അങ്കാറ: തുര്‍ക്കിഷ് തലസ്ഥാനമായ അങ്കാറയില്‍ അമേരിക്കന്‍ എംബസിയുടെ പ്രവേശനകവാടത്തില്‍ നടന്ന ചാവേറാക്രമണത്തില്‍ രണ്ട് മരണം. ശക്തമായ സ്ഫോടനത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാജീവനക്കാരനും തുര്‍ക്കിഷ് പൗരനുമാണ് കൊല്ലപ്പെട്ടത്. എംബസിയുടെ മുന്നിലെ പാതയോരത്ത് നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. എംബസിയിലേക്കുള്ള പ്രവേശനകവാടത്തിലെ സെക്യൂരിറ്റി ചെക്ക്പോയിന്റിലാണ് ചാവേറാക്രമണം നടന്നത്. യുഎസ് എംബസിക്ക് സമീപമെത്തിയ ചാവേര്‍ ഗേറ്റിലൂടെ അകത്ത് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയും എംബസികളും ഈ പ്രദേശത്താണ്. സ്ഫോടനത്തെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ഇവിടെനിന്ന് ഒഴിപ്പിച്ചു. സ്ഫോടനത്തില്‍ ടെലഫോണ്‍ ബന്ധം തകരാറിലായി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. ഖുര്‍ദിഷ് വിമതരും മുസ്ലീം ഭീകരരും തുര്‍ക്കിയില്‍ സജീവമാണ്.
അങ്കാഖയുടെ ഹൃദയഭാഗത്താണ് അമേരിക്കന്‍ എംബസി പ്രവര്‍ത്തിക്കുന്നത്. എംബസി കെട്ടിടത്തിനും കേടുപാടുകളുണ്ട്. എംബസിയുടെ ഭിത്തികള്‍ പൊട്ടിയതിന്റെ ദൃശ്യങ്ങള്‍ തുര്‍ക്കിയിലെ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.
ഇറാഖ്, സിറിയ, ഇറാന് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ്. ലിബിയയിലെ ബെംഗാസിയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം വീണ്ടും അമേരിക്കയെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിത്.
അല്‍ ഖ്വയ്ദ ബന്ധമുള്ള ഭീകരരാണ് ബംഗാസി സ്ഫോടനത്തിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കന്‍ നയതന്ത്രജ്ഞന് ഉള്‍പ്പെടെയുള്ളവര്‍ ബംഗാസി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഭീകരര്‍ക്കെതിരെ ലിബിയയില്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: