തൃശൂര്‍: ജീവനക്കാരുടെ പെന്ഷന് കുടിശിക തീര്‍ക്കാനെന്ന പേരില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ 30 ഏക്കര്‍ ഭൂമി സ്വകാര്യ ഏജന്‍സിക്ക് വില്‍ക്കാനുള്ള തീരുമാനം അഴിമതിക്കുവേണ്ടിയാണെന്ന് ആരോപണം. സെന്റിന് അഞ്ച് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ വിലമതിക്കുന്ന ഭൂമിയാണ് കോക്കനട്ട് ബയോ എന്ന സ്വകാര്യ സ്ഥാപനത്തിന് വെറും 30 കോടി രൂപയ്ക്ക് നല്‍കുന്നത്. 210 കോടി രൂപ കിട്ടാവുന്ന ഇടപാടില്‍ 180 കോടി രൂപ തട്ടിയെടുക്കാനാണ് തല്പരകക്ഷികള് ശ്രമിക്കുന്നതെന്ന് സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം ഐ കെ രവീന്ദ്രന്രാജ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ജനുവരി 10നാണ് ധനമന്ത്രിയും കൃഷിമന്ത്രിയും ചേര്‍ന്ന് കാര്ഷികോല്പാദന കമ്മിഷണര്‍, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷിവകുപ്പ് സെക്രട്ടറി സര്‍വകലാശാല വൈസ് ചാന്‍സലര്‍, കമ്പ്ട്രോളര്‍ എന്നിവരുടെ യോഗത്തിലാണ് സ്ഥലവില്‍പ്പന തീരുമാനിച്ചത്. ജനുവരി 19ന് തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പോലും ഈ വിവരം അറിയിക്കാന്‍ മന്ത്രിയോ, വൈസ് ചാന്‍സലറോ തയ്യാറായില്ല. സര്‍വകലാശാലയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ വില്ക്കുകയോ കൈമാറുകയോ ചെയ്യരുതെന്ന് 2012 നവംബര്‍ 17ന് സര്‍വകലാശാലാ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടുള്ളതാണ്.
2013 മാര്‍ച്ച് 31ന് സര്‍വകലാശാലയുടെ സാമ്പത്തിക ബാധ്യത 251.03 കോടി രൂപയാകും. ഇത് പരിഹരിക്കാന്‍ സര്‍വകലാശാലയും ഭൂമിയടക്കമുള്ള സ്വത്തുക്കള്‍കൂടി വില്ക്കാന് അധികൃതര്‍ മുതിര്‍ന്നേക്കുമെന്ന് അദ്ദേഹം ആക്ഷേപിച്ചു. പത്രസമ്മേളനത്തില്‍ പട്ടികജാതി-വര്‍ഗ സമാജ് ഓഫ് കേരളയുടെ ചെയര്മാന് പി ജി വേലായുധന് മാസ്റ്റര്‍, കരിയന്നൂര്‍ തവരാജ്, കെ കെ ഉത്തമന് ഇന്ദിരാ ഉത്തമന് എന്നിവരും പങ്കെടുത്തു. സര്‍വകലാശാലയില്‍ പട്ടികജാതി-വര്‍ഗ സംവരണ നിയമം പാലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: