കൊച്ചി: അപ്രോച്ച് റോഡ് നിര്‍മ്മിക്കാതെ പാലം പണിതിട്ട് കാര്യമില്ലെന്നും പുല്ലേപ്പടിപാലത്തിന്റെ അപ്രോച്ച് റോഡുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.
എറണാകുളം വികസന സമിതിയുടെ നേതൃത്വത്തില്‍ വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തില്‍ പുല്ലേപ്പടി അപ്രോച്ച് റോഡ് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നഗരസഭാ മേയര്‍ക്ക് നല്കുന്ന ഭീമഹര്‍ജിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം വികസന സമിതി പ്രസിഡന്റ് കെ.ലക്ഷ്മിനാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിവിധ സംഘടനാഭാരവാഹികളായ പി.രംഗദാസപ്രഭു, എസ്.ബാലകൃഷ്ണന്, കെ.എസ്.ദിലീപ്കുമാര്, കുരുവിള മാത്യൂസ്, കുമ്പളം രവി, ജോ.പാലക്കാരന്, ഏലൂര്‍ ഗോപിനാഥ്, പി.എ.ബാലകൃഷ്ണന്, സി.എ.വിജയചന്ദ്രന്‍, രാജു മൈക്കിള്‍, ഏലിയാസ് കെ.ജോര്‍ജ്, പോളി ജോസഫ്, വി.ഉപേന്ദ്രനാഥ പ്രഭു, രത്നാകര പൈ, അനില്‍കുമാര്‍ കാരിക്കാമുറി, ഷംസാദ് ഹുസൈന് സേട്ട്, കെ.പി.ഗോപിനാഥ കമ്മത്ത്, സലാം പുല്ലേപ്പടി, പ്രകാശ് സിറ്റാഡല്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഗവണ്മെന്റിന്റെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ മുഖ്യമന്ത്രി അനുവദിച്ചിട്ടും പുല്ലേപ്പടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അക്വിസിഷന്‍ നടപടി പോലും ആരംഭിക്കാന്‍ കഴിയാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എറണാകുളം വികസന സമിതി കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ നിരന്തരമായ പ്രക്ഷോഭ പരിപാടിക്ക് നേതൃത്വം നല്‍കുന്നതിന് എറണാകുളം വികസന സമിതി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: