കൊല്ലം: ഡോ.കെ.ആര്. നാരായണന് നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ രംഗങ്ങളില്‍ ശോഭിക്കുന്ന വ്യക്തിത്വങ്ങള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഇന്നലെ രാവിലെ ടി.എം. വര്‍ഗീസ് സ്മാരക മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ മിസോറാം ഗവര്‍ണര്‍ വക്കം ബി. പുരുഷോത്തമന് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്വന്തം കഴിവും പ്രാഗത്ഭ്യവും കൊണ്ട് ഭാരതത്തിന്റെ പരമോന്നത പദവിയിലേക്ക് വളര്‍ന്നുവന്ന വ്യക്തിത്വമായിരുന്നു മലയാളിയായ കെ.ആര്. നാരായണന്റേതെന്ന് വക്കം പുരുഷോത്തമന് പറഞ്ഞു. ഔദ്യോഗികപരമായും രാഷ്ട്രീയ പരമായും പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കെ.ആര്. നാരായണന് കഴിഞ്ഞിട്ടുണ്ട്. നിര്‍ദ്ധന കുടുംബത്തില്‍ ജനിച്ച് രാഷ്ട്രത്തിന്റെ തലവനായി മാറിയ കെ.ആര്. നാരായണന്റെ മാതൃക കേരളത്തിലെ പുതുതലമുറ പഠിക്കണമെന്നും അദ്ദേഹത്തിന്റെ പാതയില്‍ കൂടുതല്‍ പേരെ സംഭാവന ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്നും വക്കം കൂട്ടിച്ചേര്‍ത്തു. ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 500 രൂപ വീതം ചികിത്സാ ധനസഹായമായി നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
അഡ്വ. ബിന്ദുകൃഷ്ണ അധ്യക്ഷയായിരുന്നു. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്, യു.സി. രാമന്, എം. അബ്ദുള്‍ അസീസ്, സുനില്‍ദാസ് സ്വാമി, ഇ.കെ. സുശീല്‍കുമാര്‍, എ.ആര്. അനൂപ്, ഡോ.വരുണ്‍ നടരാജന്, ഡോ. ലാജി ജ്വോഷ്വാ തരകന്, ഡോ. ഷാഹുല്‍ ഹമീദ്, ജെ.ഡി. ഗോപന് തുടങ്ങിയവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്, അഡ്വ. കലേശ്, പെരുമണ്‍ ഗോപാലകൃഷ്ണന്, ചാത്തന്നൂര്‍ ബാലകൃഷ്ണന്, കെ. രാഹുലന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: