ആലപ്പുഴ: റേഷന്‍ വിതരണം സുതാര്യമാക്കുന്നതിന് ഭക്ഷ്യവകുപ്പ് സംസ്ഥാനത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ എസ്എംഎസ് മുഖേന അറിയിപ്പ് നല്കുന്ന പദ്ധതി ഏതാനും ദിവസത്തിനകം അട്ടിമറിച്ചു. മാസങ്ങള്‍ മുന്‍പാണ് രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും അവരുടെ മൊബെയില്‍ നമ്പറുകളിലേക്ക് റേഷന്‍ വിതരണം സംബന്ധിച്ച അറിയിപ്പുകള് എസ്എംഎസ് മുഖേന അറിയിക്കുന്ന പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഏതാനും ദിവസത്തിനകം എസ്എംഎസ് അറിയിപ്പുകള് നിലച്ചു.
റേഷന്‍ അരി, ഗോതമ്പ് തുടങ്ങിയവ ഗോഡൗണുകളിലേക്കും ഡിപ്പോകളിലേക്കും അയക്കുന്നത് സംബന്ധിച്ച വിവരങ്ങളാണ് അതത് സമയം മൊബെയില്‍ നമ്പറുകളിലേക്ക് മെസേജ് ചെയ്യുന്നത്. റേഷന്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പറുകളും സാധനങ്ങളുടെ അളവുകളും എസ്എംഎസ് മുഖേന അറിയിക്കുമായിരുന്നു. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തകളിലേക്ക് കടത്തുന്നത് ഒഴിവാക്കാന്‍ പദ്ധതി ഏറെ സഹായകരമായിരുന്നു.
എസ്എംഎസില്‍ അറിയിക്കുന്ന നമ്പറുകളിലെ വാഹനങ്ങള്‍ കൃത്യമായി ഗോഡൗണുകളിലെത്തുന്നുണ്ടോ, റേഷന്‍ സാധനങ്ങള്‍ യഥാര്‍ഥ അളവില്‍ തന്നെ എത്തിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കുമെന്നതും പദ്ധതിയുടെ സവിശേഷതയായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം എസ്എംഎസ് അറിയിപ്പുകള് നിലച്ചു. പദ്ധതി പുനരാരംഭിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഭക്ഷ്യ വകുപ്പ് അഭിമാന പദ്ധതിയായി കണ്ടതായിരുന്നു എസ്എംഎസ് അറിയിപ്പുകള്.രണ്ടു മാസം മുന്‍പ് വകുപ്പ് മന്ത്രിയാണ് പദ്ധതി ഉത്ഘാടനം ചെയ്തത്. എന്നാല്‍ പദ്ധതി നിലച്ചത് ഇപ്പോള്‍ മന്ത്രി അടക്കമുള്ളവര്‍ അറിഞ്ഞ മട്ടില്ല.ഇപ്പോഴും ഭക്ഷ്യവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എസ്എംഎസ് പദ്ധതിയില്‍ അംഗമാകാമെന്ന് വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ മൊബെയില്‍ നമ്പറുകള്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാം .പക്ഷെ എസ്എംഎസ് അറിയിപ്പുകള് ലഭിക്കില്ലെന്ന് മാത്രം.
** പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: