ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കയ്യിലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം. പെണ്‍കുട്ടിയുടെ കുടുംബത്തിന് പാര്‍ട്ടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ദ്വാരകയില്‍ ഒരു ഫ്ലാറ്റും തനിക്ക് ജോലിയും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരന് പറഞ്ഞു. മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കൊപ്പം ശനിയാഴ്ച സോണിയ പെണ്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ചിരുന്നു.
പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും നീതി ഉടന്‍ നടപ്പാക്കുമെന്നും സോണിയ കുടുംബത്തിന് ഉറപ്പ് നല്കി. ഒരുമണിക്കൂറോളം സോണിയ തങ്ങള്‍ക്കൊപ്പം ചെലവഴിച്ചെന്നും പെണ്‍കുട്ടിയുടെ മരണത്തില്‍ തകര്‍ന്നുപോയ അമ്മയ്ക്കൊപ്പമാണ് അവര്‍ അധികം സമയം ചെലവഴിച്ചതെന്നും പെണ്‍കുട്ടിയുടെ സഹോദരന് പറഞ്ഞു.
പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ കേസില്‍ ശിക്ഷ ഇളവ് കിട്ടാന്‍ സാധ്യതയുള്ള ആറാം പ്രതിയെക്കുറിച്ച് പെണ്‍കുട്ടിയുടെ കുടുംബം സോണിയയുമായി സംസാരിച്ചു. പ്രായപരിധി കുറയ്ക്കാനുള്ള നിയമനിര്‍മ്മാണത്തിന്റെ സാധ്യത കുടുംബാംഗങ്ങള്‍ ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വ്യക്തിപരമായ താത്പര്യത്തോടെയാണ് താന്‍ വീക്ഷിക്കുന്നതെന്ന് സോണിയ പറഞ്ഞതായും പെണ്‍കുട്ടിയുടെ സഹോദരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: