ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിനപരേഡില്‍ മികച്ച നിശ്ചല ദൃശ്യത്തിനുള്ള സമ്മാനം കേരളത്തിന് ലഭിച്ചത് വിവാദത്തില്‍. കേരള സംസ്കാരവുമായി ബന്ധമില്ലാത്ത ഹൗസ് ബോട്ടായിരുന്നു സംസ്ഥാനം അവതരിപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ തനത് സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിശ്ചല ദൃശ്യമാക്കിയപ്പോഴായിരുന്നു ഇത്.
കെട്ടുവള്ളവും ചുണ്ടന് വള്ളവുമൊക്കെ കേരളത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ വിനോദസഞ്ചാരികള്‍ക്കായി മാത്രം ഉദ്ദേശിച്ചുള്ള ഹൗസ് ബോട്ട് ഏതു തരത്തിലാണ് കേരളസംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ബോട്ടില്‍ വലിയ ക്രിസ്തുമസ് നക്ഷത്രം തൂക്കിയിരുന്നതും വിവാദമായിരുന്നു. എന്നിട്ടും കേരളത്തിനു തന്നെ സമ്മാനം കൊടുത്തതാണ് പലരുടേയും നെറ്റി ചുളിപ്പിച്ചത്. കേന്ദ്ര പ്രതിരോധ വകുപ്പാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്. സ്വാമി വിവേകാനന്ദനെ ചിത്രീകരിച്ച പശ്ചിമ ബംഗാളിന്റെ നിശ്ചല ദൃശ്യത്തിന് ഒന്നാം സ്ഥാനം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കേരളത്തിന് സ്വര്‍ണ്ണമെഡല്‍ കിട്ടിയത്. കായല്‍ സഞ്ചാരത്തിന്ശേഷം കരയിലേക്കടുക്കുന്ന രീതിയില്‍ രൂപ കല്പന ചെയ്ത ഹൗസ് ബോട്ടില്‍ പത്ത് കലാകാരന്മാരാണുണ്ടായിരുന്നത്. ബാല്‍ക്കണിയില്‍ വിശ്രമിക്കുന്ന യൂറോപ്യന്‍ സഞ്ചാരി, ബൈനോക്കുലറിലൂടെ കായല്‍ക്കാഴ്ചകള്‍ വീക്ഷിക്കുന്ന സ്വര്ണ്ണത്തലമുടിയുളള പെണ്‍കുട്ടി, ബോട്ടിന്റെ ജനാലയില്‍ വിശ്രമിക്കുന്ന വിദേശ ദമ്പതികള്‍, മധുവിധുവിനെത്തിയ പഞ്ചാബി ദമ്പതികള്‍, കായല്‍ ഭംഗി ക്യാമറയില്‍ പകര്‍ത്തുന്ന നീഗ്രോ യുവതി, കായല്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്ന ഫ്രഞ്ച് യുവാവ്, ഇളനീര് വിതരണം ചെയ്ത് സഞ്ചാരികളെ ഹൃദ്യമായി പരിപാലിക്കുന്ന പരിചാരകന്, ഇവയൊന്നും ശ്രദ്ധിക്കാതെ ബോട്ടോടിക്കുന്ന സ്രാങ്ക് ഇതൊക്കെയായിരുന്നു ഹൗസ്ബോട്ടിലെ കാഴ്ച്ചകള്‍. തീമിനു യോജിക്കുന്ന വിധത്തിലുളള കലാകാരന്മാരുടെ ശരീര ഭാഷയും യോജിച്ച വേഷ വിധാനവും ഹൃദ്യമായ ആശയ വിനിമയവും ബോട്ടിന്റെ രൂപ കല്പനയും പശ്ചാത്തല സംഗീതവുമാണ് കേരളത്തിന് ഈ വിജയം നേടിത്തന്നതെന്ന് പി ആര് ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സന്തോഷ് കുമാര്‍ പറഞ്ഞു.
കൊല്‍ക്കൊത്തയില്‍ നിന്നുളള ബാപ്പാ ചക്രവര്‍ത്തിയാണ് ടാബ്ലോ രൂപ കല്്പന ചെയ്തത്. ഇന്ന് പതിനൊന്നിന് രാഷ്ട്രീയ രംഗശാല ക്യാമ്പില്‍ നടക്കുന്ന ചടങ്ങില്‍ പി ആര് ഡി വകുപ്പ് സെക്രട്ടറി ടി. ജെ. മാത്യുവും ഡയറക്ടര്‍ എ. ഫിറോസും ചേര്‍ന്ന് പ്രതിരോധ മന്ത്രി എ. കെ. ആന്റണിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
28 സംസ്ഥാനങ്ങള്‍ അയച്ച എന്‍ട്രികള്‍ വിദഗ്ദ്ധ സമിതിയുടെ ഘട്ടം ഘട്ടമായുളള വിലയിരുത്തലുകള്‍ക്കു ശേഷം അവസാന റൗണ്ടിലേക്ക് പരിഗണിക്കപ്പെട്ടപ്പോള്‍ കേരളം ഉള്‍പ്പെടെ പതിനാല് സംസ്ഥാനങ്ങള്‍ക്കാണ് അവസരം ലഭിച്ചത്.
2007 ല്‍ അവതരിപ്പിച്ച പൂരത്തിനും 2009 ല്അവതരിപ്പിച്ച ഓണത്തിനും കേരളം സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നു. 2003 ല്അവതരിപ്പിച്ച തെയ്യം വെളളിമെഡല്‍ നേടി. 1996 ലെ സ്പൈസസ് ബോട്ടാണ് കേരളത്തിന് ആദ്യമായി സ്വര്‍ണ്ണമെഡല്‍ നേടിത്തന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: