വഴിനടക്കാന്‍, മാറുമറയ്ക്കാന്‍, ക്ഷേത്രപ്രവേശനത്തിന്, സര്‍ക്കാര്‍ ജോലി ലഭിക്കാന്‍,ന്യായമായ കൂലിക്ക് വേണ്ടി…. അങ്ങിനെ സാമൂഹ്യനീതിക്കായി കേരളത്തില്‍ നടന്ന പോരാട്ടങ്ങളുടെയെല്ലാം തുടക്കം കുറിച്ച സംഘടനയാണ് എസ്എന്‍ഡിപി യോഗം. കേരളം മാനവരാശിക്ക് സംഭാവന ചെയ്ത ശ്രീനാരായണ ഗുരുദേവന് എന്ന അതുല്യനായ മഹാതപസ്വിയുടെ ചിന്തയില്‍ വിരിഞ്ഞ സംഘടനയ്ക്ക് ഇങ്ങിനെയല്ലാതെ പ്രവര്ത്തിക്കാനാവുമായിരുന്നുമില്ല. 1903ല്‍ യോഗം രൂപീകൃതമായ ശേഷം കേരളമണ്ണിലെ ഓരോ ശ്വാസനിശ്വാസങ്ങളിലും ആ സംഘടനയുടെ ജീവവായുവുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും രൂപം കൊള്ളുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിലായിരുന്നു എസ്എന്‍ഡിപിയോഗം. കുമാരനാശാന്, ഡോ.പല്പു,സഹോദരന് അയ്യപ്പന്, സി.വി.കുഞ്ഞുരാമന്, സി.കേശവന്, ആര്.ശങ്കര്‍, പത്രാധിപര്‍ സുകുമാരന്‍, സി.ആര്.കേശവന് വൈദ്യര് തുടങ്ങിയ മഹാരഥന്മാര് അടിച്ചമര്‍ത്തപ്പെട്ട,അവഗണിക്കപ്പെട്ട ഓരോ പിന്നാക്കക്കാരനും വേണ്ടിയാണ് പടപൊരുതിയത്.
എന്തിനൊക്കെ വേണ്ടി യോഗവും യോഗസാരഥികളും അഹോരാത്രം പ്രവര്‍ത്തിച്ചുവോ ആ കാരണങ്ങളെല്ലാം പുതിയ രൂപത്തിലും ഭാവത്തിലും പൂര്‍വാധികം ശക്തിയോടെ കേരളസമൂഹത്തിന് മേല്‍ ചിറകുവിരിച്ചാടുമ്പോള് എസ്.എന്‍.ഡി.പി.യോഗം പ്രവര്‍ത്തകര്‍ക്ക് ഉറക്കം നടിക്കാനാവില്ല. ചരിത്രപരമായ ആ ദൗത്യമാണ് കോഴിക്കോട് ബീച്ചില്‍ ഫെബ്രുവരി രണ്ടിന് നടക്കുന്ന ഈഴവ തീയ മലബാര്‍ മഹാസംഗമം.
‘ജരാരുജാമൃതിഭയമെഴാശുദ്ധ
യശോനിര്‍വാണത്തെയടഞ്ഞ സദ്ഗുരോ
ജയ നാരായണ ഗുരുസ്വാമിന്‍ ദേവാ
ജയ ഭഗവാനേ ജയജഗദ്ഗുരോ’ എന്ന് സഹോദരന് അയ്യപ്പന് സമാധിഗാനത്തില്‍ പറയുന്നു. ഇത് സംശയാലുക്കള്‍ക്കുള്ള ഉചിതമായൊരു മറുപടി കൂടിയാണ്. ഗുരുദേവന് സ്വശരീരനായിരിക്കുമ്പോള് തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഇറ്റലിയില്‍ നിന്ന് കൊണ്ടുവന്ന ഗുരുദേവന്റെ പൂര്‍ണകായപ്രതിമ പ്രതിഷ്ഠിച്ച് ആരാധിച്ചു. ആരാധിക്കപ്പെടുന്ന എല്ലാ ദൈവങ്ങളും ഭൂമിയില്‍ പിറന്നവര്‍ തന്നെയാണെന്നാണ് വിശ്വാസം. ഗുരുദേവനെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നവര്‍ക്കും വികലമായി ചിത്രീകരിക്കുന്നവര്‍ക്കും മലബാര്‍ സംഗമം മറുപടി നല്‍കും.
മലബാറിലെ ഈഴവ തീയ വിഭാഗങ്ങള്‍ എന്നും അവഗണനയുടെ മുള്‍മുനയിലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളും മലബാറിനെ കേരളത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്തിയെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നാക്കവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്ത ശോച്യാവസ്ഥ ഇന്നും മലബാറില്‍ തുടരുന്നതിനു കാരണങ്ങളിലൊന്ന് എസ്.എന്‍.ഡി.പി.യോഗത്തിന്റെ സജീവസാന്നിധ്യത്തിന്റെ അഭാവമായിരുന്നു. മേഖലയിലെ ഭൂരിപക്ഷം വരുന്ന ഈഴവ തീയ വിഭാഗങ്ങളെ അടിമകളെപ്പോലെ കൊണ്ടുനടന്നു വിവിധരാഷ്ട്രീയ നേതൃത്വങ്ങള്‍. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലാനും ചാവാനും വിധിക്കപ്പെട്ട ഇവര്‍ക്ക് അധികാരത്തിന്റെ ഇടനാഴികളില്‍ ഇന്നും അയിത്തം കല്പ്പിച്ചമട്ടാണ്. പഴയകാലത്തെ സവര്‍ണ മേല്‍ക്കോയ്മയേക്കാള്‍ ഇന്ന് കേരളം വിശേഷിച്ച് മലബാര്‍ നേരിടുന്നത് ന്യൂനപക്ഷ മേല്‍ക്കോയ്മയാണ്. എസ്എന്‍ഡിപിയോഗത്തിന് ഇത്തരം സാമൂഹ്യ അനീതികള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. വിദ്യാഭ്യാസ, സാമ്പത്തിക, കാര്‍ഷിക, രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ തീര്‍ത്തും പിന്നാക്കവാസ്ഥയിലായ മലബാറിലെ ഈഴവ തീയ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാമുദായിക ശാക്തീകരണത്തിനും സാമൂഹികനീതി നേടിയെടുക്കാനുമുള്ള സമരപരമ്പരകളുടെ തുടക്കം കൂടിയാണ് മലബാര്‍ സംഗമം.
കേരളസമൂഹത്തിലെ എല്ലാ മേഖലകളിലും സംഘടിത മതന്യൂനപക്ഷങ്ങള്‍ പിടിമുറുക്കുന്ന യാഥാര്‍ത്ഥ്യം മറനീക്കി പുറത്തുവന്നുകഴിഞ്ഞു. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അര്ഹമായത്പോലും നിഷേധിക്കപ്പെടുമ്പോള്‍ അനര്‍ഹമായതും വെട്ടിപ്പിടിക്കുകയാണ് ഇക്കൂട്ടര്‍. ഇടതു വലതു മുന്നണികളുടെ ഭരണം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നതാണ് സത്യം. മുന്നണി സമവാക്യങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്ത് വോട്ടുബാങ്ക് കാട്ടി വിലപേശി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കപ്പെടുകയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ നികുതിപ്പണം കൊണ്ട് ന്യൂനപക്ഷങ്ങളുടെ കീശ നിറക്കുന്ന പണിക്ക് അവസാനം കണ്ടേ തീരൂ. ഈഴവ തീയ വിഭാഗങ്ങളിലെ വരുംതലമുറ പിറന്നമണ്ണില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ട അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിലപേശലില്‍ അഞ്ചാം മന്ത്രിയും ആവശ്യപ്പെടുന്ന സ്കൂളുകള്‍ക്ക് എയ്ഡഡ് പദവിയും എണ്ണാനാവാത്തത്ര മറ്റാനുകൂല്യങ്ങളും വാരിക്കോരി നല്‍കുന്നത് അവരുടെ ശക്തിയെ ഭയന്നാണ്. ഈഴവ, തീയ പിന്നാക്ക വിഭാഗങ്ങളുടെ സംഘടിതശക്തിയിലൂടെ മാത്രമേ ഇത്തരം അനീതികളെ ചെറുത്തുതോല്‍പ്പിക്കാനാവൂ. ആരുടെയും അവകാശങ്ങള്‍ കവരാനല്ല ഈ പോരാട്ടം. തുല്യനീതിക്ക് വേണ്ടി മാത്രമാണ്. കേരളത്തില്‍ ന്യൂനപക്ഷത്തിന് പ്രത്യേക ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇനി ആവശ്യം തന്നെയില്ല. ഇവിടെ ന്യൂനപക്ഷ,ഭൂരിപക്ഷ വ്യത്യാസം നാമമാത്രമായി മാറിക്കഴിഞ്ഞു.ഇക്കണക്കിന് പോയാല്‍ സമീപഭാവിയില്‍ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറിയാലും അത്ഭുതപ്പെടാനില്ല.
കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ വിദ്യാഭ്യാസ രംഗത്ത് നിന്ന് ഈഴവരും തീയരുമുള്പ്പെടെയുള്ള പിന്നാക്കവിഭാഗങ്ങള്‍ നിഷ്കാസിതരാവുകയാണ്.ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണമെടുത്താല്‍ ഈ അസമത്വം തിരിച്ചറിയാം. ഇടതു വലതു സര്‍ക്കാരുകള്‍ മലബാറില്‍ ഇക്കാര്യത്തില്‍ ഈഴവ തീയ വിഭാഗങ്ങളോട് എന്നും നിഷേധാത്മകമായ നിലപാടാണ് പുലര്‍ത്തിയിട്ടുള്ളത്. മലപ്പുറത്ത് അലിഗഡ് മുസ്ലീം സര്‍വകലാശാലാ കേന്ദ്രമനുവദിപ്പിക്കാന് കാണിച്ച ഉത്സാഹം പിന്നാക്കവിഭാഗങ്ങള്‍ക്ക് ഒരു സ്കൂള്‍ നല്കാനെങ്കിലും കാണിക്കണം. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ്, കമ്പ്യൂട്ടര്‍, ഐപാഡ്, സൈക്കിള്‍, ഇരുന്നു പഠിക്കാന്‍ കസേരയും മേശയും തുടങ്ങി ആനുകൂല്യങ്ങളുടെ പെരുമഴയാണ്. ഭൂരിപക്ഷ പിന്നാക്കവിദ്യാര്ത്ഥികളാവട്ടെ വിദ്യാഭ്യാസ ഉച്ഛിഷ്ടത്തിനായി യാചിക്കേണ്ടി വരുന്നു. ഫീസാനുകൂല്യം ലഭിക്കാന്‍ പോലും അവര്‍ കൈനീട്ടി നില്‍ക്കണം.
കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന രീതിയില്‍ രാഷ്ട്രീയനേതൃത്വങ്ങളില്‍ നിന്നും ഭരണകേന്ദ്രങ്ങളില്‍ നിന്നും ഈഴവ തീയരുള്പ്പെടെയുള്ള പിന്നാക്കക്കാര്‍ അന്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. വെറും വോട്ടുകുത്തിയന്ത്രങ്ങള്‍ മാത്രമായി ഇവര്‍. വിപ്ലവപാര്‍ട്ടികളില്‍ പോലും രണ്ടാം നിരയില്‍ പിന്നാക്ക നേതാക്കള്‍ നാമമാത്രമാണ്. മുസ്ലീം ലീഗും കേരളകോണ്‍ഗ്രസും പോലുള്ള പാര്‍ട്ടികളാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഉദ്യോഗസ്ഥതലങ്ങളിലെ താക്കോല്‍ സ്ഥാനങ്ങളില്‍ അധികവും ന്യൂനപക്ഷ സമുദായക്കാരാണ്. യാഥാര്‍ത്ഥ്യങ്ങള്‍ പറയുമ്പോള്‍ വര്‍ഗീയതയും ജാതീയതയുമാണെന്ന ആക്ഷേപങ്ങള്‍ കൊണ്ട് അധികകാലം നേരിടാനാവില്ല.
മലപ്പുറം പോലുള്ള വടക്കന്‍ ജില്ലകളില്‍ ഈഴവ തീയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മൃതദേഹം സംസ്കരിക്കാന്‍ പോലും ഭൂമിയില്ലാത്ത സ്ഥിതിയുണ്ട്. മലബാറിലുള്‍പ്പെടെ വന്‍കിട എസ്റ്റേറ്റുകള്‍ മുതല്‍ കൃഷിനിലങ്ങള്‍ വരെ ചില മതവിഭാഗക്കാര്‍ ഒന്നടങ്കം വാങ്ങിക്കൂട്ടുകയാണ്. ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഇക്കൂട്ടര്‍ അനര്‍ഹമായി കൈയടക്കുന്നത്. സമ്പത്തും ഭൂമിയും പ്രത്യേക വിഭാഗങ്ങളുടെ മാത്രം സ്വന്തമാകുന്നു. സ്വതവേ ദരിദ്രരായ പിന്നാക്കക്കാരെ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയുംവരെ ഭൂമി വില്‍പ്പിച്ച് ഒഴിവാക്കി ചില ന്യൂനപക്ഷമേഖലകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മലബാറിലെ ചെറുകിട കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും പിന്നാക്കവിഭാഗക്കാരാണ്. നാളികേരം,അടയ്ക്ക, നെല്ല്, പച്ചക്കറി തുടങ്ങി ഇവരുടെ കാര്‍ഷിക മേഖലകളെല്ലാം തകര്‍ന്നടിഞ്ഞു. സാധാരണക്കാരായ ഈ കര്‍ഷകരെ ആത്മഹത്യാമുനമ്പുകളില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സര്‍ക്കാരും മുന്നോട്ടുവരുന്നില്ല.
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെല്ലാം തന്നെ പിന്നാക്ക വിഭാഗക്കാരുടെ ജീവിതോപാധികളായിരുന്നു. ഇവയെല്ലാം തകര്‍ന്നടിഞ്ഞുകഴിഞ്ഞു. പാവപ്പെട്ട സ്ത്രീകളുള്‍പ്പെടെ ദശലക്ഷക്കണക്കിന് പേരാണ് തൊഴിലില്ലാതെ വലയുന്നത്. നെയ്ത്ത്,കയര്‍, കള്ള്, കശുഅണ്ടി, ബീഡി,കളിമണ്ണ് തുടങ്ങി പ്രധാന തൊഴില്‍മേഖലകളെ പുനരുദ്ധരിക്കാനുള്ള ക്രിയാത്മകമായ ഒരു നടപടിയും സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. അസംഘടിതരായ ദരിദ്ര പിന്നാക്കവിഭാഗങ്ങളുടെ ദൗര്‍ബല്യമാണ് ഇതിന് കാരണം. സാമുദായിക ശാക്തീകരണത്തിലൂടെ വിലപേശി രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിക്കാനും സ്വപരിശ്രമത്തിലൂടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ആര്‍ജിക്കാനും പിന്നാക്ക വിഭാഗങ്ങള്‍ ഇനിയും വൈകരുത്.
ഈഴവ തീയ വിഭാഗങ്ങളിലുള്‍പ്പെടെയുള്ള മലബാറിലെ പിന്നാക്ക സമുദായക്കാര്‍ക്കും അവരുടെ വരുംതലമുറയ്ക്കും അന്തസോടെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കല്‍ കൂടിയാണ് ഈഴവ തീയ മഹാസംഗമത്തിന്റെ പ്രധാന ലക്ഷ്യം. എസ്.എന്‍.ഡി.പി. യോഗത്തിന്റെ പോരാട്ടങ്ങള്‍ ആരുടെയും അവകാശങ്ങള്‍ കവരാനല്ല. സമത്വത്തിനും സമുദായ നീതിയിലധിഷ്ഠിതമായ സാമൂഹ്യനീതിക്കും വേണ്ടിയാണ്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന ഗുരുദേവ സന്ദേശത്തെ മുറുകെപ്പിടിച്ച് മതേതരത്വത്തിലും മതനിരപേക്ഷതയിലും ഊന്നിക്കൊണ്ട് മതസൗഹാര്‍ദത്തിന്റെയും സമന്വയത്തിന്റെയും ഭൂമിയാക്കി കേരളത്തെ മാറ്റാനുള്ള ആത്മാര്‍ത്ഥമായ ശ്രമം കൂടിയാണ് മലബാര്‍ സംഗമം. മലബാറിലെ പിന്നാക്കജനതയുടെ വിമോചനകാഹളം കൂടിയായി ഈ മഹാസമ്മേളനം മാറും.
തുഷാര്‍ വെള്ളാപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: