ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികന്റെ തല വെട്ടിമാറ്റിയ ഭീകരന് പാക് ചാര സംഘടനയായ ഐ എസ് ഐ അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കിയതായി റിപ്പോര്‍ട്ട്. നിയന്ത്രണ രേഖ ലംഘിച്ചെത്തിയ പാക് സൈന്യം പ്രകോപനം കൂടാതെ രണ്ട് സൈനികരെ വെടിവച്ചുകൊല്ലുകയും ഒരാളുടെ തല വെട്ടിമാറ്റുകയും മൃതദേഹം വികൃതമാക്കുകയും ചെയ്യുകയായിരുന്നു. ജനുവരി എട്ടിനാണ് സംഭവം നടന്നത്. ഭീകരരുടെ സഹായത്തോടെ ഐഎസ്ഐ ആണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ലഷ്കര്‍ ഭീകരനായ അന്‍വര്‍ ഖാനാണ് ഹേംരാജിന്റെ ശിരസ് വെട്ടിമാറ്റിയതെന്നും മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 ല്‍ മേണ്ടാര് സെക്ടറില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ തല വെട്ടിമാറ്റിയിരുന്നു. ഈ സംഭവത്തിലും ഖാന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഐഎസ്ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്കറിലേയും ജയ്ഷെ ഇ മുഹമ്മദിലേയും അംഗങ്ങളാണ് ഇന്ത്യന്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയത്.
ലാന്‍സ് നായിക് ഹേംരാജിന്റെ തല വെട്ടിമാറ്റുകയും ലാന്‍സ് നായിക് സുധാകര്‍ സിംഗിന്റെ മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് പിന്നിലെ ബുദ്ധികേന്ദ്രം ഐഎസ്ഐ ആണെന്ന് എംഐയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ അതിര്‍ത്തിയില്‍ കലാപം അഴിച്ചുവിടുന്നതിനും ഭീകരര്‍ പദ്ധതി ഇട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഐഎസ്ഐയിലെ നിരവധി ഉദ്യോഗസ്ഥരുടെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഈ വസ്തുതകള്‍ പാക്കിസ്ഥാന് നേര്‍ക്കാണ് വിരല്‍ ചൂണ്ടുന്നത്. തല വെട്ടിമാറ്റുകയെന്നത് നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസ്ഐ ഓഫീസര്‍ നേതൃത്വം നല്കുന്ന 15 അംഗ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആണ് സംഭവ ദിവസം മേണ്ടര്‍ പ്രദേശത്ത് പതിയിരുന്ന് സൈനികരെ ആക്രമിച്ചത്. ബ്രിഗേഡിയര്‍ പദവിയുള്ള ഐഎസ്ഐ ഓഫീസര്‍ ആക്രമണം വീക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് അധീന കാശ്മീരിലെ റാവല്‍കോട്ടില്‍ വച്ച് ആക്രമണത്തിന് ഏതാനും ദിവസം മുമ്പ് മുതിര്‍ന്ന ഐഎസ്ഐ ഓഫീസര്‍മാരും ഭീകര കമാണ്ടര്‍മാരും ഗൈഡുകളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയത് ബ്രിഗേഡിയര്‍ തലത്തിലുള്ള ഐഎസ്ഐ ഓഫീസറായിരുന്നു. കേണല്‍ സിദ്ധിഖി, ആസാദ് ഖാന്, യൂസഫ് ഖാന്, മേജര്‍ അബ്ബാസി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
നിയന്ത്രണ രേഖയിലെ ഭൂപ്രകൃതി സംബന്ധിച്ച് വ്യക്തമായി അറിയാവുന്ന നിരവധി ഗൈഡുകളും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചതായി മിലിട്ടറി ഇന്റലിജന്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ കൂടി നുഴഞ്ഞ് കയറുന്നതിന് ഭീകരര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുക മാത്രമല്ല ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നതിനും ഗൈഡുകള്‍ക്ക് നിര്‍ദ്ദേശം നല്കിയതും കൂടിക്കാഴ്ചയില്‍ വച്ചായിരുന്നു.
ഇന്ത്യയില്‍ കുഴിബോംബ് സ്ഥാപിക്കുന്നതിന് 5,000 രൂപയും ഇന്ത്യന്‍ സൈനികനെ കൊല്ലുന്നതിന് 10,000 രൂപയും ജവാന്റെ തല വെട്ടിമാറ്റുന്നതിന് അഞ്ച് ലക്ഷം രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്ന ഗൈഡുകള്‍ക്ക് 2,000 രൂപ മുതല്‍ 12,000 രൂപ വരെയാണ് പ്രതിഫലമായി നല്‍കിയിരുന്നതെന്നും രഹസ്യ രേഖയില്‍ പറയുന്നു.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നും പ്രദേശവാസികളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്കി ലോക്കല്‍ ഗൈഡുകളായി റിക്രൂട്ട് ചെയ്യുന്നതിന് പാക് സൈന്യം നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ ജവാന്മാരുടെ ദൈനംദിന നീക്കങ്ങള്‍ ഭീകരര്‍ നിരീക്ഷിച്ചിരുന്നതായും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: