കൊച്ചി: സംസ്ഥാനത്തെ വിവിധ റെയില്‍വേ വികസന പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സ്ഥലമെടുപ്പ് ജോലികള്‍ വേഗത്തിലാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നിര്‍ദേശം. എറണാകുളം-കായംകുളം, കോട്ടയം-ആലപ്പുഴ, ചെങ്ങന്നൂര്‍-തിരുവല്ല തുടങ്ങി വിവിധ സ്ഥലങ്ങളിലുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികളും വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കും. റെയില്‍വേ പദ്ധതികളുടെ വികസനം സംബന്ധിച്ച് ഈ മാസം 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും.
ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയും കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടറുമായ ഏലിയാസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്നലെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഓഫീസിലായിരുന്നു ഉന്നതതല യോഗം.
വിവിധ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് 15 ലക്ഷം ക്യുബിക്ക് മീറ്റര്‍ മണ്ണ് ആവശ്യമുള്ളിടത്ത് 15000 ക്യുബിക്ക് മീറ്റര്‍ മണ്ണ് മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡാനി തോമസ് പറഞ്ഞു. 270 കോടിയുടെ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. വിവിധ പ്രശ്നങ്ങള്‍ കാരണം ഈ തുകയില്‍ പകുതി മാത്രമേ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മണ്ണ് ഖാനനവും ടിപ്പര്‍ ലോറികളിലുള്ള മണ്ണടിക്കലുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്തു. നിലിവില്‍ ജി.പി.എസ് ഘടിപ്പിച്ച ടിപ്പറുകളില്‍ മാത്രം മണ്ണടിച്ചാല്‍ മതിയെന്നാണ് തീരുമാനം. റെയില്‍വെ ജോലികള്‍ക്ക് മണ്ണ് ലഭ്യമാക്കാന്‍ പ്രത്യേക നയരൂപീകരണം വേണമെന്ന റെയില്‍വേയുടെ നിര്‍ദേശം 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രശ്നങ്ങള്‍ കൂടുതല്‍ നിലനില്കുന്ന പ്രദേശങ്ങളില്‍ എം.എല്‍.എമാരുടേയും തദ്ദേശീയരായ ജനപ്രതിനിധികളേയും ഉള്‍പെടുത്തി ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ കോട്ടയം ജില്ല കളക്ടര്‍ മിനി ആന്റണി, നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡാനി തോമസ്, ചീഫ് എഞ്ചിനിയര്‍ പി.ജയകുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എ.സൈനുദ്ദീന്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: