്കും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ പ്രതി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടരന്വേഷണത്തിലാണ് ഫരീദാബാദിലെ ഇസ്മയില്പൂര് ഗ്രാമത്തിലെ അമ്മാവന്റെ വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്ന അനില്‍ പോലീസ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ തിരച്ചിലില്‍ ഇന്നലെ രാവിലെ 4.30 ഓടി ഇസ്മയില്പൂരിലെ വീട്ടില്‍ നിന്നും അനില്‍ പിടിയിലായെന്നും അജയ് പറഞ്ഞു.
ദല്‍ഹിയിലെ സുരക്ഷാവീഴ്ചകളെക്കുറിച്ച് ഷീലാദീക്ഷിത് ഇതാദ്യമായല്ല പ്രതികരിക്കുന്നത്. 2012 ഡിസംബറില്‍ 23കാരി ഓടുന്ന ബസ്സിനുള്ളില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് വിധേയയായപ്പോഴും ദല്‍ഹി മുഖ്യമന്ത്രി നഗരം അരക്ഷിതമാണെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണവീഴ്ചയെപ്പറ്റിയുള്ള ഏറ്റുപറച്ചിലാണെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ബലാത്സംഗങ്ങളെ കേന്ദ്രസര്‍ക്കാരില്‍ പഴിചാര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മൊത്തത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ പൗരന്മാര്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു, ഇറാനി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്വമില്ലായ്മയാണെന്നും ഇറാനി കൂട്ടിച്ചേര്‍ത്തു. നഗരത്തില്‍ സുരക്ഷ ഒരുക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണപരമായ കടമയാണ്. കണ്ണീര് വാര്‍ക്കുന്നതും ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുന്നതും രണ്ടും രണ്ടാണ്. ദല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷം ടിവി ചാനലുകള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ മാനസികമായി തകര്‍ന്ന് കണ്ണീരൊലിപ്പിച്ച ഷീലാ ദീക്ഷിതിനെ ഉദ്ധരിച്ച് ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: