ചെന്നൈ: കമലഹാസന്റെ വിശ്വരൂപം സിനിമ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് അനുവാദം നല്കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ചാണ് സ്റ്റേ ചെയ്തത്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രദര്‍ശനത്തിന് തമിഴനാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മദ്രാസ് ഹൈക്കോടതി നീക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കമലഹാസന് അറിയിച്ചു.
ക്രമസമാധാന പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരിന്റെ വാദം ശരിയായി പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയെന്ന് സര്‍ക്കാര്‍ പുതിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിവിധിക്കെതിരെ അപ്പീല്‍ നല്കുവാനും കമലഹാസന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസിന്റെ അടുത്ത വിചാരണ തിങ്കളാഴ്ച്ച ആരംഭിക്കും. തിങ്കളാഴ്ചക്കുള്ളില്‍ വിശദീകരണം നല്കുവാനും കമലഹാസനോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സിനിമയിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന് കമലഹാസന് അറിയിച്ചു. ഹൈക്കോടതി വിധിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കോടികള്‍ മുടക്കി താന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഒരിക്കലും മുസ്ലീം വിരുദ്ധമല്ലെന്നും കമലഹാസന് ആവര്‍ത്തിച്ചു. മുസ്ലീം സംഘടനകളുമായും അവരുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്. കോടതി വിധിയെത്തുടര്‍ന്ന് ചിത്രം തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: