ലഖ്നൗ: നേതാജി സുഭാഷ് ചന്ദ്രബോസിന്റേതെന്ന് കരുതപ്പെടുന്ന ചിതാഭസ്മം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ കോടതിയ്ക്ക് ആശ്ചര്യം. നേതാജിയുടെ മരണം സംബന്ധിച്ചുള്ള വിവാദങ്ങലും സംശയങ്ങളും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ ഈ വിഷയത്തോടുള്ള കേന്ദ്രത്തിന്റെ മനോഭാവത്തില്‍ അലഹബാദ് ഹൈക്കോടതിയിലെ ലഖ്നൗ ബഞ്ചാണ് അത്ഭുതം പ്രകടിപ്പിച്ചത്. ടോക്യോയിലെ റെങ്കോജി ക്ഷേത്രത്തിലാണ് നേതാജിയുടേതെന്ന് കരുതുന്ന ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്.
വിമാന അപകടത്തില്‍ നേതാജി കൊല്ലപ്പെട്ടില്ലെന്നും റെങ്കോജിയില്‍ സൂക്ഷിച്ചിരിക്കുന്നത് നേതാജിയുടെ ചിതാഭസ്മം അല്ലെന്നും ജസ്റ്റിസ് എം.കെ.മുഖര്‍ജി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2005 നവംബര്‍ എട്ടിന് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് കാരണമൊന്നും കൂടാതെ കേന്ദ്രം നിരസിക്കുകയായിരുന്നു.
ഫൈസാബാദിലെ രാം ഭവനില്‍ ജീവിച്ചിരുന്ന ഗുമ്നമി ബാബ(ഭഗവന്‍ജി) നേതാജിയാണെന്ന് പരക്കെ വിശ്വസിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം വാസസ്ഥലത്തുനിന്നും കണ്ടെടുത്ത ലേഖനങ്ങളാണ് ഈ സംശയത്തിന് ആക്കം കൂട്ടിയത്. 1985 സെപ്തംബര്‍ 18നാണ് ഭഗവന്‍ജി മരിച്ചത്. ഇദ്ദേഹം നേതാജിയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ജസ്റ്റിസ് ദേവിപ്രസാദ് സിംഗ്, ജസ്റ്റിസ് വീരേന്ദ്ര കുമാര്‍ ദീക്ഷിത് എന്നിവരടങ്ങുന്ന ബഞ്ച് നിര്‍ദ്ദേശം നല്കി. ഗുമ്നമി ബാബയുടെ ലേഖനങ്ങള്‍ സംരക്ഷിക്കുന്നതിന് ഫൈസാബാദില്‍ മ്യൂസിയം സ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖര്‍ജി കമ്മീഷന്റെ പക്കല്‍ നിന്നും ഈ ലേഖനങ്ങള്‍ തിരിച്ചുവാങ്ങി മ്യൂസിയത്തിന് കൈമാറണമെന്നും കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും നല്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഈ വിധി നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൂടാതെ നാല് മാസത്തിന് ശേഷം സ്ഥിതിഗതികള്‍ അറിയിക്കണമെന്നും കോടതി നര്‍ദ്ദേശിച്ചു.
ഗുമ്നമി ബാബയുടെ അസ്ഥിത്വം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 1986 ല്‍ നേതാജിയുടെ അനന്തിരവളായ ലളിത ബോസ് റിട്ട് സമര്‍പ്പിച്ചിരുന്നു. കൂടാതെ ഇദ്ദേഹം നേതാജിയാണെന്ന് കണ്ടെത്തിയാല്‍ സ്വത്തുക്കളുടെ അവകാശം തനിക്ക് നല്‍കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. 2010 ല്‍ ഫൈസാബാദിലെ സുഭാഷ് ചന്ദ്രബോസ് രാഷ്ട്രീയ വിചാര്‍ കേന്ദ്ര എന്ന സംഘടന അതിന്റെ സെക്രട്ടറി മുഖാന്തരം മറ്റൊരു പരാതിയും സമര്‍പ്പിച്ചിരുന്നു. ഫൈസാബാദ് ട്രഷറിയില്‍ സൂക്ഷിച്ചിട്ടുള്ള ഭഗവന്‍ജിയുടെ ലേഖനങ്ങളുടെ പകര്‍പ്പ് നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. കൂടാതെ മുഖര്‍ജി കമ്മീഷന്റെ പക്കല്‍ നിന്നും ഈ ലേഖനങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് മടക്കി നല്‍കുകയോ അല്ലെങ്കില്‍ സുഭാഷ് ചന്ദ്രബോസ് രാഷ്ട്രീയ വിചാര കേന്ദ്രത്തിന് ഇത് നല്‍കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.
27 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പരാതി അംഗീകരിച്ച അലഹബാദ് ഹൈക്കോടതി നേതാജിയുടെ മരണം സംബന്ധിച്ച ദുരൂഹത വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. മുഖര്‍ജി കമ്മീഷന്റെ റിപ്പോര്‍ട്ട് നിരസിക്കാനുണ്ടായ കാരണം വ്യക്തമാക്കാത്ത കേന്ദ്രത്തിന്റെ നടപടിയെ കുറിച്ചും വിധിയില്‍ പരാമര്‍ശിക്കുകയുണ്ടായി.
ഗുമ്നമി ബാബയെ സംബന്ധിച്ച വിഷയത്തില്‍ ശരിയായ അന്വേഷണം നടത്തി സംശയം ദൂരികരിക്കാന്‍ കേന്ദ്രവും ഉത്തര്‍പ്രദേശ് സര്‍ക്കാരും മുന്‍കൈ എടുക്കണമെന്നും ഗുമ്നമി ബാബയുടേതെന്ന് കരുതുന്ന ലേഖനങ്ങള്‍ അദ്ദേഹമൊരു സാധാരണ വ്യക്തി അല്ലെന്നതിന് തെളിവാണെന്നും ബഞ്ച് നിരീക്ഷിച്ചു. കൂടാതെ നേതാജിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും രാം ഭവനിനെ നിത്യ സന്ദര്‍ശകരായിരുന്നുവെന്നും ബഞ്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: