കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന തികച്ചും അനാവശ്യവും അതിരുകടന്നതുമാണെന്ന് എന്‍എസ്എസ്. ജാതിസംഘടനകള്‍ ശരിയായ നില തിരിച്ചറിയണം. അതിനപ്പുറം പോയാല്‍ സ്വയംകെടുതിയാവും. സുകുമാരന്നായരല്ല ഏതുജാതിസംഘടനയുടെ ആളായാലും പോകുന്നതിനൊരു പരിധിയുണ്ടെന്നും മറ്റും പിണറായിവിജയന് എന്‍എസ്എസ്സിനെതിരെ പ്രതികരിച്ചിരുന്നു.
എന്‍എസ്എസ്സും കോണ്ഗ്രസ്സ്നേതൃത്വവുമായി ഉണ്ടാക്കിയ ധാരണാതര്ക്കം സംബന്ധിച്ചുള്ള വിഷയത്തില്‍ മാര്ക്സിസ്റ്റുപാര്ട്ടിനേതാക്കളുടെതായ ഇത്തരം പ്രതികരണം അനുചിതമാണ്. പിണറായി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നു എന്നു പറയാന്‍ ഇടയായത് ഇത്തരം ഇടപെടലുകള്മൂലവുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സാമുദായികരംഗത്തു മാത്രമല്ല, സാമൂഹികരംഗത്തും വിദ്യാഭ്യാസരംഗത്തും ഒരു നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവരുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ചരിത്രം പഠിക്കാതെയുള്ള രാഷ്ട്രീയനേതാക്കളുടെ ഇത്തരം പ്രതികരണങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ല.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്നങ്ങളില്‍ എന്‍എസ്എസ് ഇടപെടാറില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ സാമൂഹികനീതിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെതിരെ അഭിപ്രായം പറയാനുള്ള ഭരണഘടനാപരമായ അവകാശം ഒരു വ്യക്തിക്കുള്ളതുപോലെ സമുദായസംഘടനകള്‍ക്കും ഉണ്ട്. അതുമാത്രമേ എന്‍എസ്എസ് ചെയ്തുള്ളൂ. അതിനെതിരെ വിലക്കു കല്പിക്കാനോ, ഭീഷണി ഉയര്‍ത്താനോ ഒരു രാഷ്ട്രീയനേതാവിനും പ്രത്യേക അവകാശമൊന്നുമില്ല. അതൊന്നും കേട്ട് വിരളുന്ന സംഘടനയുമല്ല എന്‍എസ്എസ്.
ഭൂരിപക്ഷജനവിഭാഗത്തിന്റെ അവകാശങ്ങള്‍ അധികാരവര്‍ഗം ബോധപൂര്‍വം നിഷേധിക്കുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താനും പ്രതികരിക്കാനും ആ വിഭാഗത്തിലെ പ്രബല സമുദായസംഘടനകളായ എന്‍എസ്എസ്സിനും എസ്എന്‍ഡിപിക്കും അവകാശമുണ്ട്. അതിനായി അവര്‍ ഒന്നിക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഹാലിളകിയിട്ടു കാര്യമില്ല. രാഷ്ട്രീയനേതാക്കള്‍ അവരവരുടെ പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലുകള്‍ നികത്തുന്നതിനുപകരം, അനാവശ്യമായി സമുദായസംഘടനകളുടെമേല് കുതിരകയറുകയല്ല വേണ്ടതെന്നും ജി. സുകുമാരന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: