കൊല്ലം: മൂന്ന്സെന്റ് ഭൂമി വാങ്ങി മിണ്ടാതിരിക്കാന്‍ പട്ടികജാതി സമൂഹത്തെ കിട്ടില്ലെന്ന് പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതി നേതാക്കള്‍. അടുക്കള കുത്തി അടക്കം ചെയ്യേണ്ട ഗതികേടില്‍ കഴിയുന്ന സമൂഹത്തിന് മൂന്ന്സെന്റ് ഭൂമിയെന്ന നക്കാപ്പിച്ച നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംയുക്ത സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി തഴവ സഹദേവന് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
പട്ടികജാതിക്കാരന്റെ ആവശ്യങ്ങള്‍ പറയാന്‍ ഒരു രാഷ്ട്രീയക്കാരന്റെയും ഔദാര്യം വേണ്ട. 35ലക്ഷം വരുന്ന പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തില്‍ അറുപതിനായിരം പേരുടെ പിന്തുണയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറയുന്നത്. ആ അറുപതിനായിരത്തെക്കണ്ട് പട്ടികജാതി സമൂഹത്തെ ഭരിക്കാന്‍ ഇറങ്ങണ്ട. പിണറായിയുടെ പട്ടികജാതി ക്ഷേമസമിതിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഈ മൂന്ന്സെന്റ് ഭൂമിയുടെ ഔദാര്യമെന്നും സഹദേവന് ആരോപിച്ചു.
രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കുക, രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയുക, പട്ടികവിഭാഗക്കാരെ ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും ഒഴുക്കിവിടാനുള്ള പട്ടികജാതി പദവി പങ്കിടല്‍ നടപടി അവസാനിപ്പിക്കുക തുടങ്ങി ഇരുപത്തൊന്നിന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സംയുക്തസമിതി പ്രക്ഷോഭം ആരംഭിക്കുകയാണെന്ന് സഹദേവന് പറഞ്ഞു.
ഇതിന്റെ ഭാഗമായി ഫെബ്രുവരി ഒമ്പതിന് എംഎല്‍എമാരുടെ ഓഫീസിലേക്ക് മാര്‍ച്ചും 1,2 തീയതികളില്‍ ജില്ലാ വാഹനജാഥയും നടത്തും.
ഫെബ്രുവരി ഒന്നിന് രാവിലെ പത്തിന് പുനലൂരില്‍ നിന്നും സമിതി സംസ്ഥാന വൈസ്ചെയര്‍മാന്‍ മുളവന തമ്പി ജാഥ ഉദ്ഘാടനം ചെയ്യും. പത്തനാപുരം, കൊട്ടാരക്കര, വെളിയം, ചാത്തന്നൂര്‍, കൊട്ടിയം, കുണ്ടറ. ചിറ്റുമല, ഭരണിക്കാവ്, കരുനാഗപ്പള്ളി, ചവറ, കാവനാട് വഴി കൊല്ലം ചിന്നക്കടയില്‍ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിന് സമാപിക്കും. സമാപന സമ്മേളനം സംയുക്തസമിതി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി തഴവ സഹദേവന് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഒമ്പതിന് നടക്കുന്ന എംഎല്‍എമാരുടെ ഓഫീസിലേക്കുള്ള മാര്‍ച്ച് പുനലൂരില്‍ കെപിഎംഎസ് അസി. സെക്രട്ടറി ജി. സുരേന്ദ്രനും പത്തനാപുരത്ത് കെഎസ്എസ് ജില്ലാ സെക്രട്ടറി അമ്പാടി ബാലകൃഷ്ണനും കൊട്ടാരക്കരയില്‍ കെഎസ്എസ്എസ് നേതാവ് എസ്. കുഞ്ഞുകുഞ്ഞും കുണ്ടറയില്‍ കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം എം. ശിവപ്രസാദും കൊല്ലത്ത് കെടിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോപാലനും ചവറയില്‍ കെപിഎംഎസ് ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജനും കരുനാഗപ്പള്ളിയില്‍ സംയുക്തസമിതി ജില്ലാ പ്രസിഡന്റ് ഒ. കുഞ്ഞുപിള്ളയും കുന്നത്തൂരില്‍ ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജനും ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഒ. കുഞ്ഞുപിള്ള, ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന്, ജാഥ ക്യാപ്റ്റന്‍ എസ്. കുഞ്ഞ്കുഞ്ഞ്, സംയുക്തസമിതി സംസ്ഥാന നേതാക്കളായ എന്‍. വേലായുധന്, കെ. ഗോപാലന്, ജി. സുരേന്ദ്രന്, തട്ടാശ്ശേരി രാജന്, ചിറ്റയം രാമചന്ദ്രന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: