ഇസ്ലാമാബാദ്: പാക് ജയിലില്‍ വച്ച് ഇന്ത്യക്കാരന് മരിക്കാനിടയായ സംഭവം അന്വേഷിക്കുന്നതിന് പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് ഉത്തരവിട്ടു.
ജയില്‍ ജീവനക്കാരന്റെ ആക്രമണത്തിന് ഇരയായി ചംബെയില് സിംഗ് ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. ഈ കേസ് അന്വേഷിക്കുന്നതിന് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മാലിക് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു.
ജനുവരി 15 നാണ് കോട് ലഖ്പത് ജയിലില്‍ വച്ച് ജയില്‍ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റ് സിംഗ് കൊല്ലപ്പെട്ടത്. സഹതടവുകാരനും അഭിഭാഷകനുമായ തെഹ്സീന്‍ ഖാന് ഈ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന് അധികൃതര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ ഖാന്റെ ആരോപണം നിഷേധിക്കുകയും ഹൃദയാഘാതമാണ് മരണകാരണമെന്നും പറയുകയായിരുന്നു.
ജിന്ന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സിംഗിന്റെ മൃതദേഹത്തില്‍ പരിശോധന നടത്താത്തിനെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
സിംഗിന്റെ മൃതദേഹം കൈമാറുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് പാക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാരപ്രവൃത്തിയുടെ പേരില്‍ 2010 ലാണ് സിംഗ് അറസ്റ്റിലാകുന്നത്.
കോട് ലഖ്പത് ജയിലില്‍ നിലവില്‍ 33 ഇന്ത്യന്‍ തടവുകാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: