കൊച്ചി: അടിക്കടിയുണ്ടാകുന്ന ഡീസല്‍ വിലവര്‍ദ്ധവില്‍ പ്രതിഷേധിച്ച് 7ന് ഓള്കോര്ഡിനേഷന് ഓഫ് ഫിഷിംഗ് ബോട്ടിന്റെ നേതൃത്വത്തില്‍ മത്സ്യമേഖലിയില് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇന്ത്യയിലുടനീളമുള്ള 35,000 ഫിഷിംഗ് ബോട്ടുകളും, ലക്ഷക്കണക്കിനു വരുന്ന മത്സ്യത്തൊഴിലാളികളും അന്നേ ദിവസം പണിമുടക്ക് നടത്തും. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റിയും സമരത്തില്‍ പങ്കുചേരും.
മത്സ്യത്തൊഴിലാളി അനുബന്ധമേഖലയും അന്നേദിവസം സ്തംഭിപ്പിക്കുമെന്ന് കോര്‍ഡിനേഷന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ മത്സ്യമേഖലയുടെ അടിവേരറുക്കുന്ന സ്ഥിതിയിലേക്കാണ് എത്തിനില്‍ക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യത്തൊഴിലാളി വിഭാഗത്തിനെ പൂര്‍ണമായും നാശത്തിലെത്തിക്കുന്നതിനേ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരീക്ഷണത്തിന് കഴിയൂ. ഡിസലിന്റെ വര്‍ദ്ധിപ്പിച്ച വില പൂര്‍ണമായും പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പോഷക മൂല്യമുള്ള മത്സ്യം കടലില്‍ നിന്നും കരയിലെത്തിക്കുന്ന അപകടകരമായ തൊഴിലിലേര്പ്പെട്ടുകൊണ്ടിരിക്കുന്ന മത്സ്യമേഖലയെ പൂര്‍ണമായും വിദേശ ട്രോളറുകള്‍ക്ക് അടിയറവു വെയ്ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് കൊച്ചിന് ഫിഷറീസ് ഹാര്‍ബര്‍ സംരക്ഷണ സമിതി കുറ്റപ്പെടുത്തി. 7ന് നടക്കുന്ന പണിമുടക്കില്‍ കൊച്ചി ഹാര്‍ബറിലെ മുഴുവന്‍ ബോട്ടുകളും പങ്കെടുക്കുമെന്നും സംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: