കൊച്ചി: സംസ്ഥാനത്തെ വിവിധ റെയില്‍വെ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയും കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടറുമായ ഏലിയാസ് ജോര്‍ജിന്റെ അധ്യക്ഷതയിലാണ് യോഗം. ഉച്ചയ്ക്ക് മൂന്നിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഓഫീസില്‍ ചേരുന്ന യോഗത്തില്‍ വ്യവസായം, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളുടെ സെക്രട്ടറിമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍, റെയില്‍വെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളുടെ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
മണ്ണ് ഖാനനവും ടിപ്പര്‍ ലോറികളിലുള്ള മണ്ണടിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം എറണാകുളത്തു നിന്നും കായംകുളത്തേക്കുള്ള പാത ഇരട്ടിപ്പിക്കല്‍ നേരിടുന്ന പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്യും. കോട്ടയം റൂട്ടില്‍ ചെങ്ങന്നൂര്‍ – തിരുവല്ല, ആലപ്പുഴ റൂട്ടില്‍ അമ്പലപ്പുഴ – ഹരിപ്പാട് ഭാഗങ്ങളിലെ ഇരട്ടിപ്പിക്കലാണ് മണ്ണ് ലഭിക്കാത്തത് മൂലം സ്തംഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ റെയില്‍വെ ജോലികള്‍ക്ക് മണ്ണ് ലഭ്യമാക്കാന്‍ പ്രത്യേക നയരൂപീകരണം വേണമെന്ന നിര്‍ദേശമാണ് ഇന്നത്തെ യോഗം പരിഗണിക്കുക. അങ്കമാലി – അഴുത ശബരി റെയില്‍ അലൈന്മെന്റ്, നിര്‍ദിഷ്ട ഗുരുവായൂര്‍ – തിരുനാവായ പാത എന്നിവ സംബന്ധിച്ചും ഉന്നതതലയോഗം ചര്‍ച്ച ചെയ്യും.
മണ്ണ് ലഭിക്കാത്തത് മൂലം റെയില്‍വെ നിര്‍മാണ ജോലികള്‍ നേരിടുന്ന പ്രതിസന്ധി ദക്ഷിണ റെയില്‍വെ അധികൃതര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ വിലയിരുത്തല്‍ യോഗത്തില്‍ നടക്കും. ഖാനനം, മണ്ണടിക്കല്‍ എന്നിവയ്ക്കുള്ള അനുമതി, ടിപ്പറുകളുടെ സമയക്രമീകരണം എന്നിവയില്‍ റെയില്‍വെയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അങ്കമാലി – അഴുത പാതയില്‍ തൊടുപുഴ മുതല്‍ എരുമേലി വരെയുള്ള ഭാഗത്തിനായി നിശ്ചയിച്ച അലൈന്‍മെന്റിനെതിരെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയിരുന്നു. എതിര്‍പ്പ് മൂലം കോട്ടയം ജില്ലയില്‍ പദ്ധതിയുടെ സര്‍വെ ജോലികള്‍ നടക്കുന്നില്ല. അലൈന്മെന്റ് സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തുന്നതിനുള്ള നിര്‍ദേശങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ഗുരുവായൂര്‍ – തിരുനാവായ പാതയുടെ സര്‍വെ ജോലികളും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് സ്തംഭനത്തിലാണ്. പൊന്നാനി തുറമുഖത്തേക്ക് ഈ ലൈന്‍ നീട്ടുന്നത് സംബന്ധിച്ച നിര്‍ദേശവും യോഗം ചര്‍ച്ച ചെയ്യും. ഷൊര്‍ണൂര്‍ ഒഴിവാക്കി കോംഗ്കണ്‍ പാതയിലൂടെ മുംബൈയിലെത്തുന്നതിനുള്ള ബൈപ്പാസ് എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള പദ്ധതിയാണ് ഗുരുവായൂര്‍ – തിരുനാവായ പാത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: