ഇന്ത്യന്‍ സൈനികന്റെ തല വെട്ടിമാറ്റിയ ഭീകരന് പാക് ചാര സംഘടനയായ ഐ എസ് ഐ അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കിയെന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്. നിയന്ത്രണ രേഖ ലംഘിച്ചെത്തിയ പാക് സൈന്യം പ്രകോപനം കൂടാതെ രണ്ട് സൈനികരെ വെടിവച്ചുകൊല്ലുകയും ഒരാളുടെ തല വെട്ടിമാറ്റുകയും മൃതദേഹം വികൃതമാക്കുകയും ചെയ്യുകയായിരുന്നു. ജനുവരി എട്ടിനാണ് സംഭവം നടന്നത്. ഭീകരരുടെ സഹായത്തോടെ ഐഎസ്ഐ ആണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാക് സര്‍ക്കാരിന്റെ മാത്രമല്ല, ഈ പൈശാചിക സംഭവത്തോടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ അലസ സമീപനത്തിന്റെയും ഗുരുതരാവസ്ഥയാണിത് വെളിപ്പെടുത്തുന്നത്. ലഷ്കര്‍ ഭീകരനായ അന്‍വര്‍ ഖാനാണ് ഹേംരാജിന്റെ ശിരസ് വെട്ടിമാറ്റിയത്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയാറില്‍ മേണ്ടാര് സെക്ടറില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ തല വെട്ടിമാറ്റിയ സംഭവത്തിലും ഖാന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഐഎസ്ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പാക് ഭീകര സംഘടനകളായ ലഷ്കറിലേയും ജയ്ഷെ മുഹമ്മദിലേയും അംഗങ്ങളാണ് ഇന്ത്യന്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയത്. ലാന്‍സ് നായിക് ഹേംരാജിന്റെ തല വെട്ടിമാറ്റുകയും ലാന്‍സ് നായിക് സുധാകര്‍ സിംഗിന്റെ മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് പിന്നിലെ ബുദ്ധികേന്ദ്രം ഐഎസ്ഐ ആണെന്ന് ഇനിയാര്‍ക്കും സംശയമുണ്ടാവേണ്ടതില്ല. അതിര്‍ത്തിയില്‍ കലാപം അഴിച്ചുവിടുന്നതിനും ഭീകരര്‍ പദ്ധതി ഇട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഐഎസ്ഐയിലെ നിരവധി ഉദ്യോഗസ്ഥരുടെ പേരും മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രത്യക്ഷത്തില്‍ ഈ വസ്തുതകള്‍ പാക്കിസ്ഥാന് നേര്‍ക്കാണ് വിരല്‍ ചൂണ്ടുന്നത്. തല വെട്ടിമാറ്റുകയെന്നത് നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയാണ്. ഐഎസ്ഐ ഓഫീസര്‍ നേതൃത്വം നല്കുന്ന പതിനഞ്ചംഗ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആണ് സംഭവ ദിവസം മേണ്ടര്‍ പ്രദേശത്ത് പതിയിരുന്ന് ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. ബ്രിഗേഡിയര്‍ പദവിയുള്ള ഐഎസ്ഐ ഓഫീസര്‍ ആക്രമണം വീക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് അധീന കാശ്മീരിലെ റാവല്‍കോട്ടില്‍ വച്ച് ആക്രമണത്തിന് ഏതാനും ദിവസം മുമ്പ് മുതിര്‍ന്ന ഐഎസ്ഐ ഓഫീസര്‍മാരും ഭീകര കമാണ്ടര്‍മാരും ഗൈഡുകളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയത് ബ്രിഗേഡിയര്‍ തലത്തിലുള്ള ഐഎസ്ഐ ഓഫീസറായിരുന്നു. നിയന്ത്രണ രേഖയിലെ ഭൂപ്രകൃതി സംബന്ധിച്ച് വ്യക്തമായി അറിയാവുന്ന നിരവധി ഗൈഡുകളും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചതായി മിലിട്ടറി ഇന്റലിജന്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ക്കൂടി നുഴഞ്ഞുകയറുന്നതിന് ഭീകരര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുക മാത്രമല്ല ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നതിനും ഗൈഡുകള്‍ക്ക് നിര്‍ദ്ദേശം നല്കിയതും ഈ കൂടിക്കാഴ്ചയില്‍ വച്ചായിരുന്നു. ഇന്ത്യയില്‍ കുഴിബോംബ് സ്ഥാപിക്കുന്നതിന് 5,000 രൂപയും ഇന്ത്യന്‍ സൈനികനെ കൊല്ലുന്നതിന് 10,000 രൂപയും ജവാന്റെ തല വെട്ടിമാറ്റുന്നതിന് അഞ്ച് ലക്ഷം രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്ന ഗൈഡുകള്‍ക്ക് 2,000 രൂപ മുതല്‍ 12,000 രൂപ വരെയാണ് പ്രതിഫലമായി നല്‍കിയിരുന്നതെന്നും രഹസ്യ രേഖയില്‍ പറയുന്നു.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നും പ്രദേശവാസികളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്കി ലോക്കല്‍ ഗൈഡുകളായി റിക്രൂട്ട് ചെയ്യുന്നതിന് പാക് സൈന്യം നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ ജവാന്മാരുടെ ദൈനംദിന നീക്കങ്ങള്‍ ഭീകരര്‍ നിരീക്ഷിച്ചിരുന്നതായും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. പാക് ഭീകരവാദത്തിനുനേര്ക്ക് കണ്ണടച്ച് മുസ്ലീം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും എത്ര കടുത്ത രാജ്യദ്രോഹമാണ് ചെയ്യുന്നത് എന്നതിന് ഇനി വേറെ തെളിവുവേണ്ട.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളല്ല ഇത്. മറിച്ച് രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ സൈന്യത്തിന്റെ ഭാഗമായ ഏജന്‍സി അന്വേഷിച്ച് കണ്ടെത്തിയ വസ്തുതകളാണ് വെളിപ്പെട്ടിരിക്കുന്നത്. എന്തുപറഞ്ഞാണ് ശത്രുരാജ്യത്തെ സംബന്ധിക്കുന്ന ഈ സത്യത്തില്‍നിന്ന് ഇന്ത്യ ഭരിക്കുന്നവര്‍ക്ക് ഒഴിഞ്ഞുമാറാനും ഓടിയൊളിക്കാനും കഴിയുക? കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പാക്കിസ്ഥാനിലെ മുഖ്യപ്രതിപക്ഷമായ പിഎംഎല്‍-എന്‍ ആവശ്യപ്പെട്ടിരിക്കുന്നതാണ് മറ്റൊരു വഴിത്തിരിവ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതില്‍ സൈനികമേധാവി പര്‍വേസ് മുഷറഫ് ആസൂത്രണം ചെയ്തതായിരുന്നു യുദ്ധം എന്നും മുഷറഫിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കാര്‍ഗിലിലെ തന്ത്രപ്രധാനമേഖലകള്‍ പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയതെന്നും പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് ഇക്കാര്യമറിയാമായിരുന്നെന്നും ഐഎസ്ഐ മുന്‍ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറല്‍ ഷാഹിദ് അസീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കാര്‍ഗില്‍ യുദ്ധസമയത്ത് അനാലിസിസ് വിഭാഗത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍-എന്‍ അധികാരത്തിലിരിക്കുമ്പോഴായിരുന്നു കാര്‍ഗില്‍ യുദ്ധം നടന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തുക എന്നതല്ലാതെ മറ്റ് പോംവഴിയില്ലെന്ന് പിഎംഎല്‍-എന്‍ നേതാവ് ചൗധരി നിസാര്‍ അലി ഖാന് പറയുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം അഞ്ഞൂറ് പേര് കൊല്ലപ്പെട്ട കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഇതുവരെ അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഇതേക്കുറിച്ച് അന്വേഷണം നടത്തുകയും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ ഒരു സൈനികോദ്യാഗസ്ഥരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണം സഹായകമാകുമെന്നും അലിഖാന് ചൂണ്ടിക്കാട്ടുകയുണ്ടായി. കാര്‍ഗില്‍ യുദ്ധത്തെ അതിരൂക്ഷമായാണ് ലെഫ്റ്റനന്റ് ജനറല്‍ ഷാഹിദ് അസീസ് വിമര്‍ശിച്ചത്. യുദ്ധത്തില്‍ യഥാര്‍ത്ഥത്തില്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടു എന്നതിന് ഇന്നും വ്യക്തമായ കണക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പാക് സൈനികരെ യുദ്ധമുഖത്തേക്ക് തള്ളിവിടുകയായിരുന്നെന്നും സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രശസ്തിക്കും പദവിക്കും വേണ്ടി പലപ്പോഴും യുദ്ധം ആസൂത്രണം ചെയ്യുകയാണെന്നും ഷാഹിദ് അസീസ് ആരോപിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കില്ലെന്ന പാക് സര്‍ക്കാരുകളുടെ അവകാശവാദം തെറ്റായിരുന്നുവെന്ന് തെളിയുന്നതുപോലെ വാജ്പേയി ഭരണകാലത്തെ കാര്‍ഗില്‍ യുദ്ധം ഇന്ത്യയുടെ പരാജയത്തിലാണ് കലാശിച്ചത് എന്ന് പാര്‍ലമെന്റില്‍ പോലും വാദിക്കാന്‍ തയ്യാറായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മുഖംമൂടിയുമാണ് പുതിയ സംഭവവികാസങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ അഴിഞ്ഞുവീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: