ഇസ്ലാമാബാദ്: കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പാക്കിസ്ഥാനിലെ മുഖ്യപ്രതിപക്ഷമായ പിഎംഎല്‍-എന്‍. 1999ല്‍ സൈനികമേധാവി പര്‍വേസ് മുഷറഫ് ആസൂത്രണം ചെയ്തതായിരുന്നു യുദ്ധം എന്നും മുഷറഫിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കാര്‍ഗിലിലെ തന്ത്രപ്രധാനമേഖലകള്‍ പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയതെന്നും ആരോപണമുയര്‍ന്നിരുന്നു. പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് ഇക്കാര്യമറിയാമായിരുന്നെന്നും ഐഎസ്ഐ മുന്‍ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറല്‍ ഷാഹിദ് അസീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്ത് അനാലിസിസ് വിഭാഗത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു.
പിഎംഎല്‍-എന്‍ അധികാരത്തിലിരിക്കുമ്പോഴായിരുന്നു കാര്‍ഗില്‍ യുദ്ധം നടന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തുക എന്നതല്ലാതെ മറ്റ് പോംവഴിയില്ലെന്ന് മുതിര്‍ന്ന പിഎംഎല്‍-എന്‍ നേതാവ് ചൗധരി നിസാര്‍ അലി ഖാന് പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം അഞ്ഞൂറ് പേര് കൊല്ലപ്പെട്ട കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഇതുവരെ അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യ ഇതേക്കുറിച്ച് അന്വേഷണം നടത്തുകയും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഒരു സൈനികോദ്യാഗസ്ഥരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണം സഹായകമാകുമെന്നും അലിഖാന് ചൂണ്ടിക്കാട്ടി.
കാര്‍ഗില്‍ യുദ്ധത്തെ അതിരൂക്ഷമായാണ് ലെഫ്റ്റനന്റ് ജനറല്‍ ഷാഹിദ് അസീസ് വിമര്‍ശിച്ചത്. യുദ്ധത്തില്‍ യഥാര്‍ത്ഥത്തില്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടു എന്നതിന് ഇന്നും വ്യക്തമായ കണക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.നിരായുധരായ പാക് സൈനികരെ തോക്കിന് കുഴലിലേക്ക് തള്ളിവിടുകയായിരുന്നെന്നും സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രശസ്തിക്കും പദവിക്കും വേണ്ടി പലപ്പോഴും യുദ്ധം ആസൂത്രണം ചെയ്യുകയാണെന്നും ഷാഹിദ് അസീസ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: