കൊല്ലം: നിരവധി മോഷണകേസുകളിലും, പിടിച്ചുപറി കേസുകളിലും പ്രതികളായ രണ്ടുപേരെ കൊല്ലത്ത് വ്യാപാരസ്ഥാപനത്തില്‍ മോഷണശ്രമത്തിനിടയില്‍ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിന്‍കര താലൂക്കില്‍ മാറനല്ലൂര്‍ അരിമാളുര് ചേരിയില്‍ കല്ലുംമ്പറ്റ വീട്ടില്‍ അന്‍ഷാദ് (34), പത്തനാപുരം താലൂക്കില്‍ വിളക്കുടി ചേരിയില്‍ കാര്യറ ജംഗ്ഷനില്‍ കളീലഴികം കിഴക്കതില്‍ കബീര്‍ (40) എന്നിവരാണ് പോലീസ് പിടിയിലായത്. വടയാറ്റുകോട്ടയിലുള്ള ഒരു ജുവലറിയില്‍ മോഷണം നടത്തുന്നതിനാണ് ഇവര്‍ എത്തിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പകല്‍ ചായക്കടകളിലും ചെറുവ്യാപാര സ്ഥാപനങ്ങളിലും ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന കബീര്‍, രാത്രി മോഷണം നടത്തുന്നതിനായി ജുവലറികളും, മറ്റ് വ്യാപാരസ്ഥാപനങ്ങളും കണ്ടുവയ്ക്കുകയും, കൂട്ടാളിയായ അന്‍ഷാദിനെ വിളിച്ചുവരുത്തി മോഷണം നടത്തുകയും, തിരിച്ച് തിരുവനന്തപുരത്ത് മോഷണം നടത്തുന്നതിലേക്കായി കബീറിനെ അവിടേക്ക് വിളിച്ചുവരുത്തുകയുമാണ് രീതി. കബീര്‍ കൊല്ലത്തെ പല ഹോട്ടലുകളിലും ജോലിക്ക് നിന്നിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഇതില്‍ അന്‍ഷാദ് തിരുവനന്തപുരത്ത് നിരവധി പിടിച്ചുപറി, വീട് കയറി മോഷണം എന്നീ കേസുകള്‍ക്ക് ഫോര്‍ട്ട് പോലീസ് സ്റ്റേഷന്, തമ്പാനൂര്‍, വഞ്ചിയൂര്‍, കാട്ടാക്കട എന്നീ പോലീസ് സ്റ്റേഷനുകളില്‍ പലതവണ പിടിയിലായിട്ടുള്ളതും ഇവയില്‍ പലതിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതും മറ്റ് പല പോലീസ് സ്റ്റേഷനുകളിലേയും മോഷണ കേസുകളില്‍ വിചാരണ നടന്നുവരികയുമാണ്. കൊല്ലത്ത് ആദ്യമായാണ് പോലീസ് പിടിയിലായതെന്ന് പ്രതികള്‍ പറയുന്നു.
അതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റീ തെഫ്റ്റ് സ്ക്വാഡില്‍പ്പെട്ട കൊല്ലം ഈസ്റ്റ് എസ്.ഐ ജി. ഗോപകുമാര്‍, അഡിഷണല്‍ എസ്ഐ വിജയരാജ്, എഎസ്ഐ രഘുനാഥ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ഹരിലാല്‍, സജിത്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: