കൊച്ചി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകള്‍ക്ക് പ്രത്യേക ബെഞ്ച് ഹൈക്കോടതിയില്‍ സ്ഥാപിച്ച കേരളം ഈ രംഗത്തും രാജ്യത്തിന് മാതൃകയായിരിക്കുകയാണെന്ന് യുവജനക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. ഇത്തരം കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീസൗഹൃദപരമായ സമീപനവും നയങ്ങളുമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച അപരാജിത വനിത ശില്‍പ്പശാലയില്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മധ്യപ്രദേശിലെ ഗിരിവര്ഗക്കാര്ക്കിടയിലാണ് ദയാബായി പ്രവര്‍ത്തിക്കുന്നതെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലയാളി മനഃസാക്ഷിയുടെ പ്രതീകമായ ദയാബായിയുടെ സേവനത്തിലൂടെ പിന്നാക്ക ജനവിഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് മുന്‍നിരയിലേക്ക് കടന്നു വന്നിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ മുന്നേറ്റമാണ് യഥാര്‍ത്ഥ വികസനമെന്ന തത്വം പ്രായോഗികമാക്കാന്‍ ദയാബായിക്ക് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്മാന് പി.എസ്. പ്രശാന്ത് അധ്യക്ഷനായിരുന്നു. നടി കുക്കു പരമേശ്വരന്, യുവജനക്ഷേമ ബോര്‍ഡ് വിദഗ്ധ സമിതി അംഗം സി.കെ. സുബൈര്‍, അംഗങ്ങളായ റിയാസ് മക്കോളി, ശരണ്യ, പ്രോഗ്രാം കോ ഓഡിനേറ്റര്‍ അനു.എസ്.നായര്‍, ജില്ല കോ ഓഡിനേറ്റര്‍ സഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: