കൊച്ചി: ഇന്ന് പലസ്തീനെതിരെ വിജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ പരിശീലകന് വിം കോവര്‍മാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാലസ്തീനില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് പ്രതീഷിക്കുന്നതെന്നും ഇന്ത്യ മത്സരത്തിനായി സുസജ്ജരായിട്ടുണ്ടെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. 4-3-3 ശൈലിയിലായിരിക്കും പാലസ്തീനെതിരെ ടീമിനെ അണിനിരത്തുകയെന്നും കോവര്‍മാന്‍ പറഞ്ഞു. മത്സരം ആവേശകരമായിരിക്കുമെന്ന് പറഞ്ഞ കോച്ച് പാലസ്തീന് ശക്തരായ എതിരാളികളാണെന്നും പറഞ്ഞു.
ഇന്ത്യ മികവുറ്റ ടീമാണ്. ഇവിടെ വന്നതില്‍ സന്തോഷമുണ്ട്. ഈ മത്സരം ആവേശം വിതയ്ക്കുമെന്ന് കരുതുന്നു, കോവര്‍മാന്‍ നന്ദി പറഞ്ഞുകൊണ്ട് പാലസ്തീന് പരിശീലകന് ജമാല്‍ മെഹമൂദ് അബേദ് മെഹമൂദ് പാസ് പുഞ്ചിരിയോടെ പറഞ്ഞു. കൊച്ചിയിലെ ചൂട് അല്പം ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും രണ്ട് ദിവസമായി നടത്തിയ പരിശീലനത്തിലൂടെ അത് പരിഹരിക്കാന്‍ കഴിയുമെന്നും പാലസ്തീന് കോച്ച് പറഞ്ഞു. അതേസമയം ഫുട്ബോളിലൂടെ ലോകത്തിന് സമാധാന സന്ദേശം നല്‍കാനാണ് തങ്ങള്‍ക്ക് ഏറെ താല്പര്യമെന്നും ജമാല്‍ മെഹമൂദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പരിശീലനത്തിനിടെ ടീമിലിടം നേടിയിരിക്കുന്ന പുതുമുഖങ്ങള്‍ക്ക് മികച്ച നിര്‍ദ്ദേശങ്ങള്‍ നല്കി അവരുടെ ആത്മവിശ്വാസം ഉയര്‍ത്താനും കോവര്‍മാന്‍ ശ്രമിക്കുന്നുണ്ട്. ടീമില്‍ ഇടം പിടിച്ച പുതുമുഖങ്ങളായ സന്ദീപ് നന്ദി, ലാല്‍കമല്‍ ബൗമിക്, അറാട്ട ഇസുമി, ഷൗവിക് ഘോഷ്, സി.കെ. വിനീത്, ഗുര്‍ജീന്ദര്‍ കുമാര്‍ എന്നിവര്‍ക്കാണ് കോച്ചിന്റെ ഉപദേശങ്ങള്‍ ഏറെയും. “നിങ്ങളിപ്പോള്‍ ദേശീയ ടീമില്‍ ഇടം നേടിയിരിക്കുകയാണ്. രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നതിന്റെ അഭിമാനവും വികാരവും നിങ്ങളുടെതാണ്. എന്നാല്‍ രാജ്യാന്തര ഫുട്ബാളിന്റെ സമ്മര്‍ദ്ദം ഉള്‍ക്കൊള്ളുകയും വേണം. അത് വളരെ ആഴത്തില്‍ ഉള്‍ക്കൊണ്ട് കളിക്കണം.” നെഹ്റുകപ്പില്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന കോവര്മാന്റെ ഉപദേശം ഇത്തരത്തിലാണ്.
എല്ലാ ദിവസം അതിരാവിലെ പുതച്ചുമൂടിക്കിടന്ന് സുഖമായി ഉറങ്ങേണ്ട സമയത്ത് ടീമംഗങ്ങളെ കോവര്‍മാന്‍ വ്യായാമത്തിലൂടെ വിയര്‍പ്പിക്കും. എല്ലാ ദിക്കിലും സൂക്ഷ്മദൃഷ്ടി ചെലുത്തി പരിശോധിക്കും. ഇടയ്ക്ക് ഒന്നോ രണ്ടോ കോഫി കുടിക്കും. പിന്നെ നോട്ട്പാഡില് എന്തൊക്കെയോ കുറിക്കും. ഇതിനിടയ്ക്ക് ടാക്ടിക് ബോര്‍ഡിനടുത്ത് ചെന്ന് മാഗ്നറ്റ് ചലിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: