കോഴിക്കോട് ചാലിയത്തെ മത്സ്യത്തൊഴിലാളികള്‍ ഭീതിയുടെ തുരുത്തിലാണ് എന്നുവേണം പറയാന്‍. മീന്‍പിടിക്കാന്‍ പോയാല്തിരിച്ചുവരുമോ എന്ന ആശങ്ക അവരെ സമൂലം തകര്‍ക്കുന്നു. മത്സ്യബന്ധനത്തിനിടെ വള്ളങ്ങളില്‍ കപ്പലുകളും ബോട്ടുകളും വന്നിടിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. നേരത്തെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സംഭവങ്ങളാണിങ്ങനെ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇടക്കിടെ നടക്കുന്നു. മൂന്നാഴ്ചക്കിടെ ചാലിയത്തു നിന്നും മത്സ്യബന്ധനത്തിനു പോയ രണ്ടു വള്ളങ്ങള്‍ അപകടത്തില്‍പെട്ടു. ദൈവാധീനം കൊണ്ടാണ് ആള്നാശമുണ്ടാകാത്തത്. രണ്ടു സംഭവത്തിലും തകര്‍ന്നത് ലക്ഷങ്ങള്‍ വിലവരുന്ന ഫൈബര്‍ വളളങ്ങള്‍.
വള്ളങ്ങളെ തികച്ചും അവഗണിക്കുന്ന രീതിയിലാണ് ബോട്ടുകളും കപ്പലുകളും പെരുമാറുന്നത്. തങ്ങള്‍ക്ക് സ്വൈരവിഹാരം നടത്താനുള്ള പ്രദേശമാണ് കടലെന്നും അവിടേക്ക് ഇത്തരം വള്ളങ്ങള്‍ വരേണ്ടന്നും തീരുമാനിച്ചുറപ്പിച്ച പോലെയാണ് കാര്യങ്ങള്‍. കടല്‍ മര്യാദപോകട്ടെ സാമാന്യമര്യാദപോലും ഇത്തരം സംഭവങ്ങളില്‍ കപ്പലുകളിലെയും ബോട്ടുകളിലെയും ജീവനക്കാര്‍ പാലിക്കുന്നില്ല. നടുക്കടലില്‍ വള്ളങ്ങളെ തട്ടിത്തെറിപ്പിച്ച് അവര്‍ രാക്ഷസീയത കാട്ടുന്നു. രക്ഷാപ്രവര്‍ത്തനവും മറ്റും തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന ധാര്‍ഷ്ട്യമാണ് അവര്‍ക്ക്.
സുരക്ഷിതകേന്ദ്രങ്ങളില്‍ നിന്നുപോലും മീന്‍പിടിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേര്‍ന്നാല്‍ ഇത്തരം വള്ളങ്ങളുടെ ഉടമകളും അവരുടെ കുടുംബങ്ങളും എന്തുചെയ്യും? വന്‍കിടക്കാര്‍ക്കു മാത്രം ജീവിച്ചാല്‍ മതിയെന്ന സ്ഥിതിവന്നാല്‍ കാര്യങ്ങള്‍ എന്താവും?. കേന്ദ്രസര്‍ക്കാറായാലും സംസ്ഥാനസര്ക്കാറായാലും ആദ്യം കൂറ് സ്വന്തം നാട്ടുകാരോട് ആയിരിക്കണം. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരായവര്‍ക്ക് തക്കശിക്ഷനല്കണം. ഇല്ലെങ്കില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികുടുംബങ്ങളുടെ കൂട്ടക്കുരുതിക്ക് സാക്ഷ്യം വഹിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: