2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അരിഷ്ടതകളില്‍ നിന്നു അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകം പൂര്‍ണമായും കരകയറിയിട്ടില്ല. ധനകാര്യസ്ഥാപനങ്ങളെയും ഖജനാവുകളെയും പിടിച്ചുലച്ച സാമ്പത്തിക തകര്‍ച്ചയുടെ ദൂഷ്യഫലങ്ങള്‍ വികസിതമെന്നും വികസ്വരമെന്നുമൊക്ക മുദ്ര ചാര്‍ത്തിവച്ച രാജ്യങ്ങളെ പിടിച്ചുലച്ചു. പ്രത്യേകിച്ച് യൂറോപ്യന്‍ ശക്തികളെ. ഫ്രാന്‍സ്, ബ്രിട്ടന്, സ്പെയിന്, ഇറ്റലി എന്നിവയെല്ലാം അപ്രതീക്ഷിത തിരിച്ചടിയില്‍ അമ്പരന്നു നിന്നു.
നിലനില്‍പ്പിനായി അവര്‍ പരിഷ്കരണ നടപടികളുടെ പിന്നാലെ പാഞ്ഞു. സാമ്പത്തിക ഭദ്രതയുടെ ഉത്തമോദാഹരണമെന്നു കരുതപ്പെട്ടിരുന്ന അമേരിക്കയ്ക്കും ആ പ്രതിസന്ധിയെ അതിജീവിക്കാനായില്ല. മോര്ഗന് സ്റ്റാന്ലിയടക്കമുള്ള വമ്പന്‍ നിക്ഷേപ സ്ഥാപനങ്ങളടക്കമുള്ളവ നിലംപൊത്തിയപ്പോള്‍ അമേരിക്കയുടെ സാമ്പത്തിക സുസ്ഥിരതയുടെ പൊയ്മുഖം പിച്ചിച്ചീന്തപ്പെട്ടു.
ലോക സാമ്പത്തിക ശക്തികള്‍ അത്ര സുഖകരമല്ലാത്ത യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിച്ച ദിനങ്ങളായിരുന്നു അവ. ദീര്‍ഘവീക്ഷണമില്ലാത്തതും ചിട്ടയില്ലാത്തതുമായ നയങ്ങളിലൂടെ അവര്‍ വിന കൊയ്യുകയായിരുന്നു. അതിന്റെ ദുഷ്ഫലങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ദീര്‍ഘകാലത്തെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമെന്ന തിരിച്ചറിവും ലോകത്തെ അസ്വസ്ഥമാക്കി. ഒന്നാം ഒബാമ ഭരണകൂടത്തിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ധനപരമായ തിരിച്ചുപിടിക്കലുകളായിരുന്നു.തന്റെ ഒന്നാം ഊഴത്തില്‍ ആ ദൗത്യം ഒബാമ എത്രത്തോളം നിര്വഹിച്ചുവെന്നതു സംബന്ധിച്ചു അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഇതുവരെ അഭിപ്രായ ഐക്യമുണ്ടായിട്ടില്ല. സാമ്പത്തിക പരിഷ്കരണ നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുമുണ്ട്. പക്ഷേ അവയൊന്നും യഥാര്‍ഥ പ്രശ്നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നില്ലെന്നതാണ് സത്യം. വാഷിങ്ങ്ടണില്‍ സമീപകാലത്ത് നടന്ന ആശയ സംവാദവും അത് അടിവരയിട്ടു. അമേരിക്കന്‍ സമൂഹത്തിലെ സാമ്പത്തിക വിജയികളും പരാജിതരും, വന്‍ സമ്പത്തിന്റെ ശക്തി എന്നിവയില്‍ ഒതുങ്ങിക്കൂടി ആശയ വിനിമയങ്ങള്‍.
ചരിത്രത്തില്‍ ഇല്ലാത്തവിധത്തില്‍, പണത്തിന്റെ അസംതുലിതമായ വിന്യാസമാണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളി. അവിടെ ധനികര്‍ വീണ്ടും ധനികരാകുന്നു; ദരിദ്രര്‍ വീണ്ടും ദരിദ്രരും. അമേരിക്കന്‍ മണ്ണിലെ ദരിദ്രരുടെ എണ്ണം പണ്ടെന്നെത്തെക്കാളും വര്‍ധിച്ചെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ലാഭം കുന്നുകൂട്ടുന്ന കോര്‍പ്പറേറ്റുകള്‍ നി കുതിയടയ്ക്കാന് മെനക്കെടുന്നില്ല. 2011ല്‍ കോര്‍പ്പറേറ്റുകള്‍ ആദായ നികുതിയുടെ 12 ശതമാനം മാത്രമെ കെട്ടിയിരുന്നുള്ളൂ. പോയ ദശകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ആദായ നികുതിയടവാണിതെന്നു അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) കോര്‍പ്പറേറ്റുകള്‍ നല്കുന്ന സംഭാവനയുടെ തോതും വര്‍ഷം തോറും കുറയുന്നു. 2011ല്‍ ജിഡിപിയില്‍ കോര്‍പ്പറേറ്റ് സംഭാവന വെറും 1.2 ശതമാനമായിരുന്നു.
ഫെഡറല്‍ റവന്യൂവിന്റെ കാര്യത്തില്‍ സ്ഥിതിഗതികള്‍ അതിലും ഗുരുതരം. അറുപത് വര്‍ഷത്തിനിടെ അത് ഏറെ താഴയെത്തിയിരിക്കുന്നു (15.8). ബില്‍ ക്ലിന്റന്റെ ഭരണകാലയളവിലെ അവസാന വര്‍ഷം ഫെഡറല്‍ റവന്യൂ 20.6 ശതമാനമായിരുന്നു. അവിടെ നിന്നാണു ഈ തിരിച്ചിറക്കം.
സാമ്പത്തിക തകര്‍ച്ചയ്ക്കു റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകളും പരസ്പ്പരം പഴിചാരിപ്പിരിയുന്നു. ധനക്കമ്മിയെന്നാല് വരുമാനത്തിലെ പ്രശ്നമല്ല ചെലവാക്കലിലെ പോരായ്മയാണെന്ന് ഒരു പ ക്ഷം. ഒരു പരിധിവരെ അതു യാ ഥാര്‍ഥ്യമാണ്. രണ്ടു പതിറ്റാണ്ടില്‍ തലമറന്ന് എണ്ണതേയ്ക്കുകയായിരുന്നു അമേരിക്കന്‍ ഭരണാധികാരികള്‍. പ്രതിരോധ ബജറ്റിന്റെ വലിപ്പം അടിക്കടി പെരുപ്പിച്ച അവര്‍ സ്വന്തം ജനതയെ മറന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും വര്‍ഷങ്ങളോളം യുദ്ധകാഹളം മുഴക്കിയ അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യണിലെത്തിയില്ലെങ്കിലേ അതിശയമുണ്ടായിരുന്നുള്ളൂ.
റിപ്പബ്ലിക്കന്‍സിന്റെ ചില ഭരണ പരിഷ്കാരങ്ങള്‍ സാമാന്യ ജനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നു പ റയാം. നികുതി ഇളവുകളിലൂടെ ധ നികര്ക്കു ഓശാന പാടിയ അവരു ടെ നടപടികള്‍ വാള്‍സ്ട്രീറ്റിനെ ചൂതാട്ട കേന്ദ്രത്തിനു സമാനമാക്കി. സാമൂഹിക സുരക്ഷിതത്വം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം , വയോജന പരിപാലനം എന്നിങ്ങനെ സാധാരണക്കാര്‍ക്കും മധ്യവര്‍ഗത്തിനു ഉതകുന്ന പദ്ധതികള്‍ പലതിനും റിപ്പബ്ലിക്കന്‍സ് തുരങ്കംവച്ചു. നികുതി നിയമങ്ങളിലെ പഴുതുകള്‍ അടയ്ക്കാനുതകുന്ന ഭേദഗതികള്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളുടെ വഴിമുട്ടിച്ചതും റിപ്പബ്ലിക്കന്‍സ് ധനികര്‍ക്കു നല്കിയ ബോണസായിരുന്നു.
മധ്യവര്‍ഗത്തെ സംരക്ഷിക്കുമെന്നത് ബരാക് ഒബാമയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അതെത്രത്തോളം യാഥാര്ഥ്യമാക്കാനാവുമെന്നതില് വൈറ്റ് ഹൗസിലെ ഭരണ ചക്രം തിരിക്കുന്നവര്‍ക്ക് ഇപ്പോഴും അത്ര ഉറപ്പില്ല. തങ്ങളുടെ പൗര സമുഹത്തിലെ വലിയൊരു വിഭാഗത്തിനോടൊപ്പം ടീം ഒബാമയ്ക്കു നില്ക്കാനാവുമോ? സാമൂഹിക സമത്വം, ആരോഗ്യ സംരക്ഷണം, യുദ്ധമുഖത്ത് പടവെട്ടിയതിന്റെ വിഹ്വലതകളുമായി കഴിയുന്ന വിമുക്ത ഭടന്മാരുടെ ക്ഷേമം എന്നിവയിലൂടെ സാധാരണക്കാരന്റെ ഭാഗത്തു നില്‍ക്കുമോ? അതോ സമ്പന്നര്‍ക്കു മുന്നില്‍ മുട്ടുമടക്കുമോ?
വയോജനങ്ങളുടെയും രോഗികളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള ധനവിനിയോഗങ്ങളെ ഒഴിവാക്കാതെ നികുതി പിരിവിലെ പഴുതടച്ചു ധനക്കമ്മി കുറയ്ക്കുകയെ ന്നതു തന്നെയാവും ഏറ്റവും മാനുഷികവും പ്രായോഗികവും ജനകീയവുമായ രീതി. പുതിയ ഷെ ല്റ്ററുകളുടെ സ്ഥാപനത്തിലൂടെയും പഴുതില്ലാത്ത നിയമങ്ങളിലൂടെയും നികുതിയടയ്ക്കാന്‍ പ്രേരിപ്പിക്കുന്നതു വഴി 100 കോടി ഡോളര്‍ പ്രതിവര്‍ഷം ഖജനാവില്ലെത്തിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. എപ്പോഴും തട്ടിക്കളിക്കാന്‍ എളുപ്പം സമൂഹത്തിലെ പാവപ്പെട്ടവനെയും ഇടത്തരക്കാരനെയുമാണെന്നതു ഭരണ വര്‍ഗ്ഗത്തിനു ശരിക്കുമറിയാം.
അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വവും അതില്‍ നിന്നും ഭിന്നമല്ല. കാലാകാലങ്ങളായി അവര്‍ അനുവര്‍ത്തിച്ചതും സാധാരണക്കാരന്റെ മെക്കിട്ടുകയറ്റംതന്നെ. രാജ്യം കെടുതിയിലാകുമ്പോള് അതിന്റെ തിക്ത ഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ബാധിക്കും. അതിനെ അതിജീവിക്കാനുള്ള പ്രയത്നങ്ങള്ക്കിടെയുള്ള യാതനകള്‍ സഹി ക്കുക മാതൃകാ സമൂഹത്തിന്റെ കടമയും. പക്ഷേ, അമേരിക്കയില്‍ ദരിദ്ര-മധ്യവര്‍ഗ വിഭാഗങ്ങള്‍മാത്രം ജീവതഭാരം ചുമക്കുന്നവരായി. സമ്പന്നനെ വഴിവിട്ടു സേവിച്ച ഭരണ വര്‍ഗത്തിനു രാജ്യ ത്തെ പ്രതിസന്ധികളില്‍ നിന്നു കരകയറ്റാനുമായില്ലെന്നത് യുഎസിലെ സാമൂഹിക- സാമ്പത്തിക അരക്ഷിതാവസ്ഥയെന്ന ദുരന്തത്തിന്റെ വ്യാപ്തി വിവരണാതീതമാക്കി.
** എസ്.പി. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: