കൊച്ചി: ജില്ലയില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൈപ്പുകളിലൂടെയുള്ള ജലവിതരണം കാര്യക്ഷമമാക്കാന്‍ വാട്ടര്‍ അതോറിറ്റിയും കനാലുകളിലൂടെയുള്ള ജലവിതരണത്തിന്റെ തടസങ്ങള്‍ നീക്കാന്‍ ജലസേചന വകുപ്പും സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു.
പെരുമ്പാവൂര്‍ മേഖലയില്‍ മട്ടിമണല്‍ നിര്‍മാണത്തിനെതിരെ നടപടി സ്വീകരിച്ചതായി മൈനിങ് ആന്റ് ജിയോളജി വകുപ്പ് അറിയിച്ചു. ഖാനനം പൂര്‍ണമായി ഇല്ലാതാക്കാന്‍ മറ്റ് വകുപ്പുകളുടെ സഹകരണം വേണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാതയോരങ്ങളിലെ അനധികൃത കച്ചവടസ്ഥാപനങ്ങളും ഫ്ലെക്സ് ബോര്‍ഡുകളും നീക്കംചെയ്തു വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ഹോട്ടലുകളില്‍ ഭക്ഷണവില ഏകീകരണം നടപ്പാക്കാന്‍ ഉടമകളുടെ നിസഹകരണം മൂലം കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ അറിയിച്ചു. സാധനങ്ങളുടെ ഗുണമേന്മ, സ്ഥല വാടക തുടങ്ങിയ ഘടകങ്ങള്‍ പലയിടത്തും വ്യത്യസ്തമാണെന്നാണ് ഹോട്ടലുടമകളുടെ വാദം. അതേസമയം വിലവിവരപ്പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി. രാമചന്ദ്രന്, എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്, വി.പി. സജീന്ദ്രന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: