കോട്ടയം: ദേശീയ കാഴ്ചപ്പാടും മതേതര മനോഭാവവും ഉള്ളവര്‍ ആവണം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് ജിഎസ്ടിയു ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ്സ് ഏറ്റെടുക്കണം.
വിദ്യാഭ്യാസ വകുപ്പില്‍ ഇപ്പോള്‍ നടക്കുന്നത് വിദ്യാഭ്യാസ വാണിഭമാണ്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ സമഭാവന പുലര്‍ത്തണം. അതില്ലാത്തതാണ് എയ്ഡഡ് പദവിയടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണം. കോണ്‍ഗ്രസ്സിനേക്കാള്‍ ദേശീയ ബോധവും മതേതര കാഴ്ചപ്പാടും ലീഗിന് കുറവാണെന്നും അവര്‍ പറഞ്ഞു.
ജിഎസ്ടിയു സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ മൂന്ന് ദിവസം കോട്ടയത്ത് നടക്കും. സമ്മേളനം എട്ടിന് രാവിലെ 11ന് മാമ്മന്‍മാപ്പിളഹാളില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 9 ന് രാവിലെ10 ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമാപന സമ്മേളനം കേന്ദ്രമന്ത്രി വയലാര്‍ രവിയും ഉദ്ഘാടനം ചെയ്യും. ജിഎസ്ടിയു ഭാരവാഹികളായ ജെ.ശശി, എം. സലാഹുദ്ദീന്, മുരളീധരന് പിള്ള തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: