കൊച്ചി: ബാലചിത്രകാരനായിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. വൈകിട്ട് 5.30ന് ഭാരത് ഹോട്ടലിലാണ് പ്രകാശന ചടങ്ങ്.
‘എ ബ്രീഫ് ഹവര്‍ ഓഫ് ബ്യൂട്ടി’ എന്ന തലക്കെട്ടില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന് അമ്മു നായരാണ് തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഫിങ്കര്‍ പ്രിന്റാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഏഴ് വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണത്തിന് കീഴടങ്ങേണ്ടിവന്ന അതുല്യ പ്രതിഭയായിരുന്നു ക്ലിന്റ്. വരയുടെ ലോകത്തിനായി ഏതാണ്ട് 25,000ത്തിലധികം വര്‍ണചിത്രങ്ങളാണ് എഡ്മണ്ട് സംഭാവന ചെയ്തത്.
ക്ലിന്റിന്റെ ബാല്യത്തെക്കുറിച്ചും ചിത്രരചനയെക്കുറിച്ചുമാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്. എഡ്മണ്ടിന്റെ ചിത്രങ്ങളും വരച്ച ചിത്രരചനകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുസ്തകത്തിന്റെ പ്രകാശനം എം.വി.ദേവന്, പ്രൊഫ. എം.കെ.സാനുവിന് നല്കി നിര്‍വഹിക്കും. മുന്‍ എംപി സെബാസ്റ്റ്യന്‍പോള്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സി.എന്‍.കരുണാകരന്, കെ.എം.റോയി, ടി.കലാധരന്‍, ഡോ. ജയശ്രീ സുകുമാരന്‍, പി.വി.മാത്യു, കെ.ബാലസുബ്രഹ്മണ്യം, ശ്രീകുമാരി രാമചന്ദ്രന് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
എറണാകുളം സ്വദേശിനിയായ അമ്മു നായര്‍ മഹാരാജാസ് കോളേജില്‍നിന്നുമാണ് ഇംഗ്ലീഷില്‍ ബിരുദം കരസ്ഥമാക്കിയത്. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദം ചെയ്തുവരികയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: