മരട്: മദ്രസാ വിദ്യാര്‍ത്ഥിയായ ആറ് വയസുകാരനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതായി പറയപ്പെടുന്ന സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍. നെട്ടൂര്‍ യത്തീംഖാനയിലെ മത അധ്യാപകനായ ഉസ്താദ് ജാഫര്‍ സഖാഫി (23)യെയാണ് പിഞ്ചുബാലനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിന് ഇന്നലെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസയില്‍ വൈകിയെത്തിയതിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നാണ് പറയപ്പെടുന്നത്. ഇടതു ചെവിക്ക് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മുതുകിലും മറ്റും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കാണപ്പെടുന്നുണ്ട്.
നെട്ടൂര്‍ സ്വദേശിയായ ഹംസ ഹാജി (ദുബായ് ഹംസ) നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. മര്‍ദ്ദനമേറ്റതായി കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശി ജാഫര്‍ സഖാഫിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ മദ്രസയുടെ വൈസ് പ്രസിഡന്റു കൂടിയായ ഹംസയുടെ മൂന്നാം ഭാര്യയേയും കുട്ടിയേയും മദ്രസയില്‍ താമസിപ്പിച്ചിരിക്കുന്നതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നും പറയപ്പെടുന്നുണ്ട്. മദ്രസാ അധ്യാപകനും ഹംസയും തമ്മില്‍ കുറച്ചുകാലമായി നിരന്തരം വഴക്കും വാഗ്വാദങ്ങളും നടന്നുവരുന്നതായും പറയപ്പെടുന്നുണ്ട്.
യത്തീംഖാനയുടെ ചെയര്‍മാനായിരുന്ന കാലത്ത് ഹംസ സാമ്പത്തിക തിരിമറികള്‍ നടത്തിയിരുന്നതായി മദ്രസാ അധ്യാപകന് ജാഫര്‍ സഖാഫി ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നുണ്ട്.
അധ്യാപകനും മറ്റും ഉള്‍പ്പെടുന്ന ഒരുവിഭാഗവും യത്തീംഖാന ഭാരവാഹികളായ മറ്റൊരു വിഭാഗവും തമ്മിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായാണ് പോലീസിന്റെയും നാട്ടുകാരുടെയും നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: