പള്ളുരുത്തി: കുടിവെള്ളക്ഷാമം രൂക്ഷമായ ഇടക്കൊച്ചി, പെരുമ്പടപ്പ് പ്രദേശവാസികള്‍ പ്രത്യക്ഷ സമരരംഗത്തേക്ക്. നാളുകളായികുടിവെള്ളം കിട്ടാത്ത പൈപ്പുകള്‍ക്ക് മുന്നില്‍ കാത്തുനിന്നു ദുരിതമനുഭവിച്ച സ്ത്രീജനങ്ങളാണ് സമരമുഖത്തേക്ക് എത്തുന്നത്. പ്രദേശത്തെ ഡിവിഷന് കൗണ്‍സിലര്‍മാര്‍ മുഖാന്തിരമെത്തുന്ന ടാങ്കര്‍ ലോറികളിലെ വെള്ളമാണ് നാട്ടുകാര്‍ക്ക് ആശ്രയം. വേണ്ടത്ര പരിശോധനകളില്ലാതെയെത്തുന്നടാങ്കര് ലോറികളിലെ വെള്ളം ഉപയോഗിച്ച് കടുത്ത ആരോഗ്യപ്രശ്നങ്ങളും ഇവിടുത്തുകാര്‍ നേരിടുന്നു. നിലവിലെ കുടിവെള്ളപ്രശ്നം ശാശ്വതമായിപരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കാളാഴ്ച രാവിലെ 10 മുതല്‍ നാട്ടുകാര്‍ ഇടക്കൊച്ചിവില്ലേജ് ഓഫീസിനു സമീപത്തെ സ്റ്റേറ്റ് ഹൈവേ ഉപരോധിക്കും. സ്ഥലം എംഎല്‍എയായ മന്ത്രി കെ.ബാബു, മനപ്പൂര്‍വ്വം പ്രശ്നത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നും നാട്ടുകാര്കുറ്റപ്പെടുത്തുന്നു. ഓരുവെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് കുടിവെള്ളത്തിനായി പൈപ്പുവെള്ളം മാത്രമാണ് ആശ്രയം. ജലവിതരണ പൈപ്പുകളിലൂടെയുള്ള ശുദ്ധജലവിതരണം പുനഃസ്ഥാപിക്കുക, അഴിമതി നടത്തുന്നതിനുവേണ്ടി നടപ്പാക്കുന്ന ടാങ്കര്‍ ജലവിതരണം അവസാനിപ്പിക്കുക, പൊട്ടിപ്പൊളിഞ്ഞ പൈപ്പുകള്‍ മാറ്റി കുറ്റമറ്റതാക്കുക എന്നീ ആവശ്യങ്ങള്‍ അധികൃതര്‍ നടപ്പാക്കുന്നതുവരെ സമരം തുടരുമെന്ന് ജനകീയ ആക്ഷന്‍ സമിതി ചെയര്മാന് കെ.ജെ.ബേസില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: