പെരുമ്പാവൂര്‍: കഴിഞ്ഞ ജനുവരി 27ന് രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടയില്‍ ഇടഞ്ഞ് ഒരാനയെ കുത്തുകയും മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തുകയും ചെയ്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജി പെരുമ്പാവൂര്‍ കോടതി തള്ളി. ആനയുടെ ഇപ്പോഴത്തെ അവസ്ഥയും ആരോഗ്യസ്ഥിതിയും സംബന്ധിച്ച് വനംവകുപ്പ് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് ജി.രാജേഷ് ഹര്‍ജി തള്ളിയത്. ആന ഇപ്പോള്‍ കോടനാട് ആനക്കളരിയില്‍ വനപാലകരുടെ കസ്റ്റഡിയിലാണ്.
ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി വനംവകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ നാലിന് ഡിഎഫ്ഒ നാഗരാജു ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍ കണ്ടെത്തിയതായി രേഖപ്പെടുത്തിയിരുന്നു. കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ശശീന്ദ്രദേവ്, അങ്കമാലിയിലെ സീനിയര്‍ വെറ്ററിനറി സര്ജന് എസ്.സലീം, നോര്‍ത്ത് പറവൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോ. യു.ഗിരീഷ് എന്നിവരാണ് ആനയെ നാലിന് രാവിലെ 8ന് പരിശോധന നടത്തിയത്.
ഇവരുടെ റിപ്പോര്‍ട്ടനുസരിച്ച് മദപ്പാടിന്റെ ലക്ഷണമുള്ള ആനയെ 15 ദിവസത്തേക്ക് അഴിക്കരുതെന്നും തീറ്റയും വെള്ളവും മരുന്നും നല്കി നിരീക്ഷിക്കണമെന്നും പറയുന്നു. ഈ ആനയുടെ വലതുകണ്ണ് പൂര്‍ണ്ണമായും കാഴ്ചയില്ലാത്തതിനാല്‍ ഏത് സമയവും അക്രമാസക്തനാകാമെന്നും പറയുന്നു. ഇതിനെ ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഉത്സവംപോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ കൊണ്ടുപോകരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: