പള്ളുരുത്തി: വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം പടിഞ്ഞാറന്‍ കൊച്ചിയില്‍ തിങ്കളാഴ്ച പവര്‍ഹോളിഡേ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി. രാവിലെ 8 മുതല്‍ 6 വരെ പള്ളുരുത്തി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി, തുടങ്ങി പശ്ചിമകൊച്ചിയിലെങ്ങും വൈദ്യുതി വിതരണം നിലച്ചു സബ്സ്റ്റേഷനിലെ മെയിന്റന്‍സ് ജോലികളുടെ പേരിലാണ് വൈദ്യുതി വിതരണം നിര്‍ത്തിയത്. ഓരോഫീഡറുകളും വ്യത്യസ്ത സമയങ്ങളില്‍ നിര്‍ത്തിയാണ് സബ് സ്റ്റേഷന് മെയിന്റനന്‍സ് ജോലികള്‍ നടത്തുന്നത്. മുഴുവന്‍ ഫീഡറുകളും ഒരേ സമയം ഓഫാകുന്ന രീതി നടത്താറില്ല. സബ്സ്റ്റേഷന് കീഴിലുള്ള അറ്റകുറ്റപ്പണി നടത്തുമ്പോള്‍ എല്ലായിടത്തും വൈദ്യുതി തടസ്സപ്പെടാറില്ല. തിങ്കളാഴ്ച എല്ലാ ഫീഡറുകളും ഓഫാക്കി വൈദ്യുതി വിതരണം സ്തംഭിപ്പിക്കുകയായിരുന്നു. വൈദ്യുതി ലാഭിക്കുന്നതിനായി പകല്‍ സമയം മുഴുവന്‍ വൈദ്യുതിവിതരണം നിര്‍ത്തിവെക്കുന്നതിനായി ബോര്‍ഡ് രഹസ്യമായി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇത്തരം ഒരു പരീക്ഷണത്തിന് പശ്ചിമകൊച്ചി തെരഞ്ഞെടുത്തപ്പോള്‍ കറണ്ട് പോകുമെന്ന് മുന്‍കൂട്ടി അറിയിക്കാനുള്ള മര്യാദ അധികൃതര്‍ കാട്ടിയില്ല. ചില മേഖലകളില്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് പത്രങ്ങള്‍ വഴി അറിയിപ്പു കൊടുത്തിരുന്നെങ്കിലും പൂര്‍ണ്ണമായി വൈദ്യുതി സ്തംഭിക്കുമെന്ന് അറിയിക്കാതിരുന്നത് ജനത്തിന് കൂടുതല്‍ ദുരിതമായി.
വൈദ്യുതി വിതരണം സ്തംഭിച്ചതിനെത്തുടര്‍ന്ന് കൊച്ചിയിലെ തൊഴില്‍ മേഖല സ്തംഭിച്ചു. ജല വിതരണവും തടസ്സപ്പെട്ടു. വര്‍ക്ക്ഷോപ്പുകള്‍, ചെറുകിട കച്ചവടക്കാര്‍, ഹോട്ടലുകള്‍, കെട്ടിടനിര്‍മ്മാണ മേഖല, ആശുപത്രി സേവനമേഖല, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തേയും കറണ്ടുകട്ട് ബാധിച്ചു. പശ്ചിമകൊച്ചിയില്‍ വൈദ്യുതി വിതരണത്തിലുണ്ടായ തടസ്സം പവര്‍ ഹോളിഡേയുടെ ഭാഗമായിരുന്നില്ലെന്ന് വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ മറ്റു പ്രദേശങ്ങളിലും കറണ്ട് കട്ട് ചെയ്ത് പവര്‍ഹോളിഡേ തുടരാനും നിര്‍ദ്ദേശമുണ്ടത്രെ. എന്നാല്‍ ഇതു പരസ്യമാക്കരുതെന്ന് അധികൃതര്‍ക്ക് നിര്‍ദ്ദേശമുണ്ടെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: