പെരുമ്പാവൂര്‍: ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെരുമ്പാവൂരില്‍ വിവിധ ഭാഗങ്ങളിലുള്ള പൊതുടാപ്പുകളില്‍ നിന്നുള്ള ജല ചൂഷണം വ്യാപകമാകുന്നു. രാത്രികാലങ്ങളില്‍ വലിയപൈപ്പുകള് ഉപയോഗിച്ചാണ് പലയിടങ്ങളിലും ജലചൂഷണം നടത്തുന്നത്.
ഇത്തരത്തില്‍ വൃക്ഷങ്ങള്‍ നനക്കുന്നതിനും, ടാങ്കുകളിലും, കിണറുകളിലും വെള്ളം നിറക്കുന്നതിനും, കന്നുകാലികളെ കുളിപ്പിക്കുന്നതിനുമായി കുടിവെള്ളം അനധികൃതമായി എടുക്കുന്നതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്കും വാട്ടര്‍ കണക്ഷനെ ആശ്രയിക്കുന്നവര്‍ക്കും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ഇത്തരം ജലചൂഷണത്തിനെതിരെ അധികൃതര്‍ യാതൊരുനടപടിയും സ്വീകരിക്കുന്നില്ല. വല്ലം പമ്പ് ഹൗസില്‍ 90 എച്ച്പിയുടെ മോട്ടോര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ 60 എച്ച്പിയുടെ ഒരു മോട്ടര്‍ പ്രവര്‍ത്തിക്കാതെയായിട്ട് നാളുകളായി എന്ന് സമീപവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം പമ്പ് ഹൗസിലെ കിണറില്‍ ചാക്കുകള്‍ അടിഞ്ഞ് കൂടിയത് വഴി ജലവിതരണം തടസ്സപ്പെട്ടിരുന്നു. അടിയന്തരമായി നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും അധികൃതര്‍ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
നഗരത്തിന്റെ പലഭാഗങ്ങളിലും പഴയപൈപ്പുകളാണ് കുടിവെള്ള വിതരണത്തിനായി ഇപ്പോഴും ഉപയോഗിക്കുന്നത് പലയിടങ്ങളിലും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാക്കുന്നതും നിത്യസംഭവമാണ്. ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വ്യാപാരികളും, നഗരസഭ കൗണ്‍സിലര്‍മാരും, ചെയര്‍മാന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വേനല്‍ കടുക്കുന്നതോടെ കുടിവെള്ളം ലഭ്യമാകാത്ത സാഹചര്യത്തില്‍ അധികൃതരുടെ അറിവോടെ നടത്തുന്ന ജലചൂഷണത്തിനെതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതിനല്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ എം.ബി.ഹംസ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: