“നിഷ്പക്ഷമായി ചിന്തിക്കുന്ന ദേശാഭിമാനമുള്ള ഏതൊരു മുസ്ലീമും എന്റെ സിനിമ കാണുമ്പോള്‍ അഭിമാനിക്കും. ആ ഉദ്ദേശ്യത്തോടെ നിര്‍മിച്ചതാണത്. മാനുഷികവും സാമൂഹികവുമായ പ്രശ്നങ്ങളില്‍ ഒരു നടനെന്നതിനപ്പുറം പോയി ഞാന്‍ അഭിപ്രായ പ്രകടനം നടത്താറുണ്ട്.
ഹിന്ദു-മുസ്ലീം ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഹാര്‍മണി ഇന്ത്യ’ എന്ന സംഘടനയില്‍ അംഗമാണ് ഞാന്‍. ചിത്രം എന്റെ മുസ്ലീം സഹോദരങ്ങള്‍ക്ക് എതിരാണെന്ന് വ്യാഖ്യാനിക്കുന്നത് എന്നില്‍ നടുക്കമുണ്ടാക്കി. ഒരു സമുദായത്തെ ഇകഴ്ത്തിക്കാണിക്കുന്നുവെന്ന ആരോപണങ്ങള്‍ എന്നെ വേദനിപ്പിക്കുന്നുവെന്ന് മാത്രമല്ല എന്റെ വികാരങ്ങളെ നിന്ദിക്കുകയുമാണ്. നിയമത്തിന്റെ വഴി തേടാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഇത്തരത്തിലുള്ള സാംസ്ക്കാരിക ഭീകരത അവസാനിപ്പിക്കേണ്ടതുണ്ട്. കൊള്ളരുതാത്തവരായ മുസ്ലീങ്ങളെ ഞാന്‍ സിനിമയില്‍ കാണിച്ചിട്ടില്ല. എന്റെ സിനിമയിലെ നല്ല മുസ്ലീങ്ങള്‍ ഇന്ത്യന്‍ മുസ്ലീങ്ങളാണ്. ചീത്ത മുസ്ലീങ്ങള്‍ ഭീകര വാദികളുമാണ്. കോടതി വിധിക്കായി ഞാന്‍ കാത്തിരിക്കുകയാണ്. വിധി എതിരാണെങ്കില്‍ തമിഴ്നാട് വിട്ട് കാശ്മീര്‍ മുതല്‍ കേരളം വരെ ജീവിക്കാന്‍ ഒരു മതേതര ഇടം ലഭിക്കുമോയെന്ന് അന്വേഷിക്കും. എതിര്‍പ്പ് തുടര്‍ന്നാല്‍ ഞാന്‍ രാജ്യം വിടും.”
‘വിശ്വരൂപം’ എന്ന തന്റെ ഏറ്റവും പുതിയ സിനിമ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ചില മുസ്ലീം സംഘടനകളോട് പ്രതികരിച്ച് ഉലകനായകനായ കമലഹാസനാണ് പലപ്പോഴായി ഇങ്ങനെ അമര്‍ഷവും രോഷവും ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമൊക്കെ പ്രകടിപ്പിച്ചത്. എന്നാല്‍ ഇതൊന്നും വിലപ്പോയില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം ആര്‍ക്ക് മുന്നിലും അടിയറവെക്കില്ലെന്ന് പറഞ്ഞ് ഉറച്ചുനിന്ന കമലഹാസന് ഒടുവില്‍ കീഴടങ്ങേണ്ടിവന്നു. സെന്‍സര്‍ബോര്‍ഡ് അനുമതി നല്കിയ സിനിമയുടെ തമിഴ്നാട്ടിലെ പ്രദര്‍ശനാനുമതിക്കായി സിനിമ എന്ന കലാരൂപത്തെ ഇസ്ലാമിക വിരുദ്ധമായി കാണുന്നവരുടെ മുന്നില്‍ കമലഹാസന് തന്റെ ചിത്രം പ്രത്യേകം പ്രദര്‍ശിപ്പിക്കേണ്ടിവന്നു. എന്നിട്ടും അവര്‍ പച്ചക്കൊടി കാണിച്ചില്ല. ജഡ്ജി സിനിമ കണ്ടശേഷം മതവിരുദ്ധമായി യാതൊന്നുമില്ലെന്ന് വിലയിരുത്തി മദ്രാസ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടും ഫലമുണ്ടായില്ല. മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ സര്‍ക്കാരിന്റെ അപ്പിലീന്മേല് മണിക്കൂറുകള്‍ക്കകം സിനിമയുടെ പ്രദര്‍ശനം വിലക്കിക്കൊണ്ട് ഡിവിഷന് ബെഞ്ച് ഉത്തരവിറക്കി. ഇതിനകം കമലഹാസന്റെ സഹോദരന് ചന്ദ്രഹാസന്‍ ഇരുപത്തിനാല് മുസ്ലീം സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടും മതമൗലിക വാദത്തിന്റെ മഞ്ഞുരുകിയില്ല. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞ കമലഹാസന് പിന്നീട് അത് വേണ്ടെന്ന് വെച്ചു. ഏറ്റവുമൊടുവില്‍ മുസ്ലീം മതമൗലികവാദികളുമായി നടത്തിയ ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ വിശ്വരൂപത്തിലെ ഏഴ് സീനുകള്‍ വെട്ടിമാറ്റാന്‍ കമലഹാസന് സമ്മതിക്കേണ്ടിവന്നു. തുടര്‍ന്നാണ് തമിഴ്നാട്ടില്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കാന്‍ അനുമതിയായത്.
കമലഹാസന് നൂറ് കോടി മുടക്കി നിര്‍മിച്ച ‘വിശ്വരൂപ’ത്തില്‍ ഇസ്ലാമിക വിരുദ്ധമായി എന്താണുള്ളതെന്ന് അറിയാത്തവര്‍ക്കുപോലും കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ തനിനിറം എന്തെന്ന് ഒരിയ്ക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തോടുള്ള എതിര്‍പ്പ് തുടരുകയാണെങ്കില്‍ രാജ്യം വിടുമെന്ന് പറഞ്ഞ കമലഹാസന് വിഖ്യാത ചിത്രകാരനായിരുന്ന എം.എഫ്.ഹുസൈന് സംഭവിച്ചത് ഓര്‍മ്മപ്പെടുത്തുകയുണ്ടായി. ഹുസൈന് സംഭവിച്ചതുമായി കമലഹാസന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് യാതൊരു താരതമ്യവുമില്ലെങ്കിലും ബോധപൂര്‍വമാണ് കമലഹാസന് ഇങ്ങനെ പറഞ്ഞതെന്ന് വേണം കരുതാന്‍. ഹിന്ദു ദേവീദേവന്മാരെ പ്രത്യക്ഷത്തില്‍ നിന്ദിക്കുന്നതരത്തില് ചിത്രരചന നടത്തിയ ഹുസൈനെതിരെ ശക്തമായ പ്രതിഷേധമുയരുക മാത്രമല്ല ഉണ്ടായത്.
രാജ്യത്തെ വിവിധ കോടതികള്‍ നൂറിലേറെ അറസ്റ്റുവാറണ്ടുകള് അദ്ദേഹത്തിനെതിരെ പുറപ്പെടുവിക്കുകയുണ്ടായി. ഇന്ത്യന്‍ നിയമവ്യവസ്ഥയെ അംഗീകരിക്കാന്‍ മടിയുള്ളതിനാലാണ് ഹുസൈന് രാജ്യം വിട്ട് ഇംഗ്ലണ്ടിലും ദുബായിലുമൊക്കെയായി കഴിഞ്ഞത്. ഹുസൈനെ ആരും ആട്ടിപ്പായിച്ചതല്ല. സ്വയം വിട്ടുനിന്നതാണ്. മരിച്ചാലും ഇന്ത്യയിലേയ്ക്ക് മടങ്ങിവരില്ലെന്ന ശാഠ്യമായിരുന്നു ഹുസൈന്.
എം.എഫ്.ഹുസൈന്റെ ‘ആവിഷ്ക്കാര സ്വാതന്ത്ര്യ’ത്തിനുവേണ്ടി രാജ്യത്തിനകത്തും പുറത്തും മുറവിളി ഉയര്‍ന്നതുപോലെ തന്നെ പിന്തുണച്ചും ബുദ്ധിജീവികളും എഴുത്തുകാരും സാംസ്ക്കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും രംഗത്തുവരുമെന്നാണ് കമലഹാസന് വ്യാമോഹിച്ചത്. എന്നാല്‍ അങ്ങനെയൊന്നുണ്ടായില്ല. കമലഹാസന് ക്രൂരമായി ഒറ്റപ്പെട്ടു. രജനീകാന്ത്, സല്മാന്ഖാന് എന്നിങ്ങനെ സിനിമയിലെ ചില സുഹൃത്തുക്കളും സിനിമയുമായി ബന്ധമുള്ള കരുണാനിധിയെപ്പോലുള്ള ചില രാഷ്ട്രീയ നേതാക്കളും കമലഹാസനെ പിന്തുണക്കുകയുണ്ടായെങ്കിലും ഹിന്ദുവിരോധം പ്രകടിപ്പിക്കേണ്ടിവരുമ്പോള്‍ മതേതരത്വത്തിന്റെയും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെയും ഉപജ്ഞാതാക്കളെന്ന് ഭാവിച്ചു നടക്കുന്ന ബുദ്ധിജീവികളും സാംസ്ക്കാരിക പ്രവര്‍ത്തകരും ‘വിശ്വരൂപ’ത്തിന്റെ കാര്യത്തില്‍ അശ്ലീലമായ നിശബ്ദത പുലര്‍ത്തി. കമലഹാസനെ പിന്തുണക്കണമെന്ന ആഗ്രഹം ചിലര്‍ക്കൊക്കെ ഉണ്ടായെങ്കിലും ഇസ്ലാമിക മതമൗലികവാദികളുടെ അപ്രീതി പിടിച്ചുപറ്റാന്‍ അവരാരും തയ്യാറായില്ല. സ്ഥിതിവിശേഷം അസ്വസ്ഥജനകമാണെന്ന് പറയാനുള്ള ധീരത കേന്ദ്രമന്ത്രി ശശി തരൂര്‍ പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും അനങ്ങിയില്ല. വിശ്വരൂപത്തിനെതിരെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി മനീഷ് തിവാരി വാചാലനായത്. നിലവിലുള്ള നിയമത്തെ വെല്ലുവിളിച്ച് കമലഹാസന്റെ സിനിമക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നതിന് നേര്‍ക്ക് മന്ത്രി മനീഷ് ബോധപൂര്‍വം കണ്ണടച്ചു.
‘വിശ്വരൂപം’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഇസ്ലാമിക സംഘടനകളുടെ നിലപാടിനെ ‘സാംസ്ക്കാരിക ഭീകരത’ എന്ന് കമലഹാസന് വിശേഷിപ്പിച്ചത് സത്യസന്ധമായിരുന്നില്ല. മതഭീകരതയുമായാണ് അതിന് ബന്ധമെന്ന് പകല്‍പോലെ വ്യക്തമാണ്. അഫ്ഗാനിസ്ഥാന്റെ പശ്ചാത്തലത്തില്‍ ആഗോളഭീകരസംഘടനയായ അല്‍ ഖ്വയ്ദ അമേരിക്കക്കെതിരെ ആക്രമണത്തിന് പദ്ധതിയിടുന്നതാണ് വിശ്വരൂപത്തില്‍ ചീത്രീകരിച്ചിട്ടുള്ളത്. മതത്തിന്റെ പേരില്‍ ചിത്രത്തെ എതിര്‍ത്തവര്‍ ഇസ്ലാമിക ഭീകരവാദത്തോട് അനുഭാവം പുലര്‍ത്തുന്നവരാണ്. വീട് വരെ പണയപ്പെടുത്തി എടുത്ത സിനിമ എങ്ങനെയെങ്കിലും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന് കരുതിയാവാം കമലഹാസനും ഇക്കാര്യം പറയാന്‍ മടിച്ചു. അതിനാലാണ് തന്റെ ചിത്രത്തിനെതിരെ നടക്കുന്നത് ‘കള്‍ച്ചറല്‍ ടെററിസം’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.
വിശ്വരൂപം തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പാണ് അത് ഇസ്ലാമിക വിരുദ്ധമാണെന്ന് ചില മുസ്ലീം സംഘടനകള്‍ വിധിയെഴുതിയത്. ചിത്രം കാണുന്നതിന് മുമ്പ് ഇവര്‍ എങ്ങനെ ഈ തീരുമാനത്തിലെത്തി എന്നറിയില്ല. അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കമലഹാസന്റെ ചിത്രം ആഗോള മുസ്ലീംഭീകരതക്കെതിരാണെന്ന് ഉറപ്പിച്ച് ഇവര്‍ അതിനെ എതിര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എതിര്‍ത്തത് മതത്തിന്റെ പേര് പറഞ്ഞുകൊണ്ടാണെന്ന് മാത്രം. അമേരിക്കയില്‍ ബോംബ് സ്ഫോടനം നടത്താനുള്ള നൈജീരിയന്‍ മുസ്ലീമിന്റെ ശ്രമം കമല്‍ ചെയ്ത നായക കഥാപാത്രം പരാജയപ്പെടുത്തുന്ന ചിത്രത്തിലെ ക്ലൈമാക്സ്, പ്രായപൂര്‍ത്തിയാകാത്ത മകനോട് ആയുധം തിരയാന്‍ മുസ്ലീംഭീകരന് ആവശ്യപ്പെടുന്ന രംഗം, അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെന്ന സംശയത്താല്‍ പിടിക്കപ്പെടുന്ന വ്യക്തിയെ പരസ്യമായി തൂക്കിലേറ്റുന്നതിനു മുന്‍പ് പ്രാര്‍ഥന നടത്തുന്ന ദൃശ്യം എന്നിവക്കെതിരെയായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍. മതത്തോടല്ല, മതഭീകരതയോടാണ് ഈ രംഗങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്.
മുസ്ലീം സംഘടനകളുടെ ഈ നിലപാടില്‍ യഥാര്‍ത്ഥത്തില്‍ പുതുമയൊന്നുമില്ല. ലോകസമാധാനത്തെ അപകടപ്പെടുത്തുന്ന ഇസ്ലാമിക ഭീകരവാദത്തെ ആരൊക്കെ തുറന്ന് എതിര്‍ത്തിട്ടുണ്ടോ അവരെ ഇസ്ലാംമതത്തിന്റെ ശത്രുക്കളായി മുദ്രയടിക്കാനുള്ള ശ്രമം ഇന്ത്യയില്‍ വ്യാപകമാണ്. ഇസ്ലാമിക ഭീകരത ഇതിവൃത്തമായുള്ള ആദ്യസിനിമയല്ല വിശ്വരൂപം. അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ നായകനായുള്ള ‘ട്രൂ ലൈസ്’ പോലുള്ള നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ ഇന്ത്യയില്‍ തകര്ത്തോടിയിട്ടുള്ളതാണ്. എന്നാല്‍ ഈ ചിത്രങ്ങളൊക്കെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാംസ്ക്കാരിക ഗൂഢാലോചനയാണെന്ന് പ്രചരിപ്പിക്കാന്‍ എളുപ്പമായിരുന്നു. മതേതരവാദിയും യുക്തിവാദിയുമൊക്കെയായ കമലഹാസന് ഇസ്ലാമിക ഭീകരതയെ എതിര്‍ക്കുന്ന ചിത്രമെടുത്താല്‍ അതില്‍ അമേരിക്കന്‍ സാമ്രാജ്യത്വ ഗൂഢാലോചന ആരോപിക്കാന്‍ നിവൃത്തിയില്ലാതെ വരും. ഇതിനാലാണ് മതത്തിന്റെ മറപിടിച്ച് സിനിമയെ എതിര്‍ക്കാന്‍ ചില സംഘടനകള്‍ മുന്നിട്ടിറങ്ങിയത്. ഇസ്ലാമിക ഭീകരതക്ക് മതവുമായി ബന്ധമില്ലെന്ന കാപട്യപൂര്‍ണമായ നിലപാടാണ് ഇവിടെ തകര്‍ന്നു വീഴുന്നത്.
** മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: