ഇസ്ലാമാബാദ്: അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്ലാദന് ഒളിവില്‍ കഴിഞ്ഞിരുന്ന അബോട്ടാബാദ് നഗരത്തില്‍ പാക് സര്‍ക്കാര്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു.
30 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് സ്വകാര്യപങ്കാളിത്തത്തോടെയാണ് പാര്‍ക്ക് നിര്‍മ്മാണം. അമേരിക്കന്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ 2011ലാണ് ലാദന് കൊല്ലപ്പെട്ടത്. അമ്യൂസ്മെന്റ് പാര്‍ക്കില്‍ മൃഗശാല, പാരാഗ്ലാഡിംഗ് ക്ലബ്ബ്, റോക്ക് ക്ലൈംമ്പിങ്ങ്, ഗോള്‍ഫ് മൈതാനം തുടങ്ങിയവ ഉള്‍പ്പെടുത്താനാണ് പദ്ധതിയിടുന്നതെന്ന് കായിക-വിനോദമന്ത്രി സെയ്ദ് അക്വില്‍ ഷാ പറഞ്ഞു. ബിന്‍ ലാദന് കൊല്ലപ്പെട്ട നഗരമെന്ന പ്രതിഛായ മാറ്റാനല്ല പകരം പ്രവിശ്യയിലെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് ടുറിസം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള പദ്ധതി ആവിഷ്ക്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമ്യൂസ്മെന്റ് പാര്‍ക്ക് വരുന്നതോടെ അബോട്ടാബാദിന്റെ പ്രതിഛായ മാറുമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
നദീതീരത്തുള്ള ആദ്യഘട്ടത്തില്‍ 50 ഏക്കര്‍ സ്ഥലമാണ് പാര്‍ക്ക് നിര്‍മ്മാണത്തിനായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പിന്നീട് ഇത് 500 ഏക്കറായി വ്യാപിപ്പിക്കുമെന്ന് സെയ്ദ് ഷാ പറഞ്ഞു.
പാര്‍ക്കിന്റെ പണി പൂര്‍ത്തിയാകാന്‍ എട്ട് വര്‍ഷത്തോളമെടുക്കുമെന്നാണ് കരുതുന്നത്. ബിന്‍ ലാദനും ഭാര്യമാരും കഴിഞ്ഞിരുന്ന കെട്ടിടം പാക് അധികൃതര്‍ ഇടിച്ചുനിരത്തിയിരുന്നു. ഇവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: