പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അസത്യ പ്രചരണങ്ങളുമായി കെജിഎസ് ഗ്രൂപ്പ് വീണ്ടും രംഗത്ത്. പച്ചക്കള്ളം പ്രചരിപ്പിച്ചും ജനങ്ങളെയും സര്‍ക്കാരിനേയും തെറ്റിദ്ധരിപ്പിച്ചും നിയമവിരുദ്ധമായി ആറന്മുളയില് നെല്‍പ്പാടവും നീര്‍ത്തടവും നികത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുവാനുള്ള കള്ളക്കളിയാണ് വിമാനത്താവള നിര്‍മ്മാണത്തിന്റെ മറവില്‍ കെജിഎസ് ഗ്രൂപ്പ് നടത്തിവരുന്നത്.
വെറും 10 മാസം മാത്രം അവശേഷിക്കുന്ന അടുത്ത ശബരിമല തീര്‍ത്ഥാടനത്തിന് മുമ്പ് ആദ്യവിമാനം പറപ്പിക്കുമെന്ന കെജിഎസ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കൊച്ചിയ്ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ നടത്തിയ അവകാശവാദം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിനായാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രസ്താവനകളാണ് കഴിഞ്ഞ കുറേ മാസങ്ങളായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി കെജിഎസ് ഗ്രൂപ്പ് നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാല് പത്രസമ്മേളനങ്ങള്‍ നടത്തി ജനുവരിയില്‍ തറക്കല്ലിടുമെന്ന് കമ്പനി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ്. ഫെബ്രുവരി ആയപ്പോഴേക്കും തറക്കല്ലിടുന്നതിനെപ്പറ്റിയല്ല 10 മാസം കഴിഞ്ഞാല്‍ വിമാനം പറന്നുയരുമെന്ന പുതിയ പ്രഖ്യാപനവുമായിട്ടാണ് കെജിഎസ് ഗ്രൂപ്പ് രംഗത്ത് വന്നിട്ടുള്ളത്.
ആറന്മുളയിലെ പ്രധാന പ്രശ്നം വിമാനത്താവളമല്ല നെല്‍വയലും നീര്‍ത്തടവും നികത്തുന്നതാണ്. പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളത്തിന്് വേറെ സ്ഥലമുണ്ട്. പക്ഷേ, എന്തു വന്നാലും ആറന്മുളയില് നെല്‍വയലും നീര്‍ത്തടവും നികത്തി വിമാനത്താവളം പണിയും എന്ന പിടിവാശി അനുവദിച്ചുകൊടുക്കാനാവില്ല. തങ്ങള്‍ക്ക് വിമാനത്താവളത്തിന് വേണ്ടി വരുന്ന 700 ഏക്കറും പൂര്‍ണമായും നെല്‍വയലും നീര്ത്തടവുമാണെന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചാണ് കമ്പനി വിമാനം പറക്കുന്നതിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നത്. ഭൂപരിധി നിയമം, ജലസേചന സംരക്ഷണ നിയമം, പരിസ്ഥിതി നിയമം, നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം, സിവില്‍ ഏവിയേഷന്‍ നിയമം, ദേശീയ സുരക്ഷാ നിയമം തുടങ്ങി നിരവധി നിയമങ്ങള്‍ ലംഘിച്ചാണ് 52 ഏക്കര്‍ നികത്തിയത്. ബാക്കി 650 ഏക്കര്‍ നികത്തണമെങ്കില്‍ ഈ നിയമങ്ങള്‍ എല്ലാം വീണ്ടും ലംഘിക്കണം. മാത്രവുമല്ല, കമ്പനി വാങ്ങിയ സ്ഥലമെല്ലാം മിച്ചഭൂമിയാക്കി കളക്ടര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ളത് വെറും 32 ഏക്കര്‍ മാത്രമേയുള്ളു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യഥാര്‍ത്ഥ ഉടമസ്ഥര്‍ അറിയാതെ വന്‍ തട്ടിപ്പിലൂടെ ഭൂമി കൈവശപ്പെടുത്തിയതിനും കേസ് നിലവിലുണ്ട്. പരസ്യമായി എല്ലാം നിയമങ്ങളും ലംഘിക്കുമെന്ന് പ്രഖ്യാപിക്കുന്ന കെജിഎസ് ഗ്രൂപ്പ് എന്ന കോര്‍പ്പറേറ്റ് കമ്പനി നിയമവാഴ്ചയെയാണ് വെല്ലുവിളിക്കുന്നത്. അതില്‍ 10 ശതമാനം ഷെയര്‍ എടുക്കുന്ന സര്‍ക്കാര്‍ കൊള്ളമുതലിന്റെ പങ്ക് പറ്റുകയും നിയമലംഘകര്‍ക്ക് സംരക്ഷണം നല്‍കുകയുമാണ് ചെയ്യുന്നത്.
30 വര്‍ഷമായി ആറന്മുളയില് കൃഷിയില്ലെന്ന കെജിഎസ് കമ്പനിയുടെ വാദം ശരിയല്ല. 2004 ല്‍ വിമാനത്താവള കമ്പനി മണ്ണിട്ടുമൂടിയത് കൊണ്ട് വെള്ളക്കെട്ട് ഉണ്ടായി എന്നും അത് മൂലം കൃഷി അസാധ്യമായി തീര്‍ന്നുവെന്നും കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും റവന്യൂ അധികൃതരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സര്‍വെ നമ്പരുകളില്‍പ്പെട്ട മറ്റ് സ്ഥലങ്ങളില്‍ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്. വിമാനത്താവള കമ്പനിയുടെ രംഗപ്രവേശത്തോടെയാണ് ആറന്മുളയില് കൃഷി നാശവും കുടിവെള്ള ക്ഷാമവും വരള്‍ച്ചയും ഉണ്ടായിട്ടുള്ളത്.
എയറോട്രോപോളിസ് അഥവാ വിമാനത്താവള നഗരമാണ് ആറന്മുളയില് നിര്‍മ്മിക്കുക എന്നതാണ് കമ്പനിയുടെ പ്രചരണം. എയറോട്രോപോളിസിന് ഏറ്റവും ചുരുങ്ങിയത് 2000 ഏക്കര്‍ വേണ്ടിവരും. പ്രോജക്ടിന്റെ സ്കെച്ച് പ്ലാന്‍, എസ്റ്റിമേറ്റ്, സാധ്യതാപഠന റിപ്പോര്‍ട്ട്, അതിര്‍ത്തി നിര്‍ണയ രേഖകള്‍ തുടങ്ങിയവ ഇന്നേവരെ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഒരു വീടുപോലും കുടിയൊഴിപ്പിക്കില്ലെന്ന് പറയുന്നതിന് അടിസ്ഥാനമില്ല. ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം ഉള്‍പ്പെടെ അഞ്ചുക്ഷേത്രങ്ങള്, ആറ് കാവുകള്‍, മഠങ്ങള്‍, 3000 വീടുകള്‍ തുടങ്ങിയവ പദ്ധതി പ്രദേശത്തിനുള്ളില്‍ വരുമെന്ന വിവരം മറച്ചുപിടിയ്ക്കുന്നത് എന്തുകൊണ്ടാണ്?
ആറന്മുളയാണ് വിമാനത്താവളത്തിന് യോഗ്യമായ സ്ഥലമെന്ന് അയാട്ട റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കെജിഎസ് കമ്പനിയുടെ പ്രസ്താവന വസ്തുതാപരമല്ലെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ പി. ആര്. ഷാജി, പള്ളിയോട പള്ളിവിളക്ക് സംരക്ഷണ സമിതി കണ്‍വീനര്‍ പി. ഇന്ദുചൂഡന്, പ്രകൃതി സംരക്ഷണ സൗഹൃദ വേദി കണ്‍വീനര്‍ പ്രദീപ് അയിരൂര്‍ എന്നിവര്‍ പ്രതികരിച്ചു. പാരിസ്ഥിതികാനുമതി നല്‍കേണ്ടത് സംസ്ഥാന എന്‍വയോണ്‍മെന്റ് അസസ്മെന്റ് അതോറിറ്റിയാണ്. അവര്‍ അനുമതി നല്‍കിയിട്ടില്ല. 40 ശതമാനം വിമാനയാത്രികര്‍ മധ്യതിരുവിതാംകൂറുകാരല്ല. ദേശീയ പ്രവാസി ദിവസ് സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം വിദേശത്തുള്ള മലയാളികളുടെ കാര്യത്തില്‍ പത്തനംതിട്ടയ്ക്ക് ഏഴാം സ്ഥാനമാണുള്ളത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആറന്മുള വിമാനത്താവളം കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഗുരുവായൂര്‍, എരുമേലി ദര്‍ശനം നടത്തി ശബരിമലയ്ക്ക് പോകാറുള്ള തീര്‍ത്ഥാടകര്‍ നെടുമ്പാശേരി വഴിയാണ് യാത്ര ഇഷ്ടപ്പെടുക. രണ്ടുമാസക്കാലം തീര്‍ത്ഥാടകര്‍ക്ക് വേണ്ടി തിരുവാറന്മുളയപ്പന്റെ പുത്തരിക്കണ്ടമായ നെല്‍വയല്‍ മണ്ണിട്ടു മൂടുവാന്‍ ഒരു അയ്യപ്പഭക്തനും ആഗ്രഹിക്കില്ല. ആറന്മുള വിമാനത്താവള കമ്പനി പറയുന്നതെല്ലാം ശരിയാണെന്ന് ബോധ്യമുണ്ടെങ്കില്‍ പരസ്യമായി ജനങ്ങളുടെ മുമ്പില്‍ വസ്തുതകള്‍ വിശദീകരിക്കുന്നതിന് ഒരു സംവാദം നടത്തുവാന്‍ മുഖ്യമന്ത്രിയും മാനേജിംഗ് ഡയറക്ടറും തയ്യാറാകണമെന്നും സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: