കൊച്ചി: ഏത് അനന്യ കാഴ്ചകള്‍ക്കും പിന്നില്‍ ഒരു അനന്യസത്യം ഒളിഞ്ഞിരിക്കുന്നത് തിരിച്ചറിഞ്ഞവരാണ് ഭാരതീയ ആചാര്യന്മാര്. അനന്യമായ ചിന്തക്കാണ് ഗീതയിലൂടെ ഭഗവാന് കൃഷ്ണന് ആഹ്വാനംചെയ്തതെന്ന് സുകൃതം ഭാഗവതയജ്ഞത്തില്‍ സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.ഭൗതികശാസ്ത്രം കണ്ടെത്തിയ അനന്യസത്യമാണല്ലോ ഊര്‍ജം. അതുപോലെ മനസുകള്‍ക്ക് പിന്നിലുള്ള ബോധ ഊര്‍ജത്തെ എല്ലാ മതപ്രചാരകരും പരിശീലിപ്പിച്ചിരുന്നുവെങ്കില് മതവിദ്വേഷങ്ങളും ജാതിചിന്തയും ഒഴിഞ്ഞ ഒരു സുന്ദരലോകം കെട്ടിപ്പടുക്കാമായിരുന്നു. വിശ്വാസത്തില്‍നിന്നും വിചിന്തനത്തിലേക്കുള്ള പ്രയാണമായിരിക്കണം ഭാവിതലമുറയുടെ ആത്മീയ അനുഷ്ഠാനം. ആത്മീയ ഊര്‍ജ പ്രവാഹത്തിനുള്ള വഴിയാണ് ഭാഗവതം. അകലെയുള്ള ദൈവം രക്ഷിക്കുമെന്ന് പറയാതെ തന്നിലെ ആത്മശക്തികൊണ്ട് രക്ഷപ്പെടാനുള്ള വഴിയാണ് ഭാഗവതം നിര്‍ദ്ദേശിക്കുന്നത്.സുകൃതം ഭാഗവതയജ്ഞത്തിന്റെ മൂന്നാം നാള് വേദിയില്‍ അവതരിപ്പിച്ച നരസിംഹാവതാരം ദൃശ്യാവിഷ്ക്കാരം നവ്യാനുഭൂതി പകര്‍ന്നു. ഭക്തിഭാവം ഉണര്‍ത്തി നവ്യാനുഭൂതി പകര്‍ന്ന കലാകാരന്മാര്ക്ക് സ്വാമി ഉപഹാരങ്ങള്‍ നല്കി. ഇന്ന് വൈകിട്ട് യജ്ഞവേദിയില്‍ ശ്രീകൃഷ്ണാവതാരം ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. ഇന്നലെ വേദിയില്‍ നടന്ന ചടങ്ങില്‍ അര്ബുദരോഗബാധിതരായ 26 കുട്ടികള്‍ക്ക് 20,000 രൂപ വീതം ചികിത്സാസഹായം നല്കി. ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് സഹായം വിതരണം ചെയ്തു. ഡോ. ഗംഗാധരന്, മഹാരാജ ശിവാനന്ദന്, ഗോവിന്ദന്‍കുട്ടിമേനോന്‍, ജസ്റ്റിസ് രാമചന്ദ്രന്, ടി.എന്‍. നായര്‍, കൃഷ്ണമൂര്‍ത്തി, സരളാ വിജയന്, പി.വി.അതികായന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: